election-2019

എക്‌സിറ്റ് പോൾ ഫലങ്ങൾ പുറത്തു വന്ന ഇന്നലെ വൈകുംവരെ പ്രധാനമന്ത്രിപദം സ്വപ്‌നം കാണുകയും അതിനായി മുൻകൂർ ചരടുവലികൾ നടത്തുകയും ചെയ്‌ത പലരുണ്ടായിരുന്നു. ബി.ജെ.പിക്കോ കോൺഗ്രസിനോ ഒറ്റയ്‌ക്ക് ഭൂരിപക്ഷം നേടാൻ കഴിയാത്ത സാഹചര്യത്തിൽ മൂന്നാം മുന്നണിയെന്ന ഏകസാദ്ധ്യത മുന്നിൽക്കണ്ടായിരുന്നു പ്രാദേശിക പാർട്ടികളുടെ കണക്കുകൂട്ടലത്രയും. കോൺഗ്രസ് പിന്തുണയോടെ ബദൽ സർക്കാരെന്ന സ്വപ്‌നവുമായി ടി.ഡി.പി നേതാവ് ചന്ദ്രബാബു നായിഡു കോ- ഓർഡിനേറ്ററുടെ റോളിൽ ഓടിനടന്നു.

കഴിഞ്ഞ തിരഞ്ഞെടുപ്പിൽ വെറും 44 സീറ്റിന്റെ നാണക്കേടിലൊതുങ്ങിയ കോൺഗ്രസ്,​ ഫലം പുറത്തുവരുന്നതിനു മുമ്പു തന്നെ തോൽവി സമ്മതിച്ച് പ്രധാനമന്ത്രി പദത്തിലേക്കില്ലെന്ന് പ്രഖ്യാപിക്കുകയും പ്രാദേശിക കക്ഷികളുടെ സഖ്യത്തിന് പിന്തുണയുമായി രംഗത്തു വരികയും ചെയ്‌തു. ബംഗാൾ മുഖ്യമന്ത്രി മമതാ ബാനർജിയും ബി.എസ്.പി നേതാവ് മായാവതിയുമായിരുന്നു പ്രധാനമന്ത്രി പദത്തിലേക്ക് കണ്ണുംനട്ടിരുന്ന രണ്ട് മഹിളകൾ. മമതയ്‌ക്കു പിന്നിൽ ചന്ദ്രബാബു നായിഡുവും,​ മായാവതിക്കു പിന്നിൽ എസ്.പി നേതാവ് അഖിലേഷ് യാദവും നിലയുറപ്പിക്കുകയും ചെയ്‌തു.

തിരഞ്ഞെടുപ്പിനു ശേഷമുള്ള സാദ്ധ്യതകൾ ചർച്ച ചെയ്യാൻ ഡൽഹിയിൽ കോൺഗ്രസിന്റെ നേതൃത്വത്തിൽ 21 പ്രതിപക്ഷ കക്ഷികളുടെ നിർണായക യോഗം ചേരാനിരിക്കുകയായിരുന്നു. യോഗത്തിൽ പങ്കെടുത്ത്,​ രാഹുൽ ഗാന്ധിയുടെ പ്രധാനമന്ത്രി സ്ഥാനാർത്ഥിത്വത്തിന് നേരത്തേ തന്നെ പിന്തുണ അറിയിച്ചാലുള്ള അപകടമറിഞ്ഞ് മമതയും മായാവതിയും പിടികൊടുക്കാതെ മാറിനിന്നു.

ഒറ്റയ്‌ക്ക് 140 സീറ്റ് നേടാൻ കഴിഞ്ഞാൽ രാഹുൽ ഗാന്ധിയെ പ്രധാനമന്ത്രിയാക്കിയുള്ള അവകാശവാദം കോൺഗ്രസ് പുറത്തെടുക്കുമായിരുന്നു. മോദി വിരുദ്ധ വികാരം പങ്കുവയ്‌ക്കുന്ന പ്രതിപക്ഷ കക്ഷികൾ പിന്തുണയ്‌ക്കുകയും ചെയ്യും. പക്ഷേ,​ ഇന്നലെ പുറത്തുവന്ന എക്‌സിറ്റ് പോൾ ഫലങ്ങളനുസരിച്ച് കോൺഗ്രസിന് ലഭിക്കാവുന്നത് പരമാവധി 118 നും 130 നും ഇടയ്‌ക്ക് സീറ്റുകൾ മാത്രം. പ്രാദേശിക കക്ഷികൾക്കു മേൽ വലിയൊരു അവകാശവാദത്തിന് അവസരം നൽകുന്നതല്ല,​ ഈ സീറ്റ് നില.

ഈ അപകടനില മുന്നിൽക്കണ്ടു തന്നെയാണ്,​ പ്രധാനമന്ത്രി പദം ലഭിച്ചില്ലെങ്കിലും നരേന്ദ്രമോദിയെ പുറത്താക്കുകയാണ് കോൺഗ്രസിന്റെ മുഖ്യ ലക്ഷ്യമെന്ന് മുതിർന്ന നേതാവ് ഗുലാം നബി ആസാദ് കഴിഞ്ഞ ദിവസം പറഞ്ഞത്.

കോൺഗ്രസിനെക്കൂടി പങ്കാളിയാക്കുക വഴി,​ സ്ഥിരത ഉറപ്പാക്കാവുന്ന ബദൽ സർക്കാരനെന്നതായിരുന്നു ചന്ദ്രബാബു നായിഡുവിന്റെ മനസ്സിൽ. കോൺഗ്രസ് പുറത്തുനിന്ന് പിന്തുണയ്‌ക്കുന്ന സർക്കാർ എന്ന ദുർബല പരീക്ഷണത്തിന് നായിഡു ഒരുക്കമായിരുന്നില്ല. വിലപേശലിന് തക്കംനോക്കിയിരുന്ന ടി.ആർ.എസ്,​ വൈ.എസ്.ആർ കക്ഷികളാകട്ടെ ആർക്കാകും ഭൂരിപക്ഷമെന്ന് വ്യക്തമായതിനു ശേഷം നിലപാട് വെളിപ്പെടുത്താമെന്ന തന്ത്രവുമായി അകലമിട്ട് നിൽക്കുകയായിരുന്നു.

എക്‌സിറ്റ്പോൾ ഫലങ്ങൾ ശരിവയ്‌ക്കുന്നതാകും,​ തിരഞ്ഞെടുപ്പു ഫലമെങ്കിൽ ഇപ്പോൾ നിശ്ചയിച്ചിരികുന്നതു പോലെ 23-ന് ഡൽഹിയിൽ പ്രതിപക്ഷ പാർട്ടികൾ യോഗം ചേരുമോ എന്നു വ്യക്തമല്ല. അതിന്റെ ആവശ്യവും ഉണ്ടാകില്ല. യു.പി.എയിലെ കക്ഷികൾക്കു പുറമേ സമാജ്‌വാദി,​ ബഹുജൻ സമാജ് പാർട്ടി,​ തൃണമൂൽ കോൺഗ്രസ്,​ തെലുങ്കു ദേശം,​ ഇടതു കക്ഷികൾ,​ ടി.ആർ.എസ്. വൈ.എസ്.ആർ കോൺഗ്രസ്. ബി.ജെ.ഡി തുടങ്ങിയവരെ ബി.ജെ.പി മുക്ത സർക്കാർ എന്ന പൊതുവികാരത്തിൽ ഒരുമിച്ചു നിറുത്തുകയെന്ന ആവശ്യത്തിനു പോലും പ്രസക്തിയില്ലാതായിപ്പോകുന്നതാകും,​ ബി.ജെ.പിക്ക് പ്രവചിക്കപ്പെടുന്ന അവിശ്വസനീയ ഭൂരിപക്ഷം.

ഒറ്റയ്‌ക്കു ഭരിക്കാനുള്ള ഭൂരിപക്ഷം ലഭിച്ചാൽപ്പോലും കൂടുതൽ കക്ഷികളെ എൻ.ഡി.എയിലേക്ക് ഉൾപ്പെടുത്തുമെന്നായിരുന്നു കഴിഞ്ഞ ദിവസം പ്രധാനമന്ത്രി നരേന്ദ്ര മോദിയും പാർട്ടി ദേശീയ അദ്ധ്യക്ഷണ അമിത് ഷായും ചേർന്നു നടത്തിയ വാർത്താ സമ്മേളനത്തിലെ പ്രഖ്യാപനം. ഒരിക്കൽക്കൂടി മൃഗീയ ഭൂരിപക്ഷത്തോടെ മോദി ,​സർക്കാർ അധികാരത്തിൽ വരുന്നുവെങ്കിൽ,​ തെന്നിന്ത്യയിൽ നിന്ന് കൂടുതൽ കക്ഷികൾ എൻ.ഡി.എ പക്ഷത്തേക്ക് എത്തുകയും സഖ്യം കൂടുതൽ ശക്തമാവുകയും ചെയ്‌തേക്കാം. കോൺഗ്രസിന്റെ തിരഞ്ഞെടുപ്പു പ്രചാരണത്തിന് നേതൃത്വം നൽകിയ രാഹുൽ ഗാന്ധി,​ ദുർബലനായ നേതാവെന്ന വിലയിരുത്തലിന് വിധേയനാവുകയും ചെയ്‌തേക്കാം.