-yogi-rajbhar

ന്യൂഡൽഹി: ഉത്തർപ്രദേശിലെ പിന്നാക്ക വികസനക്ഷേമ വകുപ്പ് മന്ത്രി ഒ.പി. രാജ്ഭറിനെ മുഖ്യമന്ത്രി യോഗി ആദിത്യനാഥ് മന്ത്രിസഭയിൽ നിന്ന് പുറത്താക്കി. ഉത്തർപ്രദേശിൽ ബി.എസ്.പി.-എസ്.പി. സഖ്യം മികച്ചവിജയം നേടുമെന്ന് രാജ്ഭർ പ്രഖ്യാപിച്ചതിന് പിന്നാലെയായിരുന്നു യോഗി ആദിത്യനാഥിന്റെ നടപടി. നിലവിൽ സുഹൽദേവ് ഭാരതീയ സമാജ് പാർട്ടി(എസ്.ബി.എസ്.പി.) അദ്ധ്യക്ഷനാണ് രാജ്ഭർ.

സഖ്യകക്ഷി മന്ത്രിയായ രാജ്ഭറിനെ മന്ത്രിസഭയിൽ നിന്ന് പുറത്താക്കാൻ ഗവർണറോട് ആവശ്യപ്പെട്ടതായി യു.പി. മുഖ്യമന്ത്രിയുടെ ഓഫീസ് ട്വിറ്ററിലൂടെ അറിയിച്ചു. സീറ്റ് ധാരണയുടെ പേരിൽ ബി.ജെ.പി.യുമായി അകൽച്ചയിലായിരുന്ന രാജ്ഭർ നേരത്തെ രാജി നൽകിയിരുന്നെങ്കിലും മുഖ്യമന്ത്രി സ്വീകരിച്ചിരുന്നില്ല. എന്നാൽ, ലോക്‌സഭ തിരഞ്ഞെടുപ്പിൽ സഖ്യധാരണകൾ മറികടന്ന് എസ്.ബി.എസ്.പി സ്ഥാനാർത്ഥികളെ നിറുത്തിയതും പ്രതിപക്ഷ മഹാസഖ്യത്തിന് പിന്തുണ പ്രഖ്യാപിച്ചതുമാണ് യോഗി ആദിത്യനാഥിനെ ചൊടിപ്പിച്ചത്.

അതേസമയം, മുഖ്യമന്ത്രിയുടെ നടപടിയെ സ്വാഗതം ചെയ്യുന്നതായി ഒ.പി. രാജ്ഭർ പ്രതികരിച്ചു. മഹാസഖ്യം ഉത്തർപ്രദേശിൽ മികച്ചവിജയം നേടുമെന്ന് രാജ്ഭർ കഴിഞ്ഞദിവസം പറഞ്ഞിരുന്നു. "പൂർവാഞ്ചലിൽ (കിഴക്കൻ ഉത്തർപ്രദേശ്) എസ്.പി - ബി.എസ്.പി സഖ്യത്തിന് വൻ ഭൂരിപക്ഷം ലഭിക്കും. തങ്ങളുമായി സഖ്യമില്ലാത്തതിനാൽ ബി.ജെ.പിക്ക് മുപ്പതോളം സീറ്റുകൾ നഷ്ടമാകുമെന്നും രാജ്ഭർ പറഞ്ഞു. ഇതിൽ ബാലിയ, ഗോരഖ്പുർ, ഗാസിയപുർ മണ്ഡലങ്ങളും ഉൾപ്പെടും- രാജ്ഭർ കൂട്ടിച്ചേർത്തു. ഉത്തർപ്രദേശിൽ ബി.ജെ.പിക്ക് 15 സീറ്റുകൾ മാത്രമേ ലഭിക്കൂ. എസ്‌.പി-ബി.എ.സ്‌പി സഖ്യം 55 മുതൽ 60 വരെ സീറ്റുകൾ നേടും. കോൺഗ്രസിന് രണ്ടോ മൂന്നോ സീറ്റുകൾ മാത്രമേ നേടാനാവുവെന്നും രാജ്ഭർ കൂട്ടിച്ചേർത്തു. ബി.ജെ.പിയുമായി ഒരു തരത്തിലുള്ള സൗഹൃദവും തന്റെ സഖ്യത്തിനില്ലെന്നും" രാജ്ഭർ വ്യക്തമാക്കിയിരുന്നു