കൊച്ചി : ശബരിമല സ്ത്രീ പ്രവേശനവുമായി ബന്ധപ്പെട്ട വിഷയങ്ങൾ സംസ്ഥാന സർക്കാരിനെതിരെ ഉപയോഗിക്കുന്നതിൽ വർഗീയ പാർട്ടികൾ ഒരു പരിധിവരെ വിജയിച്ചിട്ടുണ്ടെന്ന് ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രൻ.ശബരിമല വിഷയം കുറച്ചുപേരെ സ്വാധീനിച്ചിട്ടുണ്ടെന്ന് മന്ത്രി കൊച്ചിയിൽ മാധ്യമപ്രവർത്തകരോട് പറഞ്ഞു.
ചെയ്യാത്ത തെറ്റിന് സർക്കാരിനെ പ്രതിക്കൂട്ടിൽ നിർത്താൻ വർഗീയ കോമരങ്ങൾക്ക് ഒരു പരിധിവരെ സാധിച്ചിട്ടുണ്ടെങ്കിലും, ചിന്താശേഷിയുള്ള ജനത സംസ്ഥാന സർക്കാരിന്‌റെ മുൻ പ്രവൃത്തികൾ വിലയിരുത്തുമെന്നും അങ്ങനെയെങ്കിൽ സംസ്ഥാന സർക്കാരിന് അനുകൂലമായി വോട്ട് രേഖപ്പെടുത്തുമെന്നും മന്ത്രി വ്യക്തമാക്കി. ഇന്നലെ വന്ന എക്സിറ്റ് പോൾ ഫലങ്ങളെ പോലെയാകില്ല യഥാർത്ഥ ഫലമെന്നും കടകംപള്ളി പ്രതികരിച്ചു. അതേസമയം ശബരിമല വിഷയം സർക്കാരിനെ ബാധിച്ചിട്ടില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പ്രതികരിച്ചു