ചെന്നൈ: ഗാന്ധി ഘാതകൻ നാഥുറാം വിനായക് ഗോഡ്‌സെ ഇന്ത്യയിലെ ആദ്യ ഹിന്ദു തീവ്രവാദിയാണെന്ന പരാമർശത്തിൽ തമിഴ് നടനും മക്കൾ നീതി മെയ്യം തലവനുമായ കമലഹാസന് മുൻകൂർ ജാമ്യം. മതവികാരം വ്രണപ്പെടുത്തിയെന്ന പരാതിയിൽ അറവാക്കുറിച്ചി പൊലീസ് സ്‌റ്റേഷനിൽ രജിസ്‌റ്റർ ചെയ്‌ത കേസിലാണ് മദ്രാസ് ഹൈക്കോടതി താരത്തിന് മുൻകൂർ ജാമ്യം അനുവദിച്ചത്. എന്നാൽ വിവാദ പരാമർശത്തിൽ കമലഹാസനെതിരെ ഏതാണ്ട് 76 പരാതികൾ വിവിധ സ്ഥലങ്ങളിൽ ലഭിച്ചിട്ടുണ്ട്.
മേയ് 19ന് നടന്ന തിരഞ്ഞെടുപ്പ് റാലിയിൽ താരം നടത്തിയ ചില പരാമർശങ്ങളാണ് വിവാദമായത്.ഗോഡ്‌സെ സ്വതന്ത്ര ഇന്ത്യയിലെ ആദ്യ തീവ്രവാദിയാണെന്നാണ് അദ്ദേഹം പറഞ്ഞത്. ഇതിന് പിന്നാലെ ഗോഡ്‌സെ പരാമർശം ദേശീയ തലത്തിൽ തന്നെ വൻ വിവാദമായി. ഇക്കാര്യത്തിൽ താരത്തിനെതിരെ വിവിധയിടങ്ങളിൽ നിന്ന് പരാതികളും ഉയർന്നു. തുടർന്നാണ് താരം മുൻകൂർ ജാമ്യം തേടി കോടതിയെ സമീപിച്ചത്. എന്നാൽ താരത്തിന്റെ ജാമ്യാപേക്ഷയെ സംസ്ഥാന സർക്കാർ കോടതിയിൽ എതിർത്തു. മതവികാരം വ്രണപ്പെടുത്തുന്ന രീതിയിലും വിവിധ വിഭാഗങ്ങൾ തമ്മിൽ വൈരാഗ്യമുണ്ടാകുന്ന രീതിയിലും പ്രവർത്തിച്ചുവെന്നും കാട്ടി താരത്തിനെതിരെ 76 പരാതികൾ നിലവിലുണ്ടെന്നും സർക്കാർ വാദിച്ചു. എന്നാൽ ഇത് അംഗീകരിക്കാതിരുന്ന കോടതി താരത്തിന് ജാമ്യം അനുവദിക്കുകയായിരുന്നു.