election-2019

എക്‌സിറ്റ് പോൾ ഫലങ്ങളെ എത്രത്തോളം വിശ്വാസത്തിലെടുക്കാമെന്ന ചോദ്യം ആദ്യമേ മാറ്റിവയ്‌ക്കുക. രാജ്യചരിത്രത്തിലെ ഏറ്റവും നിർണായകമായ തിരഞ്ഞെടുപ്പു ഫലം പുറത്തുവരാൻ രണ്ടു ദിവസം കൂടി ബാക്കിയിരിക്കെ, വോട്ടർമാരുടെ മനസ്സിലേക്കു തുറക്കുന്ന മറ്റൊരു വാതിലും മുന്നിലില്ല.

കണക്കെടുപ്പിന് മറുവഴികളില്ലാതിരിക്കെ, പുറത്തുവന്ന എക്‌സിറ്റ്പോൾ ഫലങ്ങൾ വിലയിരുത്തിയാൽ വോട്ടെടുപ്പു കാലത്ത് രൂപപ്പെട്ട പൊതു രാഷ്‌ട്രീയ വിചാരങ്ങളെ അർത്ഥശൂന്യമാക്കുന്നതാകും അത്. മുൻ തിരഞ്ഞെടുപ്പിൽ ബി.ജെ.പിയെ ഒറ്റയ്‌ക്ക് കേവല ഭൂരിപക്ഷത്തിനു തൊട്ടരികിലെത്തിച്ചത് മോദി പ്രഭാവം മാത്രമായിരുന്നെങ്കിൽ, ഇത്തവണ അത്തരമൊരു തരംഗമില്ലെന്ന് രാഷ്‌ട്രീയ ജ്യോതിഷികളെല്ലാം വിധിയെഴുതി കാത്തിരിപ്പായിരുന്നു. ന്യായങ്ങളുമുണ്ടായിരുന്നു വേണ്ടത്ര: നോട്ട് നിരോധനം, ജി.എസ്.ടി, കർഷക ആത്മഹത്യകളും പ്രക്ഷോഭങ്ങളും, വർദ്ധിക്കുന്ന തൊഴിലില്ലായ്‌മ, ന്യൂനപക്ഷങ്ങൾക്കെതിരായ അക്രമങ്ങൾ... എല്ലാറ്റിനും മീതെ റഫാൽ വിമാന ഇടപാടിൽ ആരോപിക്കപ്പെട്ട അഴിമതികളും!

താൻ രാജ്യത്തിന്റെ കാവൽക്കാരനെന്ന് സ്വന്തം ചിത്രത്തിന് അടിക്കുറിപ്പെഴുതിയ മോദിക്കു നേരെ, ചൗക്കിദാ‌ർ ചോർ ഹെ- പ്രചാരണമായിരുന്നു കോൺഗ്രസിന്റെ മുഖ്യ യുദ്ധതന്ത്രം. അതിനു നേതൃത്വം നൽകിയതാകട്ടെ, കോൺഗ്രസ് അദ്ധ്യക്ഷൻ രാഹുൽ ഗാന്ധിയും. പാക് ഭീകര കേന്ദ്രങ്ങളെ ആക്രമിച്ചു തരിപ്പണമാക്കിയ ഇന്ത്യൻ സേനയുടെ യുദ്ധവീര്യം മുതലെടുത്ത്, ദേശസുരക്ഷ മുഖ്യ പ്രചാരണവിഷയമാക്കിയ നരേന്ദ്ര മോദിക്കെതിരെ, ദേശീയതയെ രാഷ്ട്രീയവത്‌കരിക്കുന്നുവെന്ന് പരക്കെ ആക്ഷേപമുണ്ടായി. ഇന്ത്യൻ സേനയെ മോദി, സ്വന്തം സേനയാക്കിയെന്ന് ആരോപണമുണ്ടായി. പക്ഷേ, പുറത്തു വന്ന എക്‌സിറ്റ്പോൾ ഫലങ്ങൾ സൂചിപ്പിക്കുന്നത്ര വലിയ വിജയം ബി.ജെ.പി നേടുന്നെങ്കിൽ, അഞ്ചു വർഷങ്ങൾക്കിപ്പുറവും മോദിപ്രഭാവം എന്ന അദ്ഭുത പ്രതിഭാസം രാജ്യത്ത് നിലനിൽക്കുന്നുവെന്ന് വിശ്വസിക്കേണ്ടി വരുമോ? അതെന്തായാലും,​ എക്‌സിറ്റ്പോൾ ഫലങ്ങളുടെ ആവർത്തനമാണ് യഥാർത്ഥ തിരഞ്ഞെടുപ്പു ഫലമെങ്കിൽ ഇന്ത്യൻ വോട്ടർമാരെ സ്വാധീനിച്ച ഘടകമേതെന്നത് രാഷ്‌ട്രീയ നിരീക്ഷകർക്ക് പഠന വിഷയമാക്കേണ്ടിവരും.

543 അംഗ ലോക്‌സഭയിൽ കേവലഭൂരിപക്ഷത്തിനു വേണ്ടത് 272 സീറ്റ് ആണെന്നിരിക്കെ,എൻ.ഡി.എ 306 സീറ്റ് നേടുമെന്നാണ് ടൈംസ് നൗ പ്രവചനം. യു.പി.എയ്‌ക്ക് 132. റിപ്പബ്ളിക്- ജൻ കി ബാത് എക്‌സിറ്റ്പോൾ ഫലമനുസരിച്ച് എൻ.ഡി.എയ്‌ക്ക് 296 സീറ്റ് ലഭിക്കും. യു.പി.എ 128 സീറ്റിലൊതുങ്ങും. എൻ.ഡി.എയ്‌ക്ക് ഏറ്റവും അധികം സീറ്റ് പ്രവചിക്കുന്നത് ന്യൂസ് എക്‌സ് ആണ്- 298. അതായത്, ബി.ജെ.പി അദ്ധ്യക്ഷൻ അമിത് ഷാ കഴിഞ്ഞ ദിവസം പ്രതീക്ഷ പ്രകടിപ്പിച്ച മുന്നൂറിന് തൊട്ടരികെ. ന്യൂസ് എക്‌സ് പ്രവചനമനുസരിച്ച് യു.പി.എയ്‌ക്ക് ലഭിക്കുക 118 സീറ്റ് മാത്രം.

2009- ലെ തിരഞ്ഞെടുപ്പിൽ നേടിയതിനേക്കാൾ 166 സീറ്റുകൾ നേടിയാണ് ബി.ജെ.പി കഴിഞ്ഞ തവണ ഔദ്യോഗിക പ്രതിപക്ഷത്തിനു പോലും ഇടം നൽകാത്തവിധം മൃഗീയ ഭൂരിപക്ഷത്തിലേക്ക് കുതിച്ചുകയറിയത്. അഞ്ചു വർഷങ്ങൾക്കിപ്പുറം, അതിലും വലിയ വിജയം ബി.ജെ.പിക്ക് കൈവരിക്കാൻ കഴിയുന്നെങ്കിൽ മോദി എന്ന ഏകഛത്രാധിപതിയുടെ പ്രഭാവം അടുത്തെങ്ങും മങ്ങിപ്പോകുമെന്ന് കരുതാനാകില്ല.

ബി.ജെ.പിയുടെ ഹൈന്ദവ അജണ്ട ഏറ്റവുമധികം ചർച്ച ചെയ്യപ്പെട്ട തിരഞ്ഞെടുപ്പായിരുന്നു ഇത്. ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ ഗോവധത്തിന്റെ പേരിൽ അരങ്ങേറിയ അക്രമങ്ങളും, ഗോസംരക്ഷകരുടെ അഴിഞ്ഞാട്ടവും തിരഞ്ഞെടുപ്പിൽ ബി.ജെ.പിക്ക് തിരിച്ചടിയാകുമെന്ന് വിലയിരുത്തപ്പെട്ടിരുന്നു. തീവ്ര ഹൈന്ദവവത്കരണ ശ്രമങ്ങൾ രാജ്യത്ത് അതിശക്തമായ ന്യൂനപക്ഷ ഏകീകരണത്തിന് വഴിയൊരുക്കുമെന്നും, അത് എൻ.ഡി.എയുടെ പതനത്തിന് കാരണമാകുമെന്നും കരുതപ്പെട്ടിരുന്നു. കോൺഗ്രസ് ഉൾപ്പെടെ പ്രതിപക്ഷ പാർട്ടികളുടെ മുഴുവൻ മനോഗണിതങ്ങളും തെറ്റിപ്പോയോ?​

ഇന്ധന വിലവർദ്ധനവും,​ അതിന്റെ ഉപോത്പന്നമായ വിലക്കയറ്റവും രാജ്യത്തെ ഏറ്റവും സാധാരണക്കാരായ ജനങ്ങളെ നിത്യദുരിതത്തിലാക്കിയ അഞ്ചു വർഷങ്ങളാണ് കടന്നുപോയത്. നോട്ട് നിരോധനം ഉദ്ദേശിച്ച ഫലം സൃഷ്‌ടിച്ചില്ലെന്നു മാത്രമല്ല,​ വിവരം വമ്പൻ വ്യവസായികൾക്ക് നേരത്തേ ചോർത്തിക്കൊടുത്തെന്നും ആരോപണമുണ്ടായി. ജി.എസ്.ടി പരിഷ്‌കാരം രാജ്യത്തെ മുഴുവൻ ചെറുകിട- ഇടത്തരം കച്ചവടക്കാരുടെയും ശാപം വിളിച്ചുവരുത്തി. കർഷക പ്രക്ഷോഭങ്ങളുടെ പ്രളയത്തിൽ മോദി സർക്കാർ ഒലിച്ചുപോകുമെന്ന് പ്രവചിക്കപ്പെട്ടു. അതിനെയെല്ലാം മറികടക്കാൻ പോന്നതായിരുന്നോ,​ പാക് ഭീകരകേന്ദ്രങ്ങൾക്കു മീതെ ഇന്ത്യ നടത്തിയ സർജിക്കൽ സ്ട്രൈക്ക്?​ ന്യൂനപക്ഷങ്ങൾ ഉൾപ്പെടെയുള്ളവരെ ജാതീയതയ്‌ക്കപ്പുറം ദേശസുരക്ഷ എന്ന വൈകാരിക ഘടകം സ്വാധീനിക്കുകയായിരുന്നോ?​