ന്യൂഡൽഹി: പഞ്ചാബ് കോൺഗ്രസ് ഘടകത്തിനുള്ളിലെ പൊട്ടിത്തെറികൾ മറനീക്കി പുറത്തുവരുന്നു. തന്നെ സ്ഥാനത്ത് നിന്ന് മാറ്റി പകരം മുഖ്യമന്ത്രിയാകാൻ പഞ്ചാബ് മന്ത്രിസഭാംഗമായ നവജ്യോത് സിംഗ് സിദ്ദു ആഗ്രഹിക്കുന്നുണ്ടാവാമെന്ന് മുഖ്യമന്ത്രി അമരീന്ദർ സിംഗ് വെളിപ്പെടുത്തിയതോടെയാണ് വിഭാഗീയത പ്രകടമാകുന്നത്. നേരത്തെ സിദ്ദു തനിക്കെതിരെ നടത്തിയ പരോക്ഷ പരാമർശങ്ങൾക്കുള്ള മറുപടിയായാണ് അമരീന്ദർ സിംഗിന്റെ പ്രതികരണം.
സിദ്ദുവിന് കൃത്യമായ ലക്ഷ്യങ്ങളുണ്ട്. എല്ലാവർക്കും അവരുടേതായ ആഗ്രഹങ്ങളുണ്ടാവാം. തനിക്ക് സിദ്ദുവിനെ കുട്ടിക്കാലം മുതലേ അറിയാം. സിദ്ദുവുമായി അഭിപ്രായ വ്യത്യാസങ്ങളൊന്നുമില്ല. പക്ഷെ സിദ്ദുവിന് തന്നെ മാറ്റി മുഖ്യമന്ത്രിയാകാൻ ആഗ്രഹമുണ്ടായിരിക്കാം. അത് അദ്ദേഹത്തിന്റെ കാര്യമാണ്. പക്ഷെ ഈ തിരഞ്ഞെടുപ്പിന്റെ സമയം അതിനായി ഉപയോഗിക്കുന്നത് തെറ്റാണ്. അത് ബാധിക്കുക പാർട്ടിയേയും സ്ഥാനാർത്ഥികളെയുമാണ്. അമരീന്ദർ സിംഗ് വാർത്താ ഏജൻസിയോട് പ്രതികരിച്ചു. കേന്ദ്ര നേതൃത്വം സിദ്ദുവിനെതിരായി നടപടി സ്വീകരിക്കുമെന്ന് പ്രതീക്ഷിക്കുന്നതായും സിംഗ് പറഞ്ഞു.
നേരത്തെ സിദ്ദുവിന്റെ ഭാര്യക്ക് അമൃത്സറിൽ സീറ്റ് നിഷേധിച്ചതുമായി ബന്ധപ്പെട്ട പ്രതികരണങ്ങളിലൂടെയാണ് സിദ്ദുവും അമരീന്ദർ സിംഗും തമ്മിലുള്ള അസ്വാരസ്യങ്ങൾ പരസ്യമാകുന്നത്. കഴിഞ്ഞ വർഷം പാകിസ്ഥാനിൽ പോകാൻ അനുമതി നിഷേധിക്കപ്പെട്ടതുമായി ബന്ധപ്പെട്ടും സിദ്ദു ഇത്തരത്തിലുള്ള പരാമർശങ്ങൾ നടത്തിയിരുന്നു. താൻ കാപ്ടനായി അംഗീകരിക്കുന്നത് രാഹുൽ ഗാന്ധിയെ ആണെന്നായിരുന്നു സിദ്ദുവിന്റെ അന്നത്തെ പ്രതികരണം. പഞ്ചാബിൽ കാപ്ടൻ എന്നറിയപ്പെടുന്ന അമരീന്ദർ സിംഗിനെ ലക്ഷ്യം വച്ചായിരുന്നു സിദ്ദുവിന്റെ ഈ പ്രസ്താവന.