ഇപ്പോൾ തിയേറ്ററിൽ മികച്ച പ്രക്ഷക പ്രതികരണം നേടുന്ന ചിത്രമാണ് ഇഷ്‌ക്. സമൂഹത്തിൽ ഇപ്പോൾ മുഴച്ച് നിൽക്കുന്ന സദാചാര പൊലീസിനെതിരെയുള്ള ചെകിടടച്ചുള്ള അടി കൂടിയാണ് ചിത്രം. ഇത് യാഥാർത്ഥ്യമാക്കുന്ന ഒരു കമന്റ് പോസ്റ്റ് ചെയ്ത് സംവിധായകൻ അനുരാജ് മനോഹർ രംഗത്തെത്തി.പാതിരാത്രി തെണ്ടി തിരിഞ്ഞു നടക്കുന്ന സകല അവളുമാരും എവിടേലും കുഴിയിൽ ചെന്ന് വീഴും. എന്നിട്ട് ഫെമിനിസം മറ്റേത് എന്ന് പറഞ്ഞിറങ്ങും..’ എന്ന കമന്റ് ഫേസ്ബുക്കിൽ പങ്കുവച്ചു കൊണ്ട് ഇത് തനിക്ക് കിട്ടിയ ഒരു പുരസ്കാരമാണെന്ന് പറയുകയാണ് സംവിധായകൻ.
അനുരാജ് മനോഹറിന്റെ ആദ്യ ചിത്രമായ ഇഷ്ക് ഏറെ സമൂഹിക പ്രശ്നങ്ങൾ കെെകാര്യം ചെയ്യുന്ന ചിത്രമാണ്. ഇഷ്ക് ഒരു പ്രണയകഥയല്ല എന്ന ടാഗ് ലൈനോട് കൂടിയാണ് ചിത്രം പുറത്തിറങ്ങിയത്. ടാഗ് ലെെനോട് ചിത്രം നീതി പുലർത്തിയെന്നും ഇത് സദാചാര പ്രവർത്തികൾക്കെതിരെയുള്ള ഒരു മറുപടിയാണെന്നും പ്രേക്ഷകർ പറയുന്നു. അതുകൊണ്ടായിരിക്കാം ആ കമന്റ് തനിക്കുള്ള ഒരവാർഡാണെന്നും കൊള്ളേണ്ടിടത്ത് തന്നെ കൊള്ളുന്നുണ്ടെന്നും സംവിധായകൻ കുറിച്ചത്.
കൊച്ചി ഇൻഫോപാർക്കിൽ ഐ.ടി കമ്പനി ജീവനക്കാരനായ സച്ചിദാനന്ദ്, കാമുകി വസുധ എന്നിവരെ കേന്ദ്രീകരിച്ചാണ് സിനിമയുടെ പ്രയാണം. ഇരുവരും കാറിൽ ഒരു യാത്ര പോകുന്നതും രാത്രി അവർക്ക് സദാചാര പൊലീസുകാരിൽ നിന്ന് നേരിടേണ്ടി വരുന്ന ദുരനുഭവങ്ങളാണ് സിനിമയുടെ ഇതിവൃത്തം.