-sreedharan-pillai

കോഴിക്കോട്: എക്‌സിറ്റ് പോളുകളെ വിശ്വാസത്തിലെടുക്കുന്നില്ലെന്ന് ബി.ജെ.പി അദ്ധ്യക്ഷൻ പി.എസ് ശ്രീധരൻ പിള്ള. ജയിക്കില്ലെന്ന നെഗറ്റീവ് ചിന്ത കാരണം ബി.ജെ.പിക്ക് കിട്ടുമായിരുന്ന വോട്ടുകൾ യു.ഡി.എഫിന് പോയിരിക്കാമെന്നും അദ്ദേഹം പറഞ്ഞു. തിരുവനന്തപുരം ഒഴിച്ച് നിറുത്തിയാൽ ബി.ജെ.പിക്ക് പറയത്തക്ക സാദ്ധ്യത കൽപ്പിക്കാത്ത എക്‌സിറ്റ് പോൾ ഫലങ്ങൾ ബി.ജെ.പി ക്യാമ്പിൽ വലിയ നിരാശയാണ് ഉണ്ടാക്കിയിട്ടുള്ളത്.

യു.ഡി.എഫിന്റെ തത്വദീക്ഷയില്ലാത്ത കുപ്രചരണങ്ങളാണ് ഇതിന് കാരണമെന്നും പിള്ള കൂട്ടിച്ചേർത്തു. ശബരിമലയെ പോലും യു.ഡി.എഫ് ബി.ജെ.പിക്കെതിരായാണ് ഉപയോഗിച്ചതെന്നും ശ്രീധരൻ പിള്ള കുറ്റപ്പെടുത്തി. ശബരിമല ബി.ജെ.പിക്ക് സുവർണാവസരമായിരുന്നു എന്ന് മുൻപ് അഭിപ്രായപ്പെട്ട ശ്രീധരൻ പിള്ള എക്സിറ്റ്പോൾ ഫലങ്ങൾ വന്ന ശേഷം പക്ഷെ ശബരിമല പ്രക്ഷോഭത്തെ രാഷ്ട്രീയ ലാഭത്തിന് വേണ്ടിയല്ല ബി.ജെ.പി കണ്ടതെന്നാണ് അഭിപ്രായപ്പെട്ടത്. ലാഭ നഷ്ടങ്ങൾ നോക്കിയില്ല ശബരിമല പ്രക്ഷോഭം ബി.ജെ.പി ഏറ്റെടുത്തതെന്നും അത് ജനങ്ങളോടുള്ള പ്രതിബദ്ധതയാണെന്നും അദ്ദേഹം വിശദീകരിച്ചു.

അതേസമയം, ബി.ജെ.പി വിജയസാദ്ധ്യത തിരുവനന്തപുരത്ത് മാത്രം ഒതുങ്ങുന്നതല്ലെന്ന് ബി.ജെ.പി സ്ഥാനാർത്ഥി കുമ്മനം രാജശേഖരൻ നേരത്തെ പറഞ്ഞിരുന്നു. തിരുവനന്തപുരത്ത് ന്യൂനപക്ഷ ഏകീകരണം ഉണ്ടായാലും അതിനെ മറികടക്കാൻ ബി.ജെ.പിയ്ക്ക് സാധിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. "എക്‌സിറ്റ് പോളുകളിൽ തിരുവനന്തപുരത്ത് ബി.ജെ.പിക്ക് വിജയ സാദ്ധ്യത പറയുന്നുണ്ടെങ്കിലും തിരുവനന്തപുരത്ത് മാത്രം ഒതുങ്ങില്ല. മറ്റ് ചില മണ്ഡലങ്ങളിൽ കൂടി ബി.ജെ.പിക്ക് വിജയസാദ്ധ്യത" ഉണ്ടെന്നും കുമ്മനം പറഞ്ഞു.