കൊൽക്കത്ത: ബി.ജെ.പിക്ക് പശ്ചിമ ബംഗാളിൽ വൻ മുന്നേറ്റമുണ്ടാകുമെന്ന് എക്‌സിറ്റ് പോൾ ഫലം. 42 സീറ്റുകളുള്ള ബംഗാളിൽ 2014ലെ ലോക്‌സഭാ തെരഞ്ഞെടുപ്പിൽ രണ്ട് സീറ്റ് മാത്രമേ ബി.ജെ.പിക്ക് ലഭിച്ചിരുന്നുള്ളു. എന്നാൽ കഴിഞ്ഞ ദിവസം പുറത്ത് വന്ന എക്‌സിറ്റ് പോൾ ഈ വർഷം ബി.ജെ.പിക്ക് 19 മുതൽ 23 വരെ സീറ്റ് ലഭിക്കുമെന്ന് പ്രവചിക്കുന്നു.ബംഗാൾ ഭരിക്കുന്ന മമത ബാനർജിയുടെ തൃണമൂൽ കോൺഗ്രസ് ഈ വർഷവും വൻ ഭൂരിപക്ഷത്തോടെ വിജയിക്കുമെന്ന പ്രതീക്ഷയിലാണ്.തൃണമൂൽ കോൺഗ്രസ് 2014ൽ 34 സീറ്റ് നേടിയിരുന്നു. എന്നാൽ ഈ വർഷം ആ വിജയം ആവർത്തിക്കാൻ സാധ്യതയില്ലെന്നാണ് എക്‌സിറ്റ് പോൾ പറയുന്നത്.
ടൈംസ് നൗ-വിഎംആർ എക്‌സിറ്റ് പോൾ സർവേ പ്രകാരം 2014ൽ 2 സീറ്റ് നേടിയ ബി.ജെ.പി ഇത്തവണ 11 സീറ്റ് നേടും. തൃണമൂൽ കോൺഗ്രസ് 28ഉം കോൺഗ്രസ് രണ്ട് സീറ്റും നേടുമെന്നാണ് പ്രവചനം.ഇന്ത്യ ടുഡെ- അക്‌സിസ് മൈ ഇന്ത്യയുടെ എക്‌സിറ്റ് പോൾ പ്രവചന പ്രകാരം 19-22 സീറ്റ് തൃണമൂൽ കോൺഗ്രസും, 19-23 ബി.ജെ.പിയും നേടുമെന്ന് പറയുന്നു.എബിപി എക്‌സിറ്റ് പോൾ ഫലപ്രകാരം ബിജെപി 16 സീറ്റും തൃണമൂൽ കോൺഗ്രസ് 24സീറ്റും കോൺഗ്രസും മറ്റുള്ളവരും 2 സീറ്റ് വരെ നേടും.
റിപ്പബ്ലിക്ക് സി വോട്ടർ എക്‌സിറ്റ് പോൾ സർവേ പ്രകാരം തൃണമൂൽ കോൺഗ്രസ് 29 സീറ്റ്, ബി.ജെ.പി 11,കോൺഗ്രസ് 2 സീറ്റ് എന്നിവ സ്വന്തമാക്കും. പശ്ചിമ ബംഗാളിൽ ലെഫ്റ്റ് ഫ്രണ്ടിന് ഒരു സീറ്റ് പോലും ലഭിക്കില്ലെന്ന് സി വോട്ടറും റിപ്പബ്ലിക് ടിവി ജൻകി ബാത്തും ഒരു പോലെ പറയുന്നു.
ന്യൂസ് 18- ഐപിഎസ്ഒഎസ് സർവേ പ്രവചിക്കുന്നത് 36-38 സീറ്റ് തൃണമൂൽ കോൺഗ്രസും ബി.ജെ.പി 3-5 സീറ്റും നേടും.എല്ലായിപ്പോഴും എക്‌സിറ്റ് പോൾ ഫലങ്ങൾ കൃത്യമായിരിക്കണമെന്നില്ല. ഇതിൽ മാറ്റങ്ങൾ ഉണ്ടാകാം. മെയ് 23ന് ഔദ്യോഗിക ഫലം പുറത്ത് വരും.