കോട്ടയം: കെവിൻ കൊലപാതക കേസിലെ സാക്ഷിയെ പ്രതികൾ മർദിച്ചു. കേസിലെ 37ാം സാക്ഷി രാജേഷിനെയാണ് ആറാം പ്രതി മനുവും 13ാം പ്രതി ഷിനുവും ചേർന്ന് മർദിച്ചത്. കോടതിയിൽ സാക്ഷി പറയരുതെന്ന് ഭീഷണിപ്പെടുത്തിക്കൊണ്ടാണ് പ്രതികൾ രാജേഷിനെ മർദിച്ചത്. ഇന്നലെ പുനലൂരിൽ വച്ച് കേസിലെ ആറാം പ്രതി മനു മുരളീധരൻ, 13ാം പ്രതി ഷിനു നാസർ എന്നിവരാണു മർദിച്ചതെന്നാണു രാജേഷിന്റെ മൊഴി. കെവിന്റെ സുഹൃത്തും മറ്റൊരു പ്രധാന സാക്ഷിയായ അനീഷിനെ തട്ടിക്കൊണ്ടുപോയ വിവരം 11ാം പ്രതി ഫസൽ തന്നോട് പറഞ്ഞിരുന്നുവെന്നാണ് രാജേഷ് കോടതിയിൽ മൊഴി നൽകിയത്.
സംഭവത്തിൽ പ്രതികൾക്കെതിരെ പുനലൂർ പൊലീസ് കേസെടുത്തു. കെവിൻ കൊലപാതകത്തിന്റെ വിചാരണ നടക്കാനിരിക്കെയാണ് സംഭവം. ഇതുസംബന്ധിച്ച് പുനലൂർ പൊലീസ് എഫ്.ഐ.ആർ രജിസ്റ്റർ ചെയ്തു. പ്രതികളായ വിഷ്ണു, ഷാനു, നിഷാദ്, ടിറ്റു, റെമീസ്, ഷിനു, ഷെഫിൻ, ഫസൽ എന്നിവരെയും രാജേഷ് തിരിച്ചറിഞ്ഞു. കൊലപാതക ശേഷം പ്രതികൾ സുഹൃത്തായ രാജേഷിനോടു കുറ്റമേറ്റ് പറഞ്ഞിരുന്നെന്നായിരുന്നു പ്രോസിക്യൂഷൻ വാദം.
2018 മേയ് 27 നാണ് കോട്ടയം സ്വദേശിയായ കെവിനെ കൊല്ലം തെൻമലയ്‌ക്ക് സമീപം മരിച്ച നിലയിൽ കണ്ടെത്തിയത്. കൊല്ലം സ്വദേശിയായ നീനുവുമായുള്ള പ്രണയ ബന്ധത്തെ എതിർത്ത് പെൺകുട്ടിയുടെ സഹോദരനും സുഹൃത്തുക്കളും ചേർന്ന് തട്ടിക്കൊണ്ടു പോയി കൊലപ്പെടുത്തിയെന്നാണ് കേസ്. നീനുവിന്റെ അച്ഛനും സഹോദരനും ഉൾപ്പെടെ കേസിലെ പ്രതികളാണ്. ദളിത് ക്രിസ്ത്യൻ വിഭാഗത്തിൽപ്പെട്ട കെവിൻ നീനുവിനെ വിവാഹം ചെയ്തതിലുള്ള നീനുവിന്റെ ബന്ധുക്കളുടെ ദുരഭിമാനമാണ് കൊലപാതകത്തിന് കാരണമെന്നാണ് കുറ്റപത്രം. കൊലക്കുറ്റം ഉൾപ്പെടെ പത്ത് വകുപ്പുകളാണ് പ്രതികൾക്കെതിരെ ചുമത്തിയിട്ടുള്ളത്.