ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ കേദാർനാഥ് സന്ദർശനത്തെ പരിഹസിച്ച് നടൻ പ്രകാശ് രാജ്. ദി ലൈ ലാമ (നുണയനായ ലാമ) എന്നാണ് മോദിയെ പ്രകാശ് രാജ് ട്വിറ്റർ കുറിപ്പിൽ വിശേഷിപ്പിച്ചത്. ''വസ്‌ത്രശേഖരത്തിനും കാമറാസംഘത്തിനും ഫാഷൻ ഷോയ്‌ക്കും പണം മുടക്കുന്ന, ഒരു പഴ്‌സ് പോലും ഇല്ലാത്ത പ്രിയപ്പെട്ട സന്യാസി" - മോദിയുടെ ചിത്രങ്ങൾ പങ്കുവച്ച് അദ്ദേഹം പരിഹസിച്ചു.
കഴിഞ്ഞദിവസം, മോദി ധ്യാനത്തിലിരുന്നപ്പോഴും പ്രകാശ് രാജ് പരിഹാസം നിറഞ്ഞ ഫേസ്ബുക്ക് പോസ്റ്റുമായി രംഗത്തെത്തിയിരുന്നു. റോൾ കാമറ, ആക്‌ഷൻ എന്ന തലക്കെട്ടോടെയാണ് മോദി ധ്യാനത്തിലിരിക്കുന്ന ചിത്രം അദ്ദേഹം ഫേസ്ബുക്കിൽ പങ്കുവച്ചത്. കാമറയ്‌ക്കൊപ്പമുള്ള ധ്യാനമെന്നും മോദിയുടെ ധ്യാനത്തെ അദ്ദേഹം വിശേഷിപ്പിച്ചിരുന്നു.
കേദാർനാഥ്, ബദ്രിനാഥ് എന്നിവിടങ്ങളിലായി രണ്ടു ദിവസത്തെ സന്ദർശനത്തിനാണു മോദി എത്തിയത്. കാവിയുടുത്തു രുദ്രഗുഹയിൽ പ്രാർത്ഥിക്കുന്നതടക്കമുള്ള ചിത്രങ്ങൾ മാദ്ധ്യമങ്ങളിൽ വ്യാപകമായി പ്രചരിച്ചിരുന്നു. അതേസമയം, മോദിയുടെ സന്ദർശനത്തിനെതിരെ പ്രതിപക്ഷ പാർട്ടികൾ ശക്തമായി പ്രതിഷേധിച്ചു. പെരുമാറ്റച്ചട്ടം ലംഘിച്ചെന്നാരോപിച്ച് മമതാ ബാനർജിയുടെ നേതൃത്വത്തിൽ തൃണമൂൽ തിരഞ്ഞെടുപ്പു കമ്മിഷനെ സമീപിച്ചു. വോട്ടർമാരെ സ്വാധീനിക്കാനുള്ള മോദിയുടെ നീക്കമാണിതെന്ന് ആരോപിച്ച് കോൺഗ്രസ് അടക്കമുള്ള പാർട്ടികളും രംഗത്തെത്തി.