fish

ബോവിക്കാനം : നേരം പുലർന്നപ്പോൾ പയസ്വിനിപ്പുഴയിലെ നെയ്യങ്കയത്തിൽ വമ്പൻ മീനുകളുൾപ്പെടെ ജലപ്പരപ്പിൽ തുള്ളിച്ചാടുന്ന കാഴ്ചയാണ് നാട്ടുകാർ കണ്ടത്. കടുത്ത വേനലിൽ ജലനിരപ്പ് കുറഞ്ഞ് അമ്പതടിയോളം ആഴമുള്ള നെടുങ്കയം വെള്ളക്കെട്ടായി മാറിയതോടെയാണ് ഓക്സിജനുവേണ്ടി മത്സ്യങ്ങൾ കൂട്ടത്തോടെ ജലനിരപ്പിന് മുകളിലേക്ക് എത്തിയത്. മത്സ്യങ്ങളുടെ തുള്ളിച്ചാട്ടം കണ്ട് നിന്ന നാട്ടുകാർ മത്സ്യക്കൊയ്ത്തിനായി ഇറങ്ങിയതോടെ സംഭവം സോഷ്യൽ മീഡിയയിലും വൈറലാവുകയായിരുന്നു. ദൂര ദേശങ്ങളിൽ നിന്നുപോലും മീൻപിടിക്കുവാനായി ജനം കൂട്ടത്തോടെ എത്തിയതോടെ നെടുങ്കയം ഉത്സവമേഖലയായി മാറി. എന്നാൽ ഈ ദിവസങ്ങളിൽ കേരളത്തിന് നഷ്ടമായത് പകരം വയ്ക്കാനാവാത്ത മത്സ്യ സമ്പത്താണെന്ന വസ്തുത തിരിച്ചറിയാൻ അധികാരികൾ വളരെ താമസിച്ചു. കേരളത്തിൽ വംശനാശഭീഷണി നേരിടുന്നവയടക്കം 160ഓളം മത്സ്യങ്ങളുടെ ആവാസ വ്യവസ്ഥയായ നെടുങ്കയത്തിൽ ഇനി അവശേഷിക്കുന്നത് നാമമാത്രമായ മത്സ്യ സമ്പത്താണ്. കേരളത്തിൽ അപൂർവ്വമായി മാത്രം കണ്ടുവരുന്ന ഭീമൻ ആമ മുതൽ ഏരി, കരിമീൻ, തേൻമീൻ, കൊത്യൻ, കൊഞ്ച്, പുല്ലൻ അടക്കം ഒട്ടേറെ ഇനം മീനുകളുടെ ആവാസ വ്യവസ്ഥയാണിവിടം.

രാത്രി കാലത്ത് മീൻപിടിക്കാനെത്തിയവർ വെള്ളം കലക്കി മറിച്ചതോടെ അടിത്തട്ടിലെ ചെളി കലങ്ങിയതോടെയാണ് മത്സ്യങ്ങൾ കൂട്ടത്തോടെ മുകളിലേക്കെത്താൻ തുടങ്ങിയത്. നെടുങ്കയത്തെ മീനുകളുടെ കൂട്ടക്കുരിതി അറിഞ്ഞ സംസ്ഥാന ജൈവ വൈവിധ്യബോർഡിന്റെ നിർദേശമെത്തിയതോടെയാണ് അധികാരികൾ ഉണർന്നത്. തുടർന്ന് മീൻപിടിക്കാനെത്തിയവരെ പൊലീസ് വിലക്കുകയും കാവലേർപ്പെടുത്തുകയുമായിരുന്നു. മീനുകൾക്ക് ഓക്സിജൻ ലഭിക്കാനായി സമീപത്തെ കുളങ്ങളിൽ നിന്നു വെള്ളം കയത്തിലേക്ക് പമ്പ് ചെയ്തുവിടാൻ പഞ്ചായത്ത് അധികാരികൾ തീരുമാനിച്ചു. രാത്രികാലങ്ങളിൽ ഇവിടെ മീൻപിടിത്ത സംഘങ്ങൾ വ്യാപകമാവുകയാണ്. നാട്ടുകാർ കൂട്ടത്തോടെ വെള്ളക്കെട്ടിലിറങ്ങിയതിനാൽ അടിത്തട്ടിലെ ചെളി വെള്ളത്തിൽ കലങ്ങിയിരിക്കുകയാണ്. ഇത് ശേഷിക്കുന്ന മത്സ്യങ്ങളുടെയും കൂട്ടക്കുരുതിക്ക് കാരണമാവുമെന്ന ആശങ്കയുണ്ട്.