തിരുവനന്തപുരം: കഴിഞ്ഞ ദിവസം രാജ്യത്തെ മുഖ്യധാര മാദ്ധ്യമങ്ങളും സോഷ്യൽ മീഡിയയും പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ധ്യാനത്തെ കുറിച്ചായിരുന്നു വ്യപകമായി ചർച്ച ചെയ്തിരുന്നത്. മോദിയുടെ ധ്യാനത്തെ ട്രോളൻമാരും ആയുധമാക്കിയിരുന്നു. എന്നാൽ ഈ വിഷയത്തെ ട്രോളുകളാക്കി ആഘോഷിക്കുകയാണോ വേണ്ടത് എന്നാണ് യുവാവ് ചോദിക്കുന്നത്. ഇത് മോദി നടത്തിയ തിരഞ്ഞെടുപ്പ് പ്രചാരണ ആയുധമാണെന്നാണ് ഫേസ്ബുക്ക് കുറിപ്പിലൂടെ ഷിദീഷ് ലാൽ എന്ന യുവാവ് ചൂണ്ടിക്കാട്ടുന്നത്. 59 മണ്ഡലങ്ങളിൽ ഇൗ ധ്യാനം വിധിയെഴുത്തിൽ സ്വാധീനിക്കുമെന്നും യുവാവ് വ്യക്തമാക്കുന്നു
ഫേസ്ബുക്ക് കുറിപ്പിന്റെ പൂർണരൂപം
പ്രൊപ്പഗാണ്ട മേക്കിങ്ങിൽ മോദിയെ വെല്ലാൻ ലോകത്ത് മറ്റാരാളുണ്ട് എന്ന് തോന്നുന്നില്ല. മോദിയെ "വിഡ്ഢിയെന്ന്" വിളിക്കുന്ന നമ്മൾ "ബുദ്ധിമാന്മാരെല്ലാം" ക്യു നിന്ന് അയാളുടെ പ്രൊപ്പഗാണ്ടയിൽ ഏതെങ്കിലും വിധത്തിൽ പാർട്ടിസിപ്പേറ്റ് ചെയ്ത് അയാളുടെ പ്രൊപ്പഗാണ്ടയെ വൻ വിജയമാക്കി മാറ്റുന്നവരാണ്.
ഇന്ന് പൊതുതെരഞ്ഞെടുപ്പിന്റെ അവസാനഘട്ടമാണ്. 59 മണ്ഡലങ്ങളിലേക്കാണ് ഇന്ന് തെരെഞ്ഞെടുപ്പ് നടക്കുന്നത്.
ബിഹാർ 8
ഉത്തർ പ്രദേശ് 13
പശ്ചിമബംഗാൾ 9
മധ്യപ്രദേശ് 8
ജാർഖണ്ഡ് 3
ചണ്ഡിഗഡ് 1
ഹിമാചൽ പ്രദേശ് 4
പഞ്ചാബ് 13
മണ്ഡലങ്ങളാണ് ഇന്ന് പോളിംഗ്ബൂത്തിൽ പോവുന്നത്.
കഴിഞ്ഞ 6 ഫേസുകളിലെ തെരഞ്ഞെടുപ്പ് അവലോകനത്തിൽ BJP തകർന്നടിയും എന്ന റിപ്പോർട്ടുകളുടെ പശ്ചാത്തലത്തിൽ അയാൾ കളിച്ച അവസാനത്തെ പ്രൊപ്പഗാണ്ടയാണ് കേദാര്നാഥിൽ നമ്മൾ കണ്ടത്. 59 സീറ്റുകളിലേക്കുള്ള തെരെഞ്ഞെടുപ്പ് തലേന്ന് മാധ്യമങ്ങൾ ചർച്ച ചെയ്തത് റാഫേൽ അല്ല, ചൗക്കിദാർ ചോർ അല്ല, ആൾക്കൂട്ട കൊലപാതകമല്ല, രാഹുൽ ഗാന്ധിയെ അല്ല, കർഷക ആതമഹത്യയല്ല, ദളിത് അട്രോസിറ്റി അല്ല, ഇലക്ഷൻ ലീഡിങ് ട്രെൻഡുകൾ അല്ല The One and Only Modi. അതും തീർത്ഥാടന വേഷത്തിലുള്ള മോദി.
ഹിന്ദു മജോറിറ്റിയുള്ള ഒരു രാഷ്ട്രത്തിൽ ഹിന്ദു പുണ്യഭൂമിയായി കരുതുന്ന കേദാർനാഥിൽ പ്രധാനമന്ത്രി തീർത്ഥാടനം നടത്തുന്ന ദൃശ്യങ്ങൾ മീഡിയയിൽ നിറഞ്ഞു. സോഷ്യൽ മീഡിയയിൽ ട്രോളുകളിലൂടെയാണെങ്കിലും നമ്മളും നന്നായി പണിചെയ്തു. പരസ്യകമ്പനികൾ പറയുന്ന തിയറികളിൽ 'നെഗറ്റീവ്' പബ്ലിസിറ്റി എന്ന വാക്കില്ല. പബ്ലിസിറ്റി മാത്രമേ ഉള്ളൂ. എന്തെല്ലാം ട്രോളുകൾ ഉണ്ടാക്കിയാലും അത് മോദിക്കും BJP യ്ക്കും ഇന്നത്തെ ഒരു ദിവസം ഗുണം മാത്രമേ ചെയ്യൂ. അത് വോട്ടായി മാറും. 7 ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിലായുള്ള 59 മണ്ഡലങ്ങളിൽ പല മണ്ഡലങ്ങളിലെയും റിസൾട്ടുകൾ മാറാൻ അത് ഉപകരിച്ചേക്കും.
ആത്യന്തികമായി വിജയി അയാൾ മാത്രമാണ്.