ന്യൂഡൽഹി: എക്‌സിറ്റ്പോളിൽ വിശ്വസിക്കുന്നില്ലെന്നും അവ കൃത്യമായ കണക്കുകളല്ലെന്നും സി.പി.എം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി പറഞ്ഞു. ഒരു ദേശീയ മാദ്ധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. ' എക്സിറ്റ് പോൾ ഫലത്തിൽ ഞങ്ങൾ വിശ്വസിക്കുന്നില്ല, അത് കൃത്യമായ കണക്കുകളല്ല. ഇതുപോലെയായിരുന്നു ആസ്ട്രേലിയയിൽ കഴിഞ്ഞ ദിവസം നടന്നത്. എക്സിറ്റ്പോളിൽ പ്രവചിച്ചതിലും തികച്ചും വിപരീതമായിരുന്നു ശരിയായ ഫലം പുറത്തുവന്നപ്പോഴുണ്ടായത്. അതുകൊണ്ടുതന്നെ എക്സിറ്റ് പോൾ ഫലം ഗൗരവമായി എടുക്കുന്നില്ലെ ‘ന്നും അദ്ദേഹം പറഞ്ഞു.
ഈ സംഭവത്തിൽ പ്രശസ്ത കാർട്ടൂണിസ്റ്റ് ആർ.കെ ലക്ഷ്മണൻ വരച്ച ഒരു കാർട്ടൂണാണ് ഓർമ വരുന്നത്. തെറ്റായി വോട്ട് ചെയ്തതിന് ഭർത്താവിനെ ഭാര്യ ചീത്ത പറയാനൊരുങ്ങുമ്പോൾ ‘പേടിക്കേണ്ട എക്‌സിറ്റ് പോളിൽ തെറ്റ് തിരുത്തിയിട്ടുണ്ട്’ എന്ന് ഭർത്താവ് പറയുന്നതാണ് കാർട്ടൂണ്‍. ഇതാണ് ഇന്ത്യൻ യാഥാർത്ഥ്യമെന്നും യെച്ചൂരി പറഞ്ഞു.
തിരഞ്ഞെടുപ്പ് കമ്മിഷന്റെ ഇടപെടലുകളിൽ കടുത്ത നിരാശയുണ്ടെന്നും യെച്ചൂരി കൂട്ടിച്ചേർത്തു. താൻ തന്നെ നിരവധി പരാതികൾ കമ്മീഷന് നൽകിയിരുന്നു. അവയെല്ലാം ചട്ടലംഘനങ്ങളായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. മോദിയുടെയും അമിത് ഷായുടെയും വിഷയത്തിൽ കമ്മിഷന്റെ സുതാര്യത ചോദ്യം ചെയ്യപ്പെട്ടെന്നും അദ്ദേഹം പറഞ്ഞു.
പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ എൻ.ഡി.എ സർക്കാർ വ്യക്തമായ ഭൂരിപക്ഷത്തോടെ ഭരണം നിലനിറുത്തുമെന്നാണ് വിവിധ ദേശീയചാനലുകളുടെ എക്സിറ്റ് പോളുകൾ പ്രവചിച്ചത്. കേരളത്തിൽ യു.ഡി.എഫ് തരംഗമുണ്ടാകുമെന്നും ബി.ജെ.പി അക്കൗണ്ട് തുറക്കുമെന്നും മിക്ക സർവേകകളും പറയുന്നു. കോൺഗ്രസ് നില മെച്ചപ്പെടുത്തും. എട്ട് സർവേകളാണ് മോദിയുടെ തുടർഭരണം പ്രവചിക്കുന്നത്. ലോക്സഭയിലെ 543 സീറ്റിൽ ബി. ജെ. പി മുന്നണിയായ എൻ.ഡി.എയ്ക്ക് 280 മുതൽ 365വരെ സീറ്റുകളാണ് പ്രവചിക്കപ്പെട്ടത്. മൂന്നൂറ് കടക്കുമെന്ന് റിപ്പബ്ലിക് ടി.വി, ടൈംസ് നൗ തുടങ്ങിയ 6 ചാനലുകളും 290 വരെ ന്യൂസ് നേഷനും 298 സീറ്റ് ന്യൂസ് എക്സും പ്രവചിക്കുന്നു. കഴിഞ്ഞ തവണത്തെ പോലെ സ്വന്തം നിലയിൽ കേവലഭൂരിപക്ഷം നേടാൻ ബി.ജെ.പിക്ക് കഴിയില്ല. എ.ബി.പി ന്യൂസ് തൂക്ക് പാർലമെന്റാണ് പ്രവചിക്കുന്നത്. എൻ.ഡി.എ 267,യു.പി.എ 127,മറ്റുള്ളവർ 148 എന്നതാണ് എ.ബി.പിയുടെ പ്രവചനം.