നെയ്യാറ്റിൻകര: ലൈസൻസ് ഇല്ലാതെ യാത്ര ചെയ്തതിന് മാരായമുട്ടം പൊലീസ് രണ്ടുദിവസം മുമ്പ് പിടിച്ചെടുത്ത ബൈക്ക് തിരികെ കിട്ടണമെന്ന ആവശ്യവുമായി മൂന്നു നില കെട്ടിടത്തിനു മുകളിൽ കയറി യുവാവിന്റെ ആത്മഹത്യാ ഭീഷണി. പൂവാൻകാല കുഴിക്കാലവീട്ടിൽ റജിയുടെ മകൻ രഞ്ജിത്ത് (18) ആണ് ഇന്നലെ വൈകിട്ട് മൂന്നോടെ പറക്കോട്ടുകോണം കോളച്ചാൽ കാർഷിക വിപണന കേന്ദ്രത്തിന്റെ മൂന്നാമത്തെ നിലയിൽ കയറിയത്. യുവാവിന്റെ കൈയിൽ ബ്ലൈഡും മദ്യക്കുപ്പിയും ഉണ്ടായിരുന്നു. ബൈക്ക് തിരിച്ചു കിട്ടിയില്ലെങ്കിൽ കൈയിൽ കരുതിയിരുന്ന ബ്ലൈഡ് ഉപയോഗിച്ച് കൈ ഞരമ്പുകൾ മുറിച്ച് ആത്മഹത്യ ചെയ്യുമെന്നും യുവാവ് ഉച്ചത്തിൽ വിളിച്ചു പറഞ്ഞു.
തുടർന്ന് മാരായമുട്ടം പൊലീസ് ബൈക്ക് തിരികെ കൊണ്ടുവന്ന് യുവാവ് കാണത്തക്ക വിധത്തിൽ വച്ചെങ്കിലും യുവാവ് തഴേക്കിറങ്ങാൻ തയ്യാറായില്ല. ഒടുവിൽ മാരായമുട്ടം പൊലീസ് എസ്.ഐ അറിയിച്ചതിനെ തുടർന്ന് നെയ്യാറ്റിൻകരയിൽ നിന്ന് ഫയർഫോഴ്സ് സംഘം സ്ഥലത്തെത്തുകയും. ഫയർമാൻ സുകുവിന്റെ തന്ത്രപരമായ നീക്കത്തിലൂടെ കെട്ടിടത്തിനു മുകളിൽ കയറി യുവാവിനെ കിഴ്‌പ്പെടുത്തി തഴേക്ക് ഇറക്കുകയായിരുന്നു. ഇതിന് ശേഷം രഞ്ജിത്തിന് ബൈക്ക് നൽകി. എസ്.ഡി.ഒ ഡി. യേശുദാസിന്റെയും ലീഡിംഗ് ഫയർമാൻമാരായ പ്രേംകുമാർ, തുടങ്ങിയവാരാണ് രക്ഷാ പ്രവർത്തനത്തിന് നേതൃത്വം നൽകിയത്. പിതാവായ റജികുമാറിന്റെ സാന്നിദ്ധ്യത്തിൽ യുവാവിനെ നെയ്യാറ്റിൻകര ജില്ലാ ആശുപത്രിയിലെത്തിച്ചു.