modi-bse

മുംബയ്: 950 പോയിന്റ് നേട്ടവുമായി സെൻസെക്സ്. നരേന്ദ്ര മോദി വീണ്ടും അധികാരത്തിൽ വരുമെന്ന ഇന്നലത്തെ എക്സിറ്റ് പോൾ ഫലങ്ങൾക്ക് ശേഷമാണ് സെൻസെക്സ് മുകളിലേക്ക് കുതിച്ചത്. ആദ്യ വ്യാപാരത്തിൽ മുംബയ് സ്റ്റോക്ക് എക്സ്ചേഞ്ച് 912.12 പോയിന്റിന്റെ കുതിപ്പാണ് രേഖപ്പെടുത്തിയത്. ഇന്നലത്തെ വ്യാപാരം അവസാനിച്ചപ്പോൾ 286.95 പോയിന്റാണ് നാഷണൽ സ്റ്റോക്ക് എക്സ്ചേഞ്ച് നിഫ്റ്റി രേഖപ്പെടുത്തിയത്. ബാങ്കിങ്, സേവനങ്ങൾ, വാഹന വിപണി, ലോഹ വ്യാപാരം എന്നീ മേഖലകളിലാണ് ഏറ്റവും കൂടുതൽ ക്രയവിക്രയം നടന്നത്.

ഇന്ത്യബുൾസ് ഹൗസിംഗ് ഫിനാൻസ്, ലാർസെൻ ആൻഡ് ടൂബ്രോ, സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ, ഐ.സി.ഐ.സി.ഐ ബാങ്ക്, മാരുതി സുസുക്കി ഇന്ത്യ, മഹീന്ദ്ര ആൻഡ് മഹീന്ദ്ര എന്നീ കമ്പനികളാണ് ഇന്നലത്തെ വ്യാപാരത്തിൽ ഏറ്റവും ലാഭം നേടിയത്. 3.49 മുതൽ 4.60 ശതമാനത്തിന്റെ വ്യാപാരമാണ് ഈ കമ്പനികളിൽ നിന്നും ഉണ്ടായത്.

റിലയൻസ് ഇൻഡസ്ട്രീസ്, എച്ച്.ഡി.എഫ്.സി ബാങ്ക് എന്നിവരും മെച്ചപ്പെട്ട പ്രകടനം കാഴ്ചവെച്ചു. തിരഞ്ഞെടുപ്പ് ഫലം ഔദ്യോഗികമായി പ്രഖ്യാപിക്കുന്നത് വരെ വ്യാപാരത്തിലെ ഉയർച്ചാ നിരക്ക് തുടരും എന്നാണു സാമ്പത്തിക വിദഗ്ധർ പറയുന്നത്. സ്ഥിരതയുള്ള സർക്കാർ സെൻസെക്സിന് ഏറെ സഹായകമാകും എന്നും ഇവർ പറയുന്നു.

അമേരിക്കയും ചൈനയും തമ്മിലുള്ള സമ്മർദ്ദങ്ങൾക്ക് ശേഷം നിക്ഷേപകർക്ക് ശ്വാസമെടുക്കാനായത് എക്സിറ്റ് പോളുകൾ പുറത്ത് വന്ന ശേഷമാണ്. അതുകൊണ്ടുതന്നെ ഏഷ്യൻ വിപണി ആകമാനം സന്തുലിതാവസ്ഥ പ്രകടമായിരുന്നു.