പ്രിയങ്കാ ഗാന്ധി. ഈ ലോക്‌സഭാ തിരഞ്ഞെടുപ്പു കാലത്ത് ഏറ്റവുമധികം ആഘോഷിക്കപ്പെട്ട പേരുകളിലൊന്ന്. ഒരു ഘട്ടത്തിൽ കോൺഗ്രസ് അദ്ധ്യക്ഷൻ രാഹുൽ ഗാന്ധിക്കും മീതെ, പ്രധാനമന്ത്രി പദത്തിലേക്കു പോലും ഉയർത്തപ്പെട്ട പേര്. വാരണാസിയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ പ്രിയങ്ക സ്ഥാനാർത്ഥിയാകുമെന്ന് പ്രചാരണമുണ്ടായി. അതൊരു സസ്‌പെൻസ് പോലെ സൂക്ഷിച്ച് ബി.ജെ.പി കേന്ദ്രങ്ങളെ ആശങ്കയിലാഴ്‌ത്താനും കോൺഗ്രസ് ശ്രദ്ധിച്ചു. രാജ്യത്തുടനീളം പ്രിയങ്ക നടത്തിയ റാലികളിലേക്ക് ഇന്ദിരയെ കാണാനെന്നതു പോലെ ജനം ഒഴുകി. ജ്യേഷ്‌ഠത്തി ഒരുമിച്ചുള്ള ധൈര്യം രാഹുലിനെ കൂടുതൽ കരുത്തനാക്കിയെന്ന പ്രതീതി പോലും സൃഷ്‌ടിക്കപ്പെട്ടു.
രാഹുലിനെപ്പോലെ, നേതാവെന്ന നിലയിൽ ഇനിയും കരുത്തു തെളിയിച്ചിട്ടില്ലാത്ത മുഖം ഉയർത്തിക്കാട്ടി ഈ തിരഞ്ഞെടുപ്പിൽ നരേന്ദ്രമോദിയെപ്പോലൊരു ഗംഭീകപൂരുഷനെ എങ്ങനെ നേരിടുമെന്ന അങ്കലാപ്പുണ്ടായിരുന്നു, കോൺഗ്രസ് കേന്ദ്രങ്ങളിലാകെ- പ്രിയങ്കയുടെ എൻട്രി വരെ.
ഇരുപത്തിമൂന്ന് സംസ്ഥാനങ്ങളിലായി രാഹുൽ ഗാന്ധി 128 റാലികൾ നടത്തിയെന്നാണ് കണക്ക്. അത്രതന്നെയോ, അതിലും അധികമോ റാലികൾ പ്രിയങ്കാ ഗാന്ധിയും നടത്തിയിട്ടുണ്ട്. ഉത്തർപ്രദേശിലായിരുന്നു ഏറ്റവും അധികം. കേരളത്തിൽ ഉൾപ്പെടെ പ്രിയങ്ക പങ്കെടുത്ത റാലികളിലെല്ലാം സ്ത്രീകൾ ഉൾപ്പെടെ പാർട്ടിഭേദമില്ലാതെ ആളുകളുടെ തിരക്കുണ്ടായിരുന്നു. രാഹുൽ ഗാന്ധി മത്സരിക്കുന്ന വയനാട്ടിലെത്തി, താമസിച്ചു പോലും പ്രിയങ്ക പ്രചാരണത്തിന് നേതൃത്വം നൽകി.
അമേതിയിലും വയനാട്ടിലും രാഹുൽ വിജയിച്ചാൽ, വയനാട് നിലനിർത്തുകയും അമേതിയിൽ ഒഴിവു വരുന്ന സീറ്റിലെ ഉപതിരഞ്ഞെടുപ്പിൽ പ്രിയങ്കാ ഗാന്ധിയെ മത്സരിപ്പിച്ച് ലോക്‌സഭയിലെത്തിക്കുകയും ചെയ്യുകയെന്ന അത്ര വിദൂരമല്ലാത്ത ഒരു ആശയം എന്തായാലും കോൺഗ്രസിന്റെ മനസ്സിലുണ്ടായിരുന്നു.
കോൺഗ്രസിന് നൂറു സീറ്റിൽ ഒതുങ്ങേണ്ടിവന്നാൽ അത് രാഹുൽഗാന്ധിക്കെന്നതു പോലെ പ്രിയങ്കാ ഗാന്ധിക്കും പരീക്ഷണഘട്ടമാകും സമ്മാനിക്കുക. രാഹുലിനെ മാത്രം മുൻനിറുത്തിയും, പ്രിയങ്കാ ഗാന്ധിയെ മാത്രം തുണക്കാരിയായി നിർത്തിയും കോൺഗ്രസ് നേരിട്ട തിരഞ്ഞെടുപ്പിൽ പരാജയമെന്നത് അതിന്റെ യഥാർത്ഥ അർത്ഥത്തേക്കാൾ എത്രയെങ്കിലും ഇരട്ടിയായിട്ടാകും രണ്ടു നേതാക്കളെയും പിന്തുടരുക.
തീർത്തും അപ്രതീക്ഷിതമായാണ് പ്രിയങ്കാ ഗാന്ധിയെ ജനറൽ സെക്രട്ടറിയാക്കുകയും കിഴക്കൻ ഉത്തർപ്രദേശിൽ പാർട്ടിയുടെ പ്രചാരണ ചുമതല ഏല്‌പിക്കുകയും ചെയ്‌ത് കോൺഗ്രസ് ഈ തിരഞ്ഞെടുപ്പിനെ ആത്മവിശ്വാസത്തോടെ നേരിടാനൊരുങ്ങിയത്. പ്രചാരണ വേദികളിൽ പ്രിയങ്ക തന്റെ റോൾ ഭംഗിയാക്കുകയും ചെയ്‌തു. ഉത്തർപ്രദേശിലെ പ്രചാരണത്തിന് പ്രിയങ്ക തുടക്കം കുറിച്ചത് ഗംഗായാത്രയോടെയായിരുന്നു. ഗംഗാതടങ്ങളിലെ സാധാരണക്കാരുടെ പ്രശ്‌നങ്ങൾ കണ്ടും കേട്ടുമുള്ള ആ യാത്ര രാജ്യത്തെ മാദ്ധ്യമങ്ങളാകെ നന്നായി ആഘോഷിച്ചു.
അച്ഛൻ രാജീവ് ഗാന്ധിക്കെതിരെ പ്രചാരണ വേദികളിൽ മോദി ചൊരിഞ്ഞ ആക്ഷേപവർഷങ്ങൾക്ക് രാഹുലിനേക്കാൾ ശക്തമായി മറുപടി നൽകിയത് പ്രിയങ്കയായിരുന്നു. അച്ഛൻ എന്ന വികാരം പ്രിയങ്ക സമർത്ഥമായിത്തന്നെ ഉപയോഗിച്ചു. ആ വൈകാരികതയൊന്നും ഫലവത്തായില്ലെന്ന് തെളിയിക്കുന്നതാകുമോ, അന്തിമ തിരഞ്ഞെടുപ്പു ഫലം?