തരംഗമായി മാറിയ ഹൊറർ കോമഡി സീരീസായ 'കാഞ്ചന'യുടെ ഹിന്ദി റീമേക്കിൽ നിന്നും പിന്മാറിയ കാരണം വെളിപ്പെടുത്തി സംവിധായകൻ രാഘവ ലോറൻസ്. തന്റെ അഭിമാനത്തിന് വില നൽകാത്തതും സിനിമയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റർ തന്റെ അനുവാദമില്ലാതെ പുറത്തിറക്കിയതുമാണ് ചിത്രത്തിൽ നിന്ന് പിന്മാറാനുള്ള കാരണങ്ങളായി ലോറൻസ് പറയുന്നത്. അക്ഷയ് കുമാറാണ് ചിത്രത്തിന്റെ റീമേക്കായ 'ലക്ഷ്മി ബോംബി'ൽ നായകനായി എത്തുന്നത്. 'കാഞ്ചന'യുടെ സംവിധായകനായ രാഘവ ലോറൻസ് തന്നെയാണ് ചിത്രത്തിലെ നായക വേഷവും കൈകാര്യം ചെയ്തിരുന്നത്. റീമേക്കിന്റെ ചിത്രീകരണം ആരംഭിച്ച് കഴിഞ്ഞ ശേഷമാണ് ലോറൻസിന്റെ ഈ തീരുമാനം വരുന്നത്.
'നമ്മെ ബഹുമാനിക്കാത്ത ഒരു വീട്ടിലേക്ക് ഒരിക്കലും കാലെടുത്ത് വയ്ക്കരുതെന്ന് തമിഴിൽ ഒരു പഴമൊഴിയുണ്ട്. ഈ ലോകത്തിൽ പണത്തേക്കാളും, പ്രശസ്തിയെക്കാളും വ്യക്തിത്വമുള്ളവർക്ക് പ്രധാനം സ്വാഭിമാനമാണ്. അതുകൊണ്ടാണ് 'ലക്ഷ്മി ബോംബി'ൽ നിന്നും ഞാൻ വിട പറയുന്നത്.' രാഘവ ലോറൻസ് തന്റെ ട്വിറ്റർ പേജിലൂടെ അറിയിച്ചു.
പ്രൊജക്ടിൽ നിന്നും വിട്ടുനിൽക്കാൻ തീരുമാനിക്കുന്നതിന് അനേകം കാരണങ്ങൾ ഉണ്ടെന്നും എന്നാൽ തന്റെ അനുവാദമില്ലാതെ ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്ത് വിട്ടതാണ് അതിനുള്ള പ്രധാന കാരണമെന്നും ലോറൻസ് പറഞ്ഞു.
'എന്റെ സമ്മതമില്ലാതെയാണ് (ചിത്രത്തിന്റെ) ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്ത് വിടുന്നത്. അക്കാര്യത്തെ കുറിച്ച് ഒന്നും ഞാനുമായി അവർ ചർച്ച ചെയ്തിരുന്നില്ല. മൂന്നാമതൊരാളാണ് എന്നോട് അക്കാര്യത്തെ കുറിച്ച് പറയുന്നത്. മറ്റൊരാളിൽ നിന്നും എന്റെ ചിത്രത്തിന്റെ കാര്യങ്ങൾ അറിയുക എന്നത് ഏറെ വിഷമമുണ്ടാക്കുന്നതാണ് .' ലോറൻസ് പറയുന്നു.
'ഒരു കലാകാരനെന്ന നിലയിൽ പോസ്റ്ററിന്റെ ഡിസൈൻ എനിക്ക് അംഗീകരിക്കാനാവില്ല. ഇത് ഒരു സംവിധായകനും സംഭവിക്കാൻ പാടില്ലാത്തതാണ്. എനിക്ക് നിർമ്മാതാക്കളിൽ നിന്നും എന്റെ തിരക്കഥ തിരിച്ച് വാങ്ങാനാകും. കാരണം അവരുമായി ഞാൻ കരാറും ഇതുവരെ ഒപ്പിട്ടിട്ടില്ല. പക്ഷെ ഞാൻ അങ്ങനെ ഒരിയ്ക്കലും ചെയ്യില്ല. എനിക്ക് അക്ഷയ് കുമാറിനോട് അളവിൽ കവിഞ്ഞ ബഹുമാനം ഉണ്ട്.' ലോറൻസ് പറഞ്ഞു. അക്ഷയ് കുമാറിനെ നേരിട്ട് കണ്ട് നല്ല രീതിയിൽ ആകും തങ്ങൾ പിരിയുക എന്നും ലോറൻസ് വ്യക്തമാക്കി. എന്നാൽ തന്നെ ഈ സംഭവം ഏറെ നിരാശനാക്കിയെന്നും തന്റെ അഭിമാനത്തിന് പരിക്കേറ്റുവെന്നും ലോറൻസ് കൂട്ടിച്ചർത്തു.
'കാഞ്ചന'യുടെ റീമേക്കിന്റെ വാർത്ത മാധ്യങ്ങളിൽ ഇടം നേടിയിട്ട് ഏതാനും നാളുകൾ ആയിരുന്നു. ഒരു ട്രാൻസ്‌ജെൻഡറിന്റെ പ്രേതം പിടികൂടുന്ന കഥാപാത്രമായാണ് അക്ഷയ് കുമാർ 'ലക്ഷ്മി ബോംബി'ൽ എത്തുന്നത്.