വടക്കേ മലബാറിലെ പ്രശസ്തമായ ക്ഷേത്രങ്ങളാണ് കൊട്ടിയൂർ ശിവക്ഷേത്രങ്ങൾ. കണ്ണൂർ ജില്ലയിലെ ദക്ഷിണ കാശി എന്ന പേരിലറിയപ്പെടുന്ന കൊട്ടിയൂർ ഗ്രാമത്തിലെ ബാവലിപ്പുഴയുടെ തീരത്താണ് ഈ ക്ഷേത്രങ്ങൾ സ്ഥിതിചെയ്യുന്നത്. തൃചേരുമന ക്ഷേത്രം എന്നാണ് യഥാർത്ഥ പേരെങ്കിലും സമീപവാസികൾ 'ഇക്കരെ കൊട്ടിയൂർ ക്ഷേത്രം, അക്കരെ കൊട്ടിയൂർ ക്ഷേത്രം എന്നീ പേരുകളിലാണ് ഈ അന്പലങ്ങളെ വിശേഷിപ്പിക്കുന്നത്. ഒരു ക്ഷേത്രം ബാവലി നദിയുടെ പടിഞ്ഞാറൻ തീരത്തും മറ്റേ ക്ഷേത്രം ബാവലി നദിയുടെ കിഴക്കൻ തീരത്തുമാണ് സ്ഥിതിചെയ്യുന്നത്.

festival

അക്കരെ കൊട്ടിയൂർ ക്ഷേത്രത്തിൽ ശിവലിംഗം സ്വയംഭൂ ആണെന്നാണ് വിശ്വസിക്കുന്നത്. പാൽ, നെയ്യ്, ഇളനീർ എന്നിവ ഉപയോഗിച്ചാണ് ഇവിടെ അഭിഷേകം നടത്തുന്നത്. അക്കരെ കൊട്ടിയൂരിൽ ഇടവ മാസത്തിലെ ചോതി നക്ഷത്രം മുതൽ മിഥുനത്തിലെ ചിത്തിര നക്ഷത്രം വരെയുള്ള 27 നാളുകളിലാണ് വൈശാഖ മഹോത്സവം നടക്കുന്നത്.ഉത്സത്തിന് ഇവിടെ എത്തുന്നവർക്ക് ഓടപ്പൂവാണ് പ്രസാദമായി നൽകുന്നത്.

temple

രാജ്യത്ത് താടി പ്രസാദമായി നൽകുന്ന ഏക ക്ഷേത്രമെന്ന പ്രത്യേകതയും അക്കരെ കൊട്ടിയൂരിനുണ്ട്. ദക്ഷൻറെ യാഗം നടത്തിയ കർമ്മിയായ ഭൃഗുമുനിയുടെ താടിയെന്ന് സങ്കൽപ്പിച്ചാണ് ഇവിടെ ഓടപ്പൂവ് പ്രസാദമായി നൽകുന്നത്. വീടുകളിലും വാഹനങ്ങളിലുമൊക്കെ ഐശ്വര്യത്തിന് വേണ്ടി ഓടപ്പൂവ് തൂക്കിയിടാറുണ്ട്.

ഐതീഹ്യം ഇങ്ങനെ...

പ്രജാപതികളിലൊരാളായ ദക്ഷന്‌റെ മകളായിരുന്നു സതി.പരമശിവനോട് പുച്ഛവും അവഞ്ജയുമായിരുന്നു ദക്ഷന്. എന്നാൽ പുത്രി പ്രണയിച്ചത് അതേ ശിവനെയും. ഇരുവരുടെയും ബന്ധം ദക്ഷൻ എതിർത്തതോടെ സതി കൊട്ടാരം വിട്ട് ഇറങ്ങി. തനിക്ക് ഇനിമുതൽ സതി എന്നൊരു മകളില്ലെന്ന് ദക്ഷൻ പ്രഖ്യാപിച്ചു.ശേഷം ഒരു വൈശാഖ നാളിൽ ദക്ഷൻ ഒരു യാഗം നടത്തി. ശിവനെയും സതിയേയും മാത്രം യാഗത്തിൽ ക്ഷണിച്ചില്ല. എങ്കിലും യാഗത്തിന് പോകാൻ തന്നെ സതി തീരുമാനിച്ചു. ശിവന്‌റെ വാക്ക് ധിക്കരിച്ച് യാഗത്തിന് പോയി. യാഗത്തിനെത്തിയ സതിയെ ദക്ഷൻ അപമാനിച്ചു. ആ മനോവിഷമത്തിൽ സതി ആത്മഹൂതി ചെയ്തു. കോപാകുലനായ ശിവൻ ‌ജടമുടി പിഴുതെറിഞ്ഞ് വീരഭദ്രനെ സൃഷ്ടിച്ചു. വീരഭദ്രൻ യാഗശാലയിലെത്തി ദക്ഷനെ കൊലപ്പെടുത്തി.മൂലോകങ്ങളുടെ അഭ്യർത്ഥനമാനിച്ച് ശിവൻ ദക്ഷനെ പുനജ്ജീവിപ്പിച്ചു. ശേഷം കൈലാസത്തിലേക്ക് പോയി.ഈ യാഗസ്ഥലത്ത് പിന്നീട് കുറിച്യർ താമസിക്കാൻ ആരംഭിച്ചു.ഒരു ദിവസം ഒരു യുവാവ് അന്പിന് മൂർച്ച കൂട്ടൻ കല്ലിൽ ഉരച്ചപ്പോൾ കല്ലിൽ നിന്ന് രക്തം വരാൻ തുടങ്ങി. ഈ വിവരമറഞ്ഞെത്തിയ പടിഞ്ഞീറ്റ നന്പൂതിരി കൂവലിയിൽ കലശമാടി. അതിന് ശേഷമാണ് വൈശാഖ ഉത്സവം ആരംഭിച്ചതെന്നാണ് പറയപ്പെടുന്നത്. ശ്രീ ശങ്കരാചാര്യനാണ് ക്ഷേത്രത്തിൽ ഇന്ന് കാണുന്ന രീതിയിലുള്ള ചിട്ടകൾ ഉണ്ടാക്കിയത്.

എങ്ങനെ ക്ഷേത്രത്തിൽ എത്തിച്ചേരാം...

തലശ്ശേരി, കണ്ണൂർ, മാനന്തവാടി, എന്നീ സ്ഥലങ്ങളിൽ നിന്ന് കൊട്ടിയൂരിലേക്ക് ബസ് സർവീസ് ഉണ്ട്.വൈശാഖ മഹോത്സവ സമയത്ത് പ്രത്യേക ബസ് സർവീസുകൾ ഉണ്ടാകും.കോഴിക്കോട്ടു നിന്ന് വടകര, കുഞ്ഞിപ്പള്ളി, കൂത്തുപറമ്പ് വഴിയും കൊട്ടിയൂരിലെത്താം. തലശ്ശേരി വഴി പോകുകയാണെങ്കിൽ ബസ് യാത്രയാണ് കൂടുതൽ നല്ലത്.ട്രെയിനില്‍ വരുന്നവര്‍ക്ക് തലശ്ശേരി ഇറങ്ങി ബസ്സില്‍ പോവുന്നതാണ്. കണ്ണൂരിൽ നിന്ന് 700 കിലോമീറ്ററും, തലശ്ശേരിയിൽ നിന്ന് 60 കിലോമീറ്ററും, കോഴിക്കോടുനിന്ന് 125 കിലോമീറ്ററുമാണ് കൊട്ടിയൂരിലേക്കുള്ള ദൂരം.