fox

കോഴിക്കോട്: കൊയിലാണ്ടിക്കടുത്തുള്ള ഊരള്ളൂരിൽ കുറുക്കന്റെ കടിയേറ്റ്‌ 11 പേർ ആശുപത്രിയിൽ ചികിത്സ തേടി. കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിലാണ് ഇവരെ ചികിത്സയ്ക്കായി പ്രവേശിപ്പിച്ചത്. സ്ത്രീകൾ അടക്കമുള്ളവർക്കാണ് കുറുക്കനിൽ നിന്നും ആക്രമണം ഉണ്ടായത്.

ഞായറാഴ്ച രാത്രി 7 മണിയോടടുത്താണ് സംഭവം. ആക്രമണം നേരിട്ടവർ നിലവിളിക്കുന്നത് കേട്ട് ഓടി എത്തിയവർക്കും കടി ഏൽക്കുകയായിരുന്നു.

ഏഴ് പുരുഷന്മാർക്കും നാല് സ്ത്രീകൾക്കും കുറുക്കന്റെ കടി ഏറ്റിട്ടുണ്ട്. ഇതിൽ ഭൂരിഭാഗം പേരുടെയും ശരീരത്തിൽ ആകമാനം കടി കിട്ടിയതിന്റെ പാടുകൾ ഉണ്ട്.

കുറുക്കനെ പിന്നീട് ആത്മരക്ഷാർത്ഥം ആളുകൾ തല്ലികൊല്ലുകയായിരുന്നു. കടിയേറ്റവരെ പേ വിഷബാധയിൽ നിന്നും രക്ഷിക്കാൻ അടിയന്തിര കുത്തിവയ്പ്പും നൽകിയിട്ടുണ്ട്.