ന്യൂഡൽഹി: കഴിഞ്ഞ വർഷം അവസാനം നടന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ കോൺഗ്രസ് മികച്ച വിജയം നേടിയ സംസ്ഥാനങ്ങളിൽ പാർട്ടി കനത്ത തിരിച്ചടി നേരിടുമെന്ന് എക്സിറ്റ് പോൾ ഫലങ്ങൾ. മദ്ധ്യപ്രദേശിലും രാജസ്ഥാനിലും ഛത്തീസ്ഗഢിലും കോൺഗ്രസിന് വൻതിരിച്ചടിയെന്നാണ് ഇന്ന് പുറത്തുവന്ന എല്ലാ എക്സിറ്റ് പോൾ ഫലങ്ങളും നൽകുന്ന സൂചന. ഈ സംസ്ഥാനങ്ങളിൽ നിയമസഭാ തിരഞ്ഞെടുപ്പിൽ നേടിയ വിജയം ആവർത്തിക്കാൻ കഴിയില്ലെന്നാണ് സർവേ വ്യക്തമാക്കുന്നത്.
മദ്ധ്യപ്രദേശിൽ ബി.ജെ.പി വലിയ നേട്ടം ഉണ്ടാക്കുമെന്നാണ് മിക്ക സർവേകളും പ്രവചിക്കുന്നത്. എ.ബി.പി ന്യൂസ്-നീൽസൺ എൻ.ഡി.എയ്ക്ക് 24 സീറ്റും യു.പി.എക്ക് അഞ്ചു സീറ്റുമാണ് പ്രവചിക്കുന്നത്, റിപ്പബ്ലിക് സീ വോട്ടർ സർവേ പ്രകാരം ബി.ജെ.പി സഖ്യം 24 ഉം കോൺഗ്രസ് സഖ്യം 5 സീറ്റും നേടും.
ഛത്തീസ്ഗഡിലെ പതിനൊന്നിൽ ആറുസീറ്റിലും ബി.ജെ.പി വിജയിക്കുമെന്ന് പ്രവചിക്കുന്ന എ.ബി.പി നീൽസൺ സർവേ കോൺഗ്രസിന് ലഭിക്കുന്ന സീറ്റുകൾ അഞ്ചെണ്ണം എന്നാണ് പ്രവചിക്കുന്നത്. രാജസ്ഥാനിലും കോൺഗ്രസിന് തിരിച്ചടി നേരിടും. സംസ്ഥാനത്തെ 25 സീറ്റുകളിൽ എൻ.ഡി.എ സഖ്യം 19 സീറ്റ് നേടുമ്പോൾ യു.പി.എക്ക് ആറു സീറ്റുകൾ മാത്രമാണ് നേടാൻ കഴിയുകയെന്നാണ് സർവേകൾ പ്രവചിക്കുന്നത്. പ്രവചിക്കുന്നത്.