കറാച്ചി : പട്ടിണിയും പരിവട്ടവുമായി നട്ടം തിരിയുന്ന പാകിസ്ഥാനിലെ ജനങ്ങൾക്ക് ആശ്വാസമായാണ് മാർച്ച് മാസം അവസാനം പാക് പ്രധാനമന്ത്രിയുടെ ആ വാക്കുകളെത്തിയത്. ഏഷ്യയിലെ ഏറ്റവും വലിയ എണ്ണ നിക്ഷേപ രാജ്യമായി പാകിസ്ഥാൻ മാറുകയാണെന്നും, വിദേശത്തുനിന്നുള്ള എണ്ണ ഇറക്കുമതി വേണ്ടെന്ന് മാത്രമല്ല വൻതോതിൽ വിവിധ രാജ്യങ്ങളിലേക്ക് പാകിസ്ഥാൻ എണ്ണ കയറ്റുമതി ചെയ്യുമെന്നുമായിരുന്നു ഇമ്രാൻ ഖാൻെറ വീമ്പടി. കേവലം മൂന്ന് ആഴ്ചകൾക്കകം രാജ്യം കൊതിക്കുന്ന നല്ല വാക്കുകൾ കേൾക്കാമെന്നും അതിനായി എല്ലാവരും പ്രാർത്ഥിക്കണമെന്നും അദ്ദേഹം രാജ്യത്തോട് ആവശ്യപ്പെട്ടിരുന്നു. അറബിക്കടലിൽ കറാച്ചിയിൽ നിന്നും 230 കിലോമീറ്റർ മാറിയാണ് സമ്പന്നമായ എണ്ണനിക്ഷേപമുണ്ടെന്ന സൂചന ലഭിച്ചിരുന്നത്.
എണ്ണ നിക്ഷേപമുണ്ടെന്ന സൂചന ലഭിച്ചതിനെ തുടർന്ന് കോടികൾ ചെലവഴിച്ചാണ് പാകിസ്ഥാൻ പര്യവേക്ഷണ പരീക്ഷണങ്ങൾ തുടങ്ങിയത്. യു.എസ്. എണ്ണക്കമ്പനിയായ എക്‌സോൺ മൊബീൽ, ഇ.എൻ.ഐ., പാകിസ്താന്റെ ഔദ്യോഗികകമ്പനിയായ ഓയിൽ ആൻഡ് ഗ്യാസ് ഡെവലപ്‌മെന്റ് കമ്പനി ലിമിറ്റഡ് (ഒ.ജി.ഡി.സി.എൽ), പാകിസ്താൻ പെട്രോളിയം ലിമിറ്റഡ് എന്നീ കമ്പനികളായിരുന്നു ഖനനത്തിൽ പങ്കാളികളായത്. എന്നാൽ ഇമ്രാൻ ഖാന്റെ കണ്ടെത്തലിന് ആഴ്ചകൾക്കിപ്പുറം പാകിസ്ഥാനെ നിരാശയിലാഴ്ത്തുന്ന റിസൾട്ടാണ് പര്യവേക്ഷണ സംഘത്തിന് നൽകാനായത്. എണ്ണകയറ്റുമതിയിലൂടെ ലോകത്തെ സമ്പന്ന രാഷ്ട്രമാവാമെന്നത് വെറും സ്വപ്നം മാത്രമാക്കി പാകിസ്ഥാന്റെ സമുദ്രതീരത്ത് എണ്ണസമ്പത്തിന്റെ സാന്നിധ്യമില്ലെന്ന് സ്ഥിരീകരണം വന്നിരിക്കുന്നു. കറാച്ചിക്ക് സമീപം സമുദ്രാന്തർഭാഗത്തെ എണ്ണക്കിണർ കുഴിച്ചുകൊണ്ടുള്ള പരീക്ഷണം ഉപേക്ഷിച്ചതായി പാക് സർക്കാർ അറിയിച്ചിരിക്കുകയാണ്. പത്ത് കോടിയോളം രൂപയാണ് ഇതുവരെ പര്യവേക്ഷണത്തിനായി ചെലവഴിച്ചത്. നിലവിൽ ആവശ്യത്തിന്റെ എൺപത്തിയഞ്ച് ശതമാനത്തോളം ക്രൂഡ് പാകിസ്താൻ ഇറക്കുമതി ചെയ്യുകയാണ്.