തൃശൂർ: മഞ്ഞപ്പിത്തം പടരുന്ന സാഹചര്യത്തിൽ ആഘോഷവേളകളിലെ വെൽക്കം ഡ്രിംഗ് മുതൽ ക്ഷേത്രങ്ങളിലെ പുണ്യാഹം വരെ സൂക്ഷിക്കണമെന്ന മുന്നറിയിപ്പുമായി ആരോഗ്യവകുപ്പ്. മഞ്ഞപ്പിത്ത ബാധയുണ്ടായ പ്രധാന പ്രദേശങ്ങളിലെ കിണറുകളിലെ നീരുറവുകളുമായി കക്കൂസ് മാലിന്യം അടിത്തട്ടിൽ കൂടിച്ചേരുന്നുണ്ടെന്നാണ് കണ്ടെത്തൽ. ഇതോടെ നഗരത്തിലെ ഒരു ക്ഷേത്രക്കിണറിലെ വെള്ളം ഒരു അറിയിപ്പുണ്ടാകുന്നതുവരെ നേരിട്ട് പുണ്യാഹത്തിന് ഉപയോഗിക്കരുതെന്ന് ക്ഷേത്രം അധികൃതർക്ക് ആരോഗ്യവകുപ്പ് നിർദ്ദേശം നൽകി.
പൂരത്തിന് മുമ്പ് ഈ ക്ഷേത്രത്തിലെത്തിയ പൂജാരിയിലാണ് ആദ്യം മഞ്ഞപ്പിത്ത ബാധയുണ്ടായത്. ക്ഷേത്രവുമായി ബന്ധപ്പെട്ട വിവിധ മേഖലയിലുള്ളവരിലേക്കും മഞ്ഞപ്പിത്തം പടർന്നു. അന്വേഷണത്തിൽ ക്ഷേത്രത്തിനടുത്തുള്ള വീട്ടിലെ കക്കൂസ് ടാങ്ക് വൃത്തിയാക്കി മാലിന്യം തൊട്ടടുത്ത് തന്നെ കുഴികുത്തി മൂടിയത് കണ്ടെത്തി. ക്ഷേത്രത്തിലെ കക്കൂസ് ടാങ്കിന്റെ അവസ്ഥയും ശോചനീയമായിരുന്നു. ഇതുരണ്ടും മഞ്ഞപ്പിത്ത ബാധയ്ക്ക് കാരണമായെന്നാണ് ആരോഗ്യവകുപ്പിന്റെ കണ്ടെത്തൽ.
ആദ്യഘട്ടത്തിൽ ഇതൊന്നും പരിശോധിക്കാൻ ക്ഷേത്രം അധികൃതർ ആരോഗ്യവകുപ്പിനെ അനുവദിച്ചില്ല. കളക്ടറുമായി ബന്ധപ്പെട്ട് നടത്തിയ പരിശോധനയ്ക്ക് ശേഷം ക്ഷേത്രത്തിലെ കക്കൂസ് ടാങ്ക് ക്‌ളീൻ ചെയ്ത് ദ്വാരങ്ങൾ അടച്ച് ഫൈബർ കോട്ടിംഗ് നടത്തി. ഇതിനു ശേഷം കിണറ്റിലെ വെള്ളം ക്‌ളോറിനേറ്റ് ചെയ്ത് ശുദ്ധീകരിച്ചു. മൂന്ന് ദിവസം കഴിഞ്ഞ് കിണർ വെള്ളം വീണ്ടും പരിശോധിച്ചപ്പോൾ ഇ- കോളിന്റെ സാന്നിദ്ധ്യം കൂടുതൽ കണ്ടെത്തിയതോടെയാണ് പുണ്യാഹത്തിന് ഈ വെള്ളം നേരിട്ട് ഉപയോഗിക്കുന്നതിന് വിലക്ക് ഏർപ്പെടുത്തിയത്. കുട്ടൻകുളങ്ങര ഭാഗത്ത് മഞ്ഞപ്പിത്തം പടർന്നത് സമീപത്തുള്ള ഫ്‌ളാറ്റിലെ കിണറ്റിൽ നിന്നുള്ള വെള്ളത്തിൽ നിന്നാണെന്ന് കണ്ടെത്തി. ഇവിടെയും അടുത്തിടെ കക്കൂസ് ടാങ്ക് വൃത്തിയാക്കിയിരുന്നു. ഈ സമയത്തുണ്ടായ വിടവിലൂടെ സമീപത്തെ കിണറിലേക്ക് കക്കൂസ് മാലിന്യം ഒഴുകിയെത്തുകയായിരുന്നു.
തൃശൂരിന് ശേഷം രണ്ടാമത് ഒല്ലൂരിലെ വിവാഹസത്കാരത്തിൽ പങ്കെടുത്തവർക്കാണ് മഞ്ഞപ്പിത്ത ബാധയുണ്ടായത്. സത്കാരത്തിന് ഉപയോഗിച്ച കിണറിലെ വെള്ളത്തിൽ ഇ- കോളിൻ കലർന്നതായിരുന്നു കാരണം. ഈ കിണറിന് സമീപത്തെ വീട്ടിലും അടുത്ത ദിവസങ്ങളിൽ ടാങ്ക് നിറഞ്ഞതിനെ തുടർന്ന് കക്കൂസ് മാലിന്യം നീക്കം ചെയ്തിരുന്നു. നഗരത്തിലെ ചില ഹോട്ടലുകളിലെ ജീവനക്കാരിൽ കൈകളിൽ വ്രണമുള്ളവരും മറ്റു പകർച്ച വ്യാധികളും ഉള്ളവർ ജോലി ചെയ്യുന്നതായി ആരോഗ്യവകുപ്പ് കണ്ടെത്തിയിട്ടുണ്ട്. ഇത്തരക്കാരിൽ ബോധവത്കരണം നടത്താനുള്ള തയ്യാറെടുപ്പിലാണ് വകുപ്പ്.
വെൽക്കം ഡ്രിഗ് അപകടം
ശുദ്ധമായ വെള്ളത്തിൽ തയ്യാറാക്കാത്ത വെൽക്കം ഡ്രിംഗുകൾ കുടിക്കരുത്. 100 ഡിഗ്രി സെൽഷ്യസിൽ തിളപ്പിച്ച വെള്ളത്തിൽ ഇ-കോളിൻ ബാക്ടീരിയയുടെ സാന്നിദ്ധ്യമുണ്ടാകില്ല. പക്ഷെ, ഈ വെള്ളത്തിൽ തിളപ്പിക്കാത്ത വെള്ളം ചേർക്കുമ്പോൾ വെള്ളത്തിന്റെ ചൂട് നില 50 മുതൽ 60 സെൽഷ്യസ് വരെയാകും. ഇ-കോളിൻ ബാക്ടീരിയക്ക് കൂടുതൽ വളരാനും രോഗം പടർത്താനും സഹായകമായ താപനിലയാണിത്. പൂർണമായും തിളപ്പിച്ചാറ്റിയ വെള്ളം മാത്രമേ വെൽക്കം ഡ്രിംഗായി കൊടുക്കാൻ പാടുള്ളു. അതല്ലെങ്കിൽ എ.വി. ഫിൽറ്റർ ചെയ്ത വെള്ളമായിരിക്കണം- റീന കെ.ജെ. (ഡി.എം.ഒ)
മഞ്ഞപ്പിത്ത ബാധ കണ്ടെത്തിയത്
2018-19: 542 (മരണം -1)
2019-20: 122