opposition-

ന്യൂഡൽഹി: അവസാനഘട്ട വോട്ടെടുപ്പുകൾ പൂർത്തിയായതിന് പിന്നാലെ യു.പി.എയിൽ സഖ്യ ചർച്ചകൾ സജീവമായി. ബി.എസ്.പി നേതാവ് മായാവതി ഇന്ന് യു.പി.എ അദ്ധ്യക്ഷ സോണിയ ഗാന്ധിയുമായും കോൺഗ്രസ് അദ്ധ്യക്ഷൻ രാഹുൽ ഗാന്ധിയുമായും കൂടിയാലോചന നടത്തിയേക്കും. എൻ.ഡി.എയ്ക്ക് അനുകൂല എക്സിറ്റ് പോൾ ഫലങ്ങൾ പുറത്തു വന്നതും പ്രതിപക്ഷനീക്കങ്ങളെ ശക്തിപ്പെടുത്തിയതയാണ് സൂചന.

തിരഞ്ഞെടുപ്പു പ്രചാരണ സമയത്ത് കോൺഗ്രസിനെതിരെ നിലയുറപ്പിച്ചിരുന്ന മുൻ യു.പി മുഖ്യമന്ത്രികൂടിയായ മായാവതി സോണിയയുമായി കൂടിക്കാഴ്ച നടത്തുന്നത് പ്രതിപക്ഷസഖ്യത്തിൽ നിർണായകമാകുമെന്നാണ് സൂചന. നേരത്തെ കോൺഗ്രസിനെ പുറത്തുനിറുത്തിക്കൊണ്ടായിരുന്നു യു.പിയിലെ പ്രതിപക്ഷ സഖ്യമായ ബി.എസ്.പി-എസ്.പി മഹാസഖ്യത്തിന്റെ നീക്കങ്ങൾ. അതേസമയം,​

മേയ് 23ന് സോണിയ ഗാന്ധി പ്രതിപക്ഷ പാർട്ടികളുടെ മഹാസഖ്യത്തിന്റെ യോഗം വിളിച്ചു ചേർത്തിട്ടുണ്ട്.

 ഇരിപ്പുറയ്ക്കാതെ നായിഡു

ഫലം വരാൻ മൂന്നുദിവസം മാത്രം ശേഷിക്കെ പ്രതിപക്ഷ ഐക്യത്തിനായി നെട്ടോട്ടമോടുകയാണ് ആന്ധ്രാപ്രദേശ് മുഖ്യമന്ത്രിയും ടി.ഡി.പി അദ്ധ്യക്ഷനുമായ ചന്ദ്രബാബു നായിഡു. ഡൽഹിയിലെത്തി നായിഡു സോണിയയുമായും രാഹുലുമായും കൂടിക്കാഴ്ച നടത്തി. കഴിഞ്ഞ ദിവസവും നായിഡു രാഹുലുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. സി.പി.എം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരിയുമായും നായിഡു ഇന്നലെ​ കൂടിക്കാഴ്​ച നടത്തിയിരുന്നു. എൻ.സി.പി അദ്ധ്യക്ഷൻ ശരദ്​ പവാറിനെയും രണ്ടാം തവണ അദ്ദേഹം കണ്ടു. കഴിഞ്ഞദിവസം ലഖ്​നൗവിലേക്ക്​ പോയ നായിഡു അഖിലേഷ്​ യാദവ്​, മായാവതി എന്നീ നേതാക്കളുമായും കൂടിക്കാഴ്​ച നടത്തിയിരുന്നു.