bengal-

ന്യൂഡൽഹി : ലോക്സഭാ തിരഞ്ഞെടുപ്പിൽ പശ്ചിമബംഗാളിൽ സി.പി.എം ഒറ്റസീറ്റുപോലും നേടില്ലെന്ന് എക്സിറ്റ് പോൾ സ‌വേ ഫലങ്ങൾ. ജൻകീ ബാത്ത് സർവേയിലാണ് സി.പി.എം ഒരു സീറ്റുപോലും നേടില്ലെന്ന് പ്രവചനം.18 മുതൽ 26 വരെ സീറ്റുകൾ ജൻകീ ബാത്ത് സർവേ ബി.ജെ.പിക്ക് പ്രവചിക്കുന്നു. യു.പി.എ മൂന്ന് സീറ്റുകൾ നേടും. തൃണമൂൽ കോൺഗ്രസ് 13 മുതൽ 21 വരെ സീറ്റുകൾ നേടിയേക്കും.

സീ വോട്ടർ എക്സിറ്റ് പോൾ സർവേയിലും സി.പി.എം അക്കൗണ്ട് തുറക്കില്ലെന്ന് പ്രവചിക്കുന്നു. തൃണമൂൽ കോൺഗ്രസ് 29 സീറ്റുകൾ വരെ നേടുമെന്നാണ് സീവോട്ടർ എക്സിറ്റ് പോൾ സർവേ പ്രവചിക്കുന്നത് ബി.ജെ.പി ഇവിടെ 11 സീറ്റുകൾ നേടും. കോൺഗ്രസ് രണ്ട് സീറ്റുകൾ ജയിക്കുമെന്നും സർവേ പറയുന്നു.

സി.എൻ.എൻ ന്യൂസ് 18 സർവേ തൃണമൂൽ തരംഗമാണ് പശ്ചിമ ബംഗാളിൽ പ്രവചിക്കുന്നത്. 36 മുതൽ 38 വരെ സീറ്റുകൾ തൃണമൂൽ കോൺഗ്രസ് ഇവിടെ ജയിക്കുമെന്ന് സർവേ പ്രവചിക്കുന്നു. ബി.ജെ.പി മൂന്ന് മുതൽ നാല് വരെ സീറ്റുകൾ നേടും. കോൺഗ്രസിന് ഒരു സീറ്റ് വരെ ലഭിച്ചേക്കാം.

2014-ലെ രണ്ട് സീറ്റുകളിൽ നിന്ന് ബി.ജെ.പി ഇത്തവണ മികച്ച മുന്നേറ്റം നടത്തുമെങ്കിലും ആകെയുള്ള 42 സീറ്റിൽ എത്രയെണ്ണം വരെ ബി.ജെ.പിക്ക് നേടാനാവും എന്ന കാര്യത്തിൽ പല സർവേകളിൽ വ്യത്യാസമുണ്ട്. ഇടതുപക്ഷത്തിനും കോൺഗ്രസിനും കനത്ത തിരിച്ചടിയാണ് എക്സിറ്റ് പോളുകൾ പ്രവചിക്കുന്നത്.

ബി.ജെ.പി ഇക്കുറി 11 സീറ്റുകൾ വരെ നേടുമെന്നാണ് ടൈംസ് നൗ എക്സിറ്റ് പോൾ സർവേയിലെ പ്രവചനം. 2014ൽ 2 സീറ്റ് നേടിയ ഇടതുപക്ഷം ഇക്കുറി ബംഗാളിൽ ഒരു സീറ്റിൽ ഒതുങ്ങും. നാല് സീറ്റുണ്ടായിരുന്ന കോൺഗ്രസിന് രണ്ട് സീറ്റുകൾ നഷ്ടപ്പെടുമെന്നും ടൈംസ് നൗ പ്രവചിക്കുന്നു.

പശ്ചിമബംഗാളിൽ 19 മുതൽ 22 വരെ സീറ്റുകൾ തൃണമൂൽ നേടുമെന്ന് ഇന്ത്യാടുഡേ പ്രവചിക്കുന്നു. ബി.ജെ.പി 19 മുതൽ 23 സീറ്റുകൾ വരെ നേടിയേക്കും. കോൺഗ്രസ് ഒരു സീറ്റ് വരെ നേടാമെന്നാണ് ഇന്ത്യാ ടുഡേ പ്രവചിക്കുന്നത്. ഇടതുപക്ഷത്തിന് ഒറ്റ സീറ്റ് പോലും ലഭിക്കില്ല.