election-2019

കോൺഗ്രസിനു മാത്രമല്ല,​ രാഹുൽ ഗാന്ധിക്കും നിലനിൽപ്പിന്റെ ലിറ്റ്മസ് ടെസ്റ്റ് ആയിരുന്നു ഈ തിരഞ്ഞെടുപ്പ്. രാഹുൽ ഗാന്ധി പാർട്ടിയുടെ തലപ്പത്തേക്കു വരുമെന്ന് നേരത്തേ കേട്ടുതുടങ്ങിയപ്പോഴൊന്നും അമ്മ സോണിയാ ഗാന്ധി,​ അതിനു ധൃതി കാണിക്കാതിരുന്നത് മകന്റെ രാഷ്ട്രീയ വിദ്യാഭ്യാസം പൂർത്തിയാകാതിരുന്നതുകൊണ്ടാകാം.

ഇരുത്തംവന്നൊരു നേതാവിനു വേണ്ടുന്ന ഗൗരവസ്വഭാവമോ,​ പ്രതിസന്ധികളിൽ പതറാതെ പിടിച്ചുനിൽക്കാനുള്ള കരുത്തോ മുമ്പ് അധികമൊന്നും പ്രകടിപ്പിച്ചിട്ടില്ല രാഹുൽ. പോരെങ്കിൽ,​ ഇടയ്‌ക്ക് ആരോടും മിണ്ടാതെ,​ ഒരു അജ്ഞാതവാസവും. അത്തരമൊരു പ്രതിസന്ധിഘട്ടത്തെ പാർട്ടി ഒരിക്കൽ നേരിട്ടതാണ്.

ആ ശൈശവാവസ്ഥയിൽ നിന്ന് രാഹുലിനെ കൂടെ കൊണ്ടുനടന്ന സോണിയ മകനെ പാഠങ്ങളൊന്നൊന്നായി പഠിപ്പിച്ചെടുത്തു. ഒടുവിൽ 2017 ഡിസംബറിലാണ് ആ പ്രഖ്യാപനം വന്നത്- സോണിയാ ഗാന്ധി കോൺഗ്രസ് അദ്ധ്യക്ഷ പദവിയൊഴിഞ്ഞ്,​ മകന് ആ മുൾക്കിരീടം സമ്മാനിക്കുന്നു! പാർട്ടിയിൽ അത്ര സുഖകരമൊന്നുമായിരുന്നില്ല ആ സ്ഥാനാരോഹണം. മുതിർന്ന നേതാക്കൾ മുറുമുറുക്കുക മാത്രമല്ല,​ രാഹുലിന്റെ രാഷ്ഡട്രീയ ശേഷിയിൽ പരസ്യമായിത്തന്നെ സംശയം പ്രകടിപ്പിക്കുകയും ചെയ്‌തു.

പാർലമെന്റ് സമ്മേളനത്തിന്റെ അവസാനകാലത്താണ് രാഹുൽ എന്ന രാഷ്ട്രീയ നേതാവിനെ രാജ്യം ആദ്യം തിരിച്ചറിഞ്ഞത്. യുദ്ധവിമാന അഴിമതിയുടെ പേരിൽ മോദി സർക്കാരിനെ ചെറുതായൊന്ന് അമ്പരപ്പിക്കാൻ ശ്രമിച്ച രാഹുൽ,​ സഭയിൽ പ്രധാനമന്ത്രിയെ വാരിപ്പുണർന്ന് നാടകീയരംഗങ്ങൾക്കു വഴിയൊരുക്കിയും നേതാവെന്ന ലേബൽ ഉറപ്പിച്ചു.

ഏറ്റവും ഒടുവിൽ ലോക്‌സഭാ തിരഞ്ഞെടുപ്പു പ്രചാരണ റാലികളിൽ ഊർജ്ജസ്വലതയോടെയും,​ മുതിർന്ന രാഷ്‌ട്രീയ നേോതാവിന്റെ പക്വതയോടെയും രാഹുൽ അവതരിച്ചു. പക്ഷേ,​ പാർട്ടിക്ക് നൂറു സീറ്റിലേക്ക് ഒതുങ്ങേണ്ടിവന്നാൽ അത് രാഹുലിനെതിരെ രഹസ്യമായെങ്കിലും ഒരു പടപ്പുറപ്പാടിന് വഴിയൊരുക്കും. പ്രിയങ്കയ്‌ക്കായി മുറവിളി ഉയരുകയും ചെയ്യും.