ആധുനിക കാലത്തിന്റെ പ്രധാന ആരോഗ്യഭീഷണികളിലൊന്നാണ് സ്ട്രോക്ക് അഥവാ പക്ഷാഘാതം. ആരോഗ്യകരമായ ജീവിതശൈലിയും ചിട്ടയായ ആഹാരക്രമവും ഉണ്ടെങ്കിൽ സ്ട്രോക്കിനെ പ്രതിരോധിക്കാം. ആഹാരത്തിൽ ഉപ്പിന്റെ വർദ്ധിച്ച അളവ് രക്തസമ്മർദ്ദം വർദ്ധിപ്പിച്ച് സ്ട്രോക്കിന് കാരണമാകും. അച്ചാർ, ഉണക്ക മീൻ, ടിൻഫുഡുകൾ, സോസുകൾ എന്നിവയിൽ ഉപ്പ് ധാരാളമുള്ളതിനാൽ ഒഴിവാക്കുക. പ്രായപൂർത്തിയായ ഒരാൾ ഒരു ദിവസം ആറു ഗ്രാം ഉപ്പിൽ കൂടുതൽ കഴിക്കരുത്. പൂരിതകൊഴുപ്പിന്റെ ഉപയോഗം രക്തസമ്മർദ്ദം വർദ്ധിപ്പിച്ച് സ്ട്രോക്കുണ്ടാക്കും. വറുത്തതും പൊരിച്ചതുമായ ആഹാരസാധനങ്ങളുടെ ഉപയോഗം കുറയ്ക്കുക.
നല്ല കൊളസ്ട്രോൾ അടങ്ങിയ ഭക്ഷണം കഴിക്കുക. നാരുകൾ ധാരാളമുള്ള പഴങ്ങൾ, പച്ചക്കറികൾ, ധാന്യങ്ങൾ, സോയാബീൻ, ഇലക്കറികൾ എന്നിവ നിത്യഭക്ഷണത്തിൽ ഉൾപ്പെടുത്തുക. വ്യായാമം ഉള്ള ജീവിതശൈലി പിന്തുടരുക. മനസ് ശാന്തവും സ്വസ്ഥവുമാക്കി നിലനിറുത്തുക. യോഗ, ധ്യാനം എന്നിവ ശീലമാക്കുക. സംഗീതം , യാത്രകൾ, വായന എന്നിവ മാനസികാരോഗ്യവും ഉന്മേഷവും നൽകുന്നതിലൂടെ സ്ട്രോക്കിനെ പ്രതിരോധിക്കും.