1. പ്രധാനമന്ത്രി നരേന്ദ്രമോദി, ബി.ജെ.പി അധ്യക്ഷന്‍ അമിത് ഷാ എന്നിവര്‍ക്ക് നല്‍കിയ ക്ലീന്‍ ചിറ്റുകളില്‍ തിരഞ്ഞെടുപ്പ് കമ്മിഷനില്‍ ഭിന്നത. സമവായത്തിന് മുഖ്യ തിരഞ്ഞെടുപ്പ് കമ്മിഷന്‍ ശ്രമം തുടങ്ങിയതായി വിവരം. ഭിന്നത പരസ്യം ആക്കരുത് എന്നും തിരഞ്ഞെടുപ്പ് സുഗമമായി നടത്താന്‍ സഹകരിക്കണം എന്നും കാണിച്ച് വിയോജിപ്പ് അറിയിച്ച തിരഞ്ഞെടുപ്പ് കമ്മിഷണര്‍ അശോക് ലവാസയ്ക്ക് മുഖ്യ തിരഞ്ഞെടുപ്പ് കമ്മിഷന്‍ സുനില്‍ അറോറ രണ്ട് കത്തുകള്‍ നല്‍കി
2. മോദിക്കും അമിത് ഷായ്ക്കും ക്ലീന്‍ ചിറ്റുകള്‍ തുടര്‍ച്ചയായി നല്‍കിയതില്‍ ആറ് തവണ ആണ് അശോക് ലവാസ എതിര്‍പ്പ് അറിയിച്ചത്. എന്നാല്‍ ഈ യോഗങ്ങളുടെ മിനിട്സില്‍ ഒന്നും അശോക് ലവാസയുടെ എതിര്‍പ്പ് രേഖപ്പെടുത്തി ഇരുന്നില്ല. ഇതില്‍ ലവാസ കടുത്ത വിയോജിപ്പ് രേഖപ്പെടുത്തി ഇരുന്നു. ഇതോടെ ആണ് വിഷയത്തില്‍ തിരഞ്ഞെടുപ്പ് കമ്മിഷനില്‍ ഭിന്നത ഉണ്ടെന്ന വിവരം പുറത്തു വന്നത്
3. സീറോ മലബാര്‍ വ്യാജരേഖ കേസില്‍ നിലപാട് കടുപ്പിച്ച് വൈദിക സമിതിയും എ.എം.ടിയും. അറസ്റ്റിലായ ആദിത്യനെ അനധികൃതമായാണ് കസ്റ്റഡിയില്‍ എടുത്തതെന്നും വൈദികന്‍ ടോണി കല്ലൂക്കാരനെ കേസില്‍ പ്രതി ചേര്‍ക്കാന്‍ ശ്രമിക്കുന്നതായും കൊച്ചിയില്‍ ചേര്‍ന്ന യോഗം വിലയിരുത്തി. ഇതിനെതിരെ ജനകീയ പ്രക്ഷോഭം ആരംഭിക്കാനും യോഗം തീരുമാനിച്ചു. കോന്തുരുത്തി സ്വദേശി ആദിത്യയുടെ അറസ്റ്റിന് പിന്നാലെ ഫാ. ടോണി കല്ലൂക്കാരനെയും അറസ്റ്റ് ചെയ്യാന്‍ പൊലീസ് ശ്രമിക്കുന്നതിന് പിന്നാലെയാണ് പ്രതിഷേധവുമായി എ.എം.ടിയും വൈദിക സമിതിയും രംഗത്ത് വന്നിരിക്കുന്നത്.
4. ചോദ്യം ചെയ്യാനായി വിളിച്ചു വരുത്തിയ ആദിത്യയെ 72 മണിക്കൂര്‍ അന്യായമായാണ് പൊലീസ് കസ്റ്റഡിയില്‍ വച്ചതെന്നും ഫാ: ടോണി കല്ലൂരിനെ പ്രതിയാക്കനുള്ള ശ്രമങ്ങളാണ് നടക്കുന്നത് എന്നുമാണ് യോഗത്തിന്റെ വിലയിരുത്തല്‍. കര്‍ദ്ദിനാളിന്റെ സാമ്പത്തിക ഇടപാടുകളുമായി ബന്ധപ്പെട്ട വ്യാജരേഖകള്‍ ഉണ്ടാക്കിയിട്ടില്ലന്നും യഥാര്‍ഥ രേഖകളെ വ്യാജമാക്കി മാറ്റാനാണ് പൊലീസ് ശ്രമിക്കുന്നത് എന്നുമാണ് സംയുക്ത യോഗത്തിന്റെ നിരീക്ഷണം
5. അതേസമയം മെയ് 31 വരെ റിമാന്‍ഡ് ചെയ്ത ആദിത്യക്ക് നിയമ സഹായം ഉറപ്പു വരുത്താനും പ്രതിഷേധ പരിപാടികളുമായി മുന്നോട്ട് പോകാനും കൊച്ചിയില്‍ ചേര്‍ന്ന യോഗം തീരുമാനിച്ചു. കൊരട്ടി സാന്തോം പള്ളി വികാരി ടോണി കല്ലൂര്‍ കാടന്റെ നിര്‍ദേശ പ്രകാരമാണ് രേഖ നിര്‍മ്മിച്ചതെന്നാണ് അറസ്റ്റിലായ ആദിത്യ പൊലീസിന് മൊഴി നല്‍കിയിരിക്കുന്നത്. വ്യാജരേഖ നിര്‍മ്മിക്കാന്‍ പ്രേരിപ്പിച്ച കല്ലൂക്കാരന്‍ കേസില്‍ പ്രതിയാവില്ലന്ന് ആദിത്യക്ക് ഉറപ്പ് നല്‍കിയിരുന്നതായും പൊലീസ് പറയുന്നു. കല്ലൂക്കാരനെ അറസ്റ്റ് ചെയ്യാനുള്ള ശ്രമത്തില്‍ നിന്ന് ഇടവക്കാരുടെ പ്രതിഷേധത്തെ തുടര്‍ന്ന് പിന്മാറിയെങ്കിലും ഇയാളെ ഇന്ന് അറസ്റ്റ് ചെയ്യാനുള്ള ത്രീവ്ര ശ്രമത്തിലാണ് പൊലീസ്.
6. പ്രളയം സംബന്ധിച്ച് അമികസ്‌ക്യൂരി റിപ്പോര്‍ട്ട് തള്ളി സംസ്ഥാന സര്‍ക്കാര്‍. അമികസ്‌ക്യൂറിയുടേത് ശാസ്ത്രീയ പഠനം അല്ല എന്ന് സത്യവാങ്മൂലം. ശാസ്ത്രലോകം തള്ളിയ കണക്ക് വച്ചാണ് കണക്ക്. അതിവര്‍ഷം തന്നെ ആണ് പ്രളയത്തിന് കാരണം. ഇക്കാര്യം കേന്ദ്ര ജല കമ്മിഷനും അംഗീകരിച്ചതാണ്. ജുഡീഷ്യല്‍ അന്വേഷണം വേണ്ട എന്നും സത്യവാങ്മൂലത്തില്‍ സംസ്ഥാന സര്‍ക്കാര്‍
7. കേരളത്തെ പിടിച്ചുലച്ച പ്രളയത്തിന് കാരണം ഡാം മാനേജ്‌മെന്റിലെ വീഴ്ച ആണെന്ന് ആയിരുന്നു അമികസ്‌കൂറി ജേക്കബ് പി അലക്സ് കണ്ടെത്തിയത്. സംഭവത്തില്‍ ജുഡീഷ്യല്‍ അന്വേഷണം നടത്തണം എന്നും ഹൈക്കോടതിയില്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ അമികസ്‌ക്യൂരി ആവശ്യപ്പെട്ടിരുന്നു. പ്രളയം കൈകാര്യം ചെയ്യുന്നതില്‍ സര്‍ക്കാരിന് വീഴ്ച സംഭവിച്ചു എന്ന് ആരോപിക്കുന്ന ഒട്ടേറെ ഹര്‍ജികള്‍ പരിഗണനയ്ക്ക് വന്നതോടെ ആണ് ഹൈക്കോടതി അമികസ്‌ക്യൂരിയെ നിയോഗിച്ചത്
8. തിരഞ്ഞെടുപ്പ് ഫലം വരാന്‍ രണ്ട് ദിവസം ബാക്കി നില്‍ക്കേ പ്രതിപക്ഷ ഐക്യ ചര്‍ച്ചകള്‍ക്കായി ബി.എസ്.പി അധ്യക്ഷ മായാവതി ഇന്ന് സോണിയ ഗാന്ധിയേയും രാഹുല്‍ ഗാന്ധിയേയും കാണും. ടി.ഡി.പി അധ്യക്ഷന്‍ ചന്ദ്രബാബു നായിഡു നടത്തുന്ന സര്‍ക്കാര്‍ രൂപീകരണ നീക്കങ്ങളുടെ തുടര്‍ച്ച ആയാണ് കൂടിക്കാഴ്ച. എന്നാല്‍ ബി.ജെ.പിക്ക് വ്യക്തമായ മുന്‍തൂക്കം നല്‍കുന്ന എക്സിറ്റ് പോള്‍ ഫലങ്ങളും കൂടിക്കാഴ്ചയില്‍ ചര്‍ച്ചയായേക്കും.
9. ബി.ജെ.പിയേയും കോണ്‍ഗ്രസിനേയും തിരഞ്ഞെടുപ്പ് പ്രചാരണത്തില്‍ ഒരു പോലെ കടന്നാക്രമിച്ച മായാവതി സോണിയയുമായും രാഹുലുമായും കൂടിക്കാഴ്ച നടത്തുന്നത് ഏറെ ശ്രദ്ധേയമാണ്. ടി.ഡി.പി അധ്യക്ഷന്‍ ചന്ദ്രബാബു നായിഡു നടത്തുന്ന സര്‍ക്കാര്‍ രൂപീകരണ നീക്കങ്ങളുടെ തുടര്‍ച്ചയായാണ് കൂടിക്കാഴ്ച.
10. പെരിയ ഇരട്ടകൊലപാതകത്തില്‍ ക്രൈംബ്രാഞ്ച് കുറ്റപത്രം സമര്‍പ്പിച്ചു. രാഷ്ട്രീയക്കാര്‍ ഉള്‍പ്പെട്ട കൊലപാതകം ആണെന്നാണ് കുറ്റപത്രം. കൊലപാതകത്തിന്റെ കാരണം വ്യക്തിവിരോധം ആണെന്നും കുറ്റപത്രത്തില്‍. പ്രതികള്‍ ഉപയോഗിച്ച വാഹനങ്ങള്‍ ഉള്‍പ്പടെയുള്ള തൊണ്ടി മുതലുകള്‍ കഴിഞ്ഞ ദിവസം ക്രൈംബ്രാഞ്ച് കോടതിയില്‍ ഹാജരാക്കിയിരുന്നു. പെരിയ കല്യോട്ടെ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരായ ശരത് ലാലിനെയും കൃപേഷിനെയും കൊലപ്പെടുത്തിയ കേസില്‍ ക്രൈംബ്രാഞ്ച് അന്വേഷണം പൂര്‍ത്തിയായി. ഫെബ്രുവരി 19 ന് അറസ്റ്റിലായ ഒന്നാം പ്രതി പീതാംബരന്റെ 90 ദിവസം റിമാന്‍ഡ് കാലാവധി ഇന്ന് പൂര്‍ത്തി ആകുന്നതോടെ ആണ് അന്വേഷണ സംഘം കുറ്റപത്രം സമര്‍പ്പിച്ചത്.
11. ഫെബ്രുവരി 17 ന് രാത്രിയാണ് ശരത് ലാലും കൃപേഷും കൊല്ലപ്പെട്ടത്. സി.പി.എം പെരിയ ലോക്കല്‍ കമ്മറ്റി അംഗമായിരുന്ന പീതാംബരന്‍ ഒന്നാം പ്രതിയായ പ്രതിപ്പട്ടികയില്‍ സി.പി.എം ഉദുമ ഏരിയ സെക്രട്ടറി കെ മണികണ്ഠന്‍, പെരിയ ലോക്കല്‍ സെക്രട്ടറി എന്‍. ബാലകൃഷ്ണന്‍ എന്നിവരും ഉള്‍പ്പെടുന്നു. മൊത്തം 14 പേരാണ് പ്രതിപ്പട്ടികയില്‍ ഉള്ളത്. ഒന്നാം പ്രതി പീതാംബരന്‍ ആസൂത്രണം ചെയ്ത് നടപ്പാക്കിയത് ആണ് കൊലപാതകം എന്നാണ് ക്രൈംബ്രാഞ്ചിന്റെ കണ്ടെത്തല്‍.