ന്യൂഡൽഹി: തിരഞ്ഞെടുപ്പ് അവസാനിച്ച വേളയിൽ സഖ്യചർച്ചകൾ ആരംഭിക്കാനൊരുങ്ങി പ്രതിപക്ഷ പാർട്ടികൾ. ഞായറാഴ്ച കൂടിക്കാഴ്ച നടത്താനൊരുങ്ങിയിരിക്കുകയാണ് കോൺഗ്രസ് നേതാക്കളായ സോണിയയും രാഹുലും മായാവതിയും. സഖ്യ സാധ്യതകൾ വിലയിരുത്താനും സഖ്യത്തിലേക്ക് എത്തിച്ചേരാനുമുള്ള ശ്രമങ്ങൾ നടത്താനാണ് ഈ കൂടിക്കാഴ്ച എന്നാണ് ലഭിക്കുന്ന സൂചന.
തന്റെ തിരഞ്ഞെടുപ്പ് പ്രചാരണത്തിൽ ഉടനീളം എതിർപ്പാർട്ടികളെ ആക്രമിക്കുന്ന കൂട്ടത്തിൽ കോൺഗ്രസിനെയും മായാവതി വെറുതെ വിട്ടിരുന്നില്ല. ഒരേ സ്വരത്തിലാണ് മായാവതി ബി.ജെ.പിയെയും കോൺഗ്രസിനെയും രാഷ്ട്രീയമായി ആക്രമിച്ചത്. ഇതിനായി അവർ പഴയ ശത്രുവായ സമാജ്‌വാദി പാർട്ടിയെയും കൂട്ടുപിടിച്ചിരുന്നു. മുൻപ് നിരവധി തവണ പ്രതിപക്ഷ പാർട്ടികൾ കൂടിക്കാഴ്ചകൾ നടത്തിയിരുന്നു.
ജെ.ഡി.എസ് നേതാവ് എച്ച്.ഡി. കുമാരസ്വാമി കർണാടക മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യുന്ന വേളയിലാണ് ഇതിനു മുൻപ് മൂന്ന് നേതാക്കളും ഒന്നിച്ച് ചേർന്നത്. അന്ന് മൂവരും തമ്മിൽ സൗഹൃദപരമായ അന്തരീക്ഷം ആയിരുന്നെങ്കിൽ പിന്നീട് അത് മാറിമറിയുകയായിരുന്നു. ഇതിനു ശേഷം മദ്ധ്യപ്രദേശ് നിയമസഭാ തിരഞ്ഞെടുപ്പിന്റെ വേളയിൽ ഇരു പാർട്ടികൾക്കും സഖ്യം രൂപീകരിക്കുന്നതിൽ പരാജയപ്പെട്ടു.
പിന്നീട് ബി.ജെ.പിയോടൊപ്പം തന്നെ മായാവതി കോൺഗ്രസിനെയും തന്റെ ശത്രുവായി കണക്കാക്കുകയായിരുന്നു. മായാവതി,ഗാന്ധി കൂടിക്കാഴ്ചയ്ക്ക് ചുക്കാൻ പിടിക്കുന്നത് ആന്ധ്രാ പ്രദേശ് മുഖ്യമന്ത്രിയും ടി.ഡി.പി. നേതാവുമായ ചന്ദ്രബാബു നായിഡു എന്നാണ് റിപ്പോർട്ടുകൾ. സീതാറാം യെച്ചൂരി, ചന്ദ്രശേഖര റാവു, ശരദ് പവാർ അഖിലേഷ് യാദവ് മായാവതി തുടങ്ങി വിവിധ പ്രതിപക്ഷ നേതാക്കളുമായി ഇതിനുമുൻപ് ചന്ദ്രബാബു നായിഡു കൂടിക്കാഴ്ച നടത്തിയിരുന്നു. ഇന്ന് വീണ്ടും നായിഡുവുമായി രാഹുൽ ഗാന്ധിയും കൂടിക്കാഴ്ച നടത്തി. ടി.ഡി.എസ്. നേതാവ് കെ.ചന്ദ്രശേഖർ റാവുവും ആയുള്ള കൂടിക്കാഴ്ച വിജയമാണെന്നാണ് നായിഡു പറയുന്നത്.
എൻ.ഡി.എ. സഖ്യത്തിന് സീറ്റുകൾ കുറയാൻ സാധ്യതയുണ്ടെന്നും അതിനാൽത്തന്നെ പ്രതിപക്ഷ പാർട്ടികൾക്ക് അധികാരം പിടിക്കാനുള്ള സാധ്യത ഏറെയാണെന്നും ചന്ദ്രബാബു നായിഡു കോൺഗ്രസ് നേതൃത്വത്തെ ബോധ്യപ്പെടുത്തിയിട്ടുണ്ട്. അങ്ങനെയാണ് സഖ്യ ശ്രമങ്ങൾക്ക് തുടക്കമിടുന്നത്. രാഹുൽ ഗാന്ധിയെ കോൺഗ്രസ് അധ്യക്ഷൻ സ്ഥാനം ഏൽപ്പിച്ചെങ്കിലും, യു.പി.എ. ചെയർപേഴ്സൺ ആയി തുടരുന്ന സോണിയ ഗാന്ധിയാണ് പ്രതിപക്ഷ ചർച്ചകൾക്ക് നേതൃത്വം വഹിക്കുക.