ന്യൂഡൽഹി: ലോക്‌സഭാ തിരഞ്ഞെടുപ്പിൽ എൻ.ഡി.എയ്‌ക്ക് മികച്ച വിജയം നേടാൻ കഴിയുമെന്ന എക്‌സിറ്റ് പോൾ ഫലങ്ങൾക്ക് പിന്നാലെ മദ്ധ്യപ്രദേശിലെ കമൽനാഥ് സർക്കാരിനെ താഴെയിറക്കാനൊരുങ്ങി ബി.ജെ.പി നേതൃത്വം.കമൽനാഥ് സർക്കാരിന് ഭൂരിപക്ഷമില്ലെന്നും ഇപ്പോൾ സർക്കാരിന്റെ ഭാഗമായ കോൺഗ്രസ് എം.എൽ.എമാർ ഉടൻ തങ്ങൾക്കൊപ്പം ചേരുമെന്നുമാണ് ബി.ജെ.പി വാദം. അതിനാൽ തന്നെ ഉടൻ നിയമസഭാ സമ്മേളനം വിളിക്കണമെന്നും അവിശ്വാസ പ്രമേയം അവതരിപ്പിക്കാൻ അവസരം നൽകണമെന്നുമാണ് ബി.ജെ.പിയുടെ ആവശ്യം. ഇക്കാര്യം ചൂണ്ടിക്കാട്ടി ബി.ജെ.പി നേതാക്കൾ ഉടൻ തന്നെ ഗവർണറെ കാണും.
കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽ ബി.ജെ.പിയെ തോൽപ്പിച്ച് സംസ്ഥാനത്ത് അധികാരത്തിലെത്തിയെങ്കിലും വളരെ കുറഞ്ഞ ഭൂരിപക്ഷം മാത്രമാണ് കോൺഗ്രസിനുള്ളത്. മായാവതിയുടെ ബി.എസ്.പിയുടെയും അഖിലേഷ് യാദവിന്റെ സമാജ്‌വാദി പാർട്ടിയുടെയും പിന്തുണയോടെയാണ് ഇവിടെ കോൺഗ്രസ് സർക്കാർ രൂപീകരിച്ചത്. എന്നാൽ മദ്ധ്യപ്രദേശിലെ മുഴുവൻ സീറ്റുകളും ബി.ജെ.പി നേടുമെന്ന തരത്തിലുള്ള എക്‌സിറ്റ് പോൾ ഫലങ്ങൾ പുറത്ത് വന്നതിന് പിന്നാലെയാണ് സംസ്ഥാനത്ത് നാടകീയ നീക്കങ്ങൾ ശക്തമായത്. എന്നാൽ കഴിഞ്ഞ ദിവസം പുറത്ത് വന്ന എക്‌സിറ്റ് പോൾ ഫലങ്ങൾ തെറ്റാണെന്നും എല്ലാ എം.എൽ.എമാരുടെയും പിന്തുണ തനിക്കുണ്ടെന്നും കമൽനാഥ് പ്രതികരിച്ചു. മേയ് 23ന് സത്യം പുറത്ത് വരും. 2004ലെ എക്‌സിറ്റ് പോൾ ഫലങ്ങളെല്ലാം തെറ്റാണെന്ന് പിന്നീട് തെളിഞ്ഞത് എല്ലാവരും കണ്ടതാണല്ലോ? കഴിഞ്ഞ തവണത്തെ മദ്ധ്യപ്രദേശിലെ നിയമസഭാ തിരഞ്ഞെടുപ്പിൽ പോലും എക്‌സിറ്റ് പോളുകൾ വിപരീതമായാണ് പ്രവചിച്ചതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.