ന്യൂഡൽഹി: കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷനിലെ പ്രശ്നങ്ങൾ പരിഹരിക്കാൻ മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസർ സുനിൽ അറോറ ശ്രമം തുടങ്ങി.ഇതിന്റെ ഭാഗമായി സുനിൽ അറോറ തിരഞ്ഞെടുപ്പ് കമ്മീഷണർ അശോക് ലവാസയ്ക്ക് രണ്ട് കത്തുകളയച്ചു. കമ്മീഷനിലെ ഭിന്നത പരസ്യമാക്കരുതെന്നും, തിരഞ്ഞെടുപ്പ് സുഗമമായി നടത്താൻ സഹകരിക്കണമെന്നും കത്തിൽ ആവശ്യപ്പെടുന്നു. അതോടൊപ്പം ലവാസ ഉന്നയിച്ച പ്രശ്നങ്ങൾ ചർച്ച ചെയ്യാൻ അടുത്ത ദിവസം യോഗം ചേരുമെന്നും സുനിൽ അറോറ കത്തിലൂടെ അറിയിച്ചു.
പെരുമാറ്റച്ചട്ട ലംഘനത്തിന് പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും അമിത് ഷായ്ക്കും ക്ലീൻ ചിറ്റുകൾ നൽകിയതിൽ ആറ് തവണ അശോക് ലവാസ വിയോജിപ്പ് അറിയിച്ചിരുന്നു.അതേസമയം മുഖ്യതിരഞ്ഞെടുപ്പ് കമ്മീഷണറുടെ കത്തുകൾക്ക് അശോക് ലവാസ മറുപടിക്കത്തുകൾ നൽകിയെന്ന് റിപ്പോർട്ട് ഉണ്ട്.തിരഞ്ഞെടുപ്പ് പെരുമാറ്റ ചട്ട ലംഘന പരാതികൾ പരിഗണിക്കുന്ന മൂന്നംഗ സമിതിയിലെ അംഗമാണ് അശോക് ലവാസ.പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും അമിത് ഷായ്ക്കും ക്ലീൻ ചിറ്റ് നൽകിയതിൽ യോഗത്തിൽ വിയോജിപ്പ് രേഖപ്പെടുത്തിയിട്ടും അന്തിമ ഉത്തരവിൽ അതുണ്ടായില്ലെന്ന ആരോപണവുമായി ലവാസ രംഗത്തെത്തിയതോടെയാണ് തിരഞ്ഞെടുപ്പ് കമ്മീഷനിലെ അസ്വാരസ്യങ്ങൾ പുറംലോകമറിയുന്നത്.
ഇതിന് മറുപടിയായി ഒരു തിരഞ്ഞെടുപ്പ് കാലത്ത് നിശബ്ദത പാലിക്കുകയെന്നത് എളുപ്പമുള്ള കാര്യമല്ലെന്നും എന്നാൽ, അനവസരത്തിലുള്ള വിവാദങ്ങൾ ഉണ്ടാക്കുന്നതിനേക്കാൾ നല്ലത് നിശബ്ദനായിരിക്കുന്നതാണെന്ന വിമർശനവുമായി സുനിൽ അറോറയും രംഗത്തെത്തിയിരുന്നു. അതേസമയം കഴിഞ്ഞ ശനിയാഴ്ച അശോക് ലവാസയും സുനിൽ അറോറയുമുൾപ്പെടുന്ന മൂന്നംഗ തെരഞ്ഞെടുപ്പ് കമ്മീഷൻ അനൗദ്യോഗികമായി കൂടിക്കാഴ്ച നടത്തിയിരുന്നു. ഇതിലും ഭിന്നത പരസ്യമാക്കരുതെന്ന് ലവാസയോട് സുനിൽ അറോറ ആവശ്യപ്പെട്ടിരുന്നു.