election-2019

മോദിയുടെ ആരാധകർ പറയും: ഹിമാലയത്തിലെ പ്രാർത്ഥന ഫലിച്ചു! മോദി മത്സരിക്കുന്ന വാരണാസിയിൽ തിരഞ്ഞെടുപ്പു പ്രചാരണം അവസാനിച്ചതിനു ശേഷമാണ് അദ്ദേഹം ഡെറാഡൂണിൽ നിന്ന് ശനിയാഴ്‌ച അതിരാവിലെ ഹെലികോപ്‌ടറിൽ കയറി കേദാർനാഥിലേക്കു പോയത്. പ്രാർത്ഥനയ്‌ക്കു ശേഷം രുദ്ര ഗുഹയിൽ കാവിയും പുതച്ച്,​ കണ്ണുമടച്ച് ധ്യാനം. അതും,​ ഞായറാഴ്‌ച രാവിലെ വരെ.

രാവിലെ ബദരീനാഥിലെ പ്രാർത്ഥനയും കഴിഞ്ഞ് ഇന്നലെ ഉച്ച കഴിഞ്ഞാണ് പ്രധാനമന്ത്രി ഡൽഹിക്കു തിരിച്ചത്. വാരണാസിയിൽ ഗംഭീര പോളിംഗ് ആയിരുന്നു. എതിരെ മത്സരിക്കാൻ കരുത്തനായൊരു സ്ഥാനാർത്ഥി പോലുമില്ലാതിരുന്ന മണ്ഡലത്തിൽ മോദിയുടെ ഭൂരിപക്ഷം കഴിഞ്ഞ തവണത്തേതിലും കടക്കുമെന്നാണ് പാർട്ടി വിലയിരുത്തൽ.

വൈകിട്ട് ആറു മണി കഴിഞ്ഞതോടെ എക്‌സിറ്റ്പോൾ ഫലങ്ങൾ ഒന്നൊന്നായി വന്നു. എല്ലാ ഏജൻസികളുടെ പ്രവചനത്തിലും എൻ.ഡി.എയ്‌ക്കു തന്നെ മുൻതൂക്കം. കഴിഞ്ഞ മൂന്നു വർഷത്തിനിടെ നാലാം തവണയാണ് മോദി കേദാർനാഥിൽ പോയി പ്രാർത്ഥിച്ചത്. മോദിയുടെ പ്രാർത്ഥനയും ധ്യാനവും ഏഴാം ഘട്ട വോട്ടെടുപ്പിനെ സ്വാധീനിക്കുമെന്നൊക്ക് ആക്ഷേപമുണ്ടായിരുന്നു.

തിരഞ്ഞെടുപ്പു കമ്മിഷന്റെ പ്രത്യേക അനുമതിയോടെയായിരുന്നു മോദിയുടെ കേദാർനാഥ് യാത്ര. പെരുമാറ്റച്ചട്ടം നിലവിലുണ്ടെന്ന് ഓർമ്മ വേണമെന്ന് കമ്മിഷൻ ഓർമ്മപ്പെടുത്തുകയും ചെയ്‌തു. മോദി അത് പൂർണമായും അനുസരിച്ചെന്നു വേണം പറയാൻ- രാഷ്‌ട്രീയം പോയിട്ട് രാജ്യകാര്യം പോലും മോദി മിണ്ടിയില്ല.

2013-ലെ പ്രളയകാലത്ത് തരിപ്പണമായിപ്പോയ കേദാർനാഥിന്റെ പുനർനിർമ്മാണ പദ്ധതി അവലോകനം ചെയ്യാനാണ് പോയതെന്ന് ഔദ്യോഗിക വിശദീകരണവും വന്നു. അതെന്തായാലും അന്തിമ തിരഞ്ഞെടുപ്പു ഫലം എക്‌സിറ്റ്പോൾ പ്രവചനങ്ങൾ ശരിവയ്‌ക്കുന്നതായാൽ യാത്ര ഫലിച്ചെന്ന് മോദിക്കും പാർട്ടി പ്രവർത്തകർക്കും വിശ്വസിക്കാം.