saudi-missile

റിയാദ്: അമേരിക്കയും ഇറാനും തമ്മിലുള്ള യുദ്ധഭീഷണി മേഖലയിൽ ഭീതി സൃഷ്‌ടിക്കുന്നതിനിടെ സൗദി അറേബ്യയിലെ ജിദ്ദ അന്താരാഷ്ട്ര വിമാനത്താവളത്തിന് നേരെ യെമനി വിമതന്മാരുടെ മിസൈൽ ആക്രമണം. തിങ്കളാഴ്‌ച രാവിലെയോടെയാണ് സൗദി നഗരമായ ജിദ്ദയിലെ കിംഗ് അബ്‌ദുൽ അസീസ് വിമാനത്താവളത്തെ ലക്ഷ്യമിട്ട് ഹൂതി ഭീകരർ രണ്ട് മിസൈലുകൾ തൊടുത്തത്. എന്നാൽ അമേരിക്കൻ മിസൈൽ പ്രതിരോധ സംവിധാനമായ പാട്രിയറ്റ് ഇവ കണ്ടെത്തി കൃത്യമായി തകർത്തതിനാൽ വൻ ദുരന്തം ഒഴിവായി. ഇനിയും മിസൈലുകൾ തൊടുത്തേക്കുമെന്ന മുന്നറിയിപ്പിനെ തുടർന്ന് വിമാനത്താവളത്തിലെ വ്യോമഗതാഗതം തത്കാലത്തേക്ക് നിറുത്തിയതായും റിപ്പോർട്ടുകളുണ്ട്. കൂടാതെ മറ്റൊരു നഗരമായ തായിഫിനെ ലക്ഷ്യമിട്ടെത്തിയ മറ്റ് മിസൈലുകൾ പാട്രിയറ്റ് സംവിധാനം തകർത്തതായും അന്താരാഷ്ട്ര മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. അതേസമയം, ഇതിന് പിന്നാലെ യെമനിലെ ജനവാസ കേന്ദ്രങ്ങളിൽ സൗദി സഖ്യസേന വ്യോമാക്രമണം നടത്തിയതായും വിവരമുണ്ട്.

saudi-missile

സൗദി സഖ്യസേനയെ ലക്ഷ്യമിട്ട് അഞ്ച് ബാലിസ്‌റ്റിക് മിസൈലുകൾ തങ്ങൾ തൊടുത്തതായി ഹൂതി വിമതസേന അവകാശപ്പെട്ടു. ഇതിൽ നിരവധി പേർ കൊല്ലപ്പെട്ടതായും ഇവർ പറയുന്നു. സൗദി സഖ്യസേന യെമനിൽ നടത്തുന്ന കൂട്ടക്കുരുതിക്ക് പ്രതികാരമായാണ് ഇപ്പോഴത്തെ ആക്രമണമെന്നും അവർ പറയുന്നു. എന്നാൽ അമേരിക്കൻ നിർമിത പാട്രിയറ്റ് സംവിധാനം ഉപയോഗിച്ച് മിസൈലുകളെ വിജയകരമായി തകർത്തുവെന്ന് സൗദി വ്യോമസേന അറിയിച്ചു. ഇതിന്റെ വീഡിയോയും സൗദി മാദ്ധ്യമങ്ങൾ പുറത്തുവിട്ടിട്ടുണ്ട്. ആകാശത്ത് വൻ ശബ്‌ദം കേട്ടതായി ഇവിടെ താമസിക്കുന്ന ആളുകൾ സോഷ്യൽ മീഡിയ വഴി പറയുന്നുണ്ട്.ഇറാന്റെ പിന്തുണയോടെയാണ് ഹൂതികൾ ആക്രമണം നടത്തുന്നതെന്നും സൗദി മാദ്ധ്യമങ്ങൾ ആരോപിക്കുന്നു.

saudi-missile

എന്താണ് പാട്രിയറ്റ്?

റഡാർ സംവിധാനം ഉപയോഗിച്ച് മിസൈൽ കണ്ടത്തുകയും ആകാശത്തുവച്ച് നശിപ്പിക്കുകയും ചെയ്യുന്ന ഭൂതലആകാശ മിസ്സെൽ സംവിധാനമാണ് പാട്രിയറ്റ്. അമേരിക്കയാണ് ഈ മിസൈൽ ആദ്യമായി വികസിപ്പിച്ചെടുത്തത്. പിന്നീട് അമേരിക്കയുടെ സഖ്യത്തിലെ മിക്ക രാജ്യങ്ങളിലും ഈ സംവിധാനം കൊണ്ടുവന്നു. 1981 ലാണ് പാട്രിയറ്റ് പുറത്തുവരുന്നത്.
ചെലവ്: 20 മുതൽ 30 ലക്ഷം ഡോളർ
അമേരിക്കയുടെ കൈവശം : 1,106 പാട്രിയറ്റ് ലോഞ്ചറുകൾ
പാട്രിയറ്റ് മിസൈലുകൾ : 10000
നിർമ്മാതാവ് : റയ്‌ത്തിയോൺ( യു.എസ് പ്രതിരോധ കരാറുകാരൻ)
ആദ്യം നിർമ്മിച്ചത്: 1976
പ്രയോഗത്തിൽ : 1981 മുതൽ

saudi-missile

ലോകത്തിലെവിടെ മിസൈൽ വിക്ഷേപിച്ചാലും അമേരിക്ക അറിയും

അത്യാധുനിക സാങ്കേതിക വിദ്യ ഉപയോഗിച്ച് പ്രവർത്തിക്കുന്ന നിരവധി മിസൈൽ പ്രതിരോധ സംവിധാനങ്ങൾ ഉള്ളതിനാൽ ലോകത്തിന്റെ ഏത് കോണിൽ നിന്ന് മിസൈലുകൾ വിക്ഷേപിച്ചാലും അമേരിക്കൻ പ്രതിരോധ വകുപ്പിന് മിനിട്ടുകൾക്കുള്ളിൽ അറിയാൻ കഴിയും. അമേരിക്കൻ ഐക്യ നാടുകൾക്ക് മിസൈൽ ഭീഷണിയാകുമോ എന്നാണ് പ്രതിരോധ വകുപ്പിന് കീഴിൽ 24 മണിക്കൂറും പ്രവർത്തിക്കുന്ന കേന്ദ്രം പരിശോധിക്കുന്നത്. പിന്നീട് തങ്ങളുടെ സഖ്യകക്ഷികൾക്ക് ഭീഷണിയാകുമോ എന്നും പരിശോധിക്കും. എന്തെങ്കിലും തരത്തിലുള്ള ഭീഷണിയാണെന്ന് കണ്ടെത്തുകയാണെങ്കിൽ നിമിഷങ്ങൾക്കുള്ളിൽ പിന്തുടർന്ന് തകർക്കാൻ കഴിയുന്ന ആയിരക്കണക്കിന് മിസൈൽ പ്രതിരോധ സംവിധാനങ്ങൾ ലോകത്തിന്റെ വിവിധ ഇടങ്ങളിൽ അമേരിക്ക തയ്യാറാക്കിയിട്ടുണ്ട്.