bse

മുംബയ്: ഇന്നലെ ഒരു മിനിട്ട് കൊണ്ട് നിക്ഷേപകർ നേടിയത് 3,18,000 രൂപ. മോദി പ്രധാനമന്തി സ്ഥാനത്തേക്ക് എത്തിച്ചേരും എന്നും ബി.ജെ.പി. അധികാരത്തിൽ വരുമെന്നും പ്രവചിച്ചുകൊണ്ടുള്ള എക്സിറ്റ് പോൾ ഫലങ്ങൾ പുറത്ത് വന്ന ശേഷമാണ് ഇത്രയും ഭീമമായ തുക നിക്ഷേപകരുടെ കൈകളിലേക്ക് എത്തിയത്.

ഇന്നലെ വ്യാപാരം ആരംഭിച്ച് ഒരു മിനിറ്റിനുള്ളിൽ എക്സ്ചേഞ്ചിൽ ലിസ്റ്റ് ചെയ്‌ത കമ്പനികളുടെ വിപണിമൂല്യം 3,18,000 ലക്ഷം കോടി രൂപയോളം ഉയർന്ന് 1,49,76,896 കോടിയിലേക്ക് എത്തിയിരുന്നു. 1,46,58,710 കോടി രൂപയിലാണ് വെള്ളിയാഴ്ച വിപണി ക്ളോസ് ചെയ്തത്.കഴിഞ്ഞ മൂന്ന് വ്യാപാര ദിനങ്ങളിൽ 5.39 ലക്ഷം കോടി രൂപയുടെ വർദ്ധനവാണ് വിപണിമൂല്യത്തിൽ ഉണ്ടായത്.

ആദ്യ വ്യാപാരത്തിൽ മുംബയ് സ്റ്റോക്ക് എക്സ്ചേഞ്ച് 912.12 പോയിന്റിന്റെ കുതിപ്പാണ് രേഖപ്പെടുത്തിയത്. ഇന്നലത്തെ വ്യാപാരം അവസാനിച്ചപ്പോൾ 286.95 പോയിന്റാണ് നാഷണൽ സ്റ്റോക്ക് എക്സ്ചേഞ്ച് നിഫ്റ്റി രേഖപ്പെടുത്തിയത്. ബാങ്കിംഗ്, സേവനങ്ങൾ, വാഹന വിപണി, ലോഹ വ്യാപാരം എന്നീ മേഖലകളിലാണ് ഏറ്റവും കൂടുതൽ ക്രയവിക്രയം നടന്നത്.

ഇന്ത്യാ ബുൾസ് ഹൗസിംഗ് ഫിനാൻസ്, ലാർസെൻ ആൻഡ് ടൂബ്രോ, സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ, ഐ.സി.ഐ.സി.ഐ ബാങ്ക്, മാരുതി സുസുക്കി ഇന്ത്യ, മഹീന്ദ്ര ആൻഡ് മഹീന്ദ്ര എന്നീ കമ്പനികളാണ് ഇന്നലത്തെ വ്യാപാരത്തിൽ ഏറ്റവും ലാഭം നേടിയത്. 3.49 മുതൽ 4.60 ശതമാനത്തിന്റെ വ്യാപാരമാണ് ഈ കമ്പനികളിൽ നിന്നും ഉണ്ടായത്.

റിലയൻസ് ഇൻഡസ്ട്രീസ്, എച്ച്.ഡി.എഫ്.സി ബാങ്ക് എന്നിവരും മെച്ചപ്പെട്ട പ്രകടനം കാഴ്ചവെച്ചു. തിരഞ്ഞെടുപ്പ് ഫലം ഔദ്യോഗികമായി പ്രഖ്യാപിക്കുന്നത് വരെ വ്യാപാരത്തിലെ ഉയർച്ചാ നിരക്ക് തുടരും എന്നാണു സാമ്പത്തിക വിദഗ്ധർ പറയുന്നത്. സ്ഥിരതയുള്ള സർക്കാർ സെൻസെക്സിന് ഏറെ സഹായകമാകും എന്നും ഇവർ പറയുന്നു.