താനും നടി പാർവതിയും തമ്മിൽ നേരിട്ട് സംസാരിക്കാൻ മാത്രമുള്ള അടുപ്പം ഇല്ലെന്നും തനിക്കെതിരെയുള്ള പാർവതിയുടെ അഭിപ്രായം ഇന്റഗ്രിറ്റിയെ ചോദ്യം ചെയ്യും വിധം ആകരുതെന്നും സംവിധായകൻ സനൽ കുമാർ ശശിധരൻ. പാർവതി ഒരു അഭിമുഖത്തിൽ തന്നെക്കുറിച്ച് പറഞ്ഞ അഭിപ്രായത്തോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് സനൽകുമാർ ശശിധരന്റെ പ്രതികരണം.
മുൻപ്, സിനിമയിൽ അവസരം ലഭിക്കുന്നിലെന്നുള്ള പാർവതിയുടെ പരാതിക്ക് പ്രതികരണവുമായി സനൽകുമാർ ശശിധരൻ രംഗത്ത് വന്നിരുന്നു. നിരവധി തവണ സമീപിച്ചിട്ടും തന്റെ സിനിമയിൽ പാർവതി അഭിനയിക്കാൻ തയാറാകാതിരുന്നതിനെ കുറ്റപ്പെടുത്തിയായിരുന്നു സനൽകുമാറിന്റെ പോസ്റ്റ്. താൻ നിരവധി തവണ ഫോണിൽ വിളിച്ചിട്ടും പാർവതി എടുത്തില്ലെന്നും അയച്ച മെസേജുകൾക്ക് മറുപടി നൽകിയില്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തിയിരുന്നു. ആണധികാര സിനിമയിൽ അഭിനയിക്കാനാണ് തനിക്ക് താൽപ്പര്യം എന്നാണോ പാർവതി പറഞ്ഞു വെക്കുന്നതെന്നും സനൽകുമാർ ചോദിച്ചിരുന്നു.
അഭിപ്രായം നേരിട്ട് പറയാൻ മാത്രം താനും പാർവതിയും തമ്മിൽ ബന്ധമൊന്നും ഇല്ളെന്നും പാർവതിക്ക് എതിരെയുള്ള തന്റെ അഭിപ്രായം താൻ പബ്ലിക്കായി പറഞ്ഞുവെന്ന് അവർ ധ്വനിപ്പിക്കുന്നതായും സനൽ കുമാർ ശശിധരൻ ഇപ്പോഴത്തെ പോസ്റ്റിൽ പരാതിപ്പെടുന്നു.
സനൽകുമാർ ശശിധരന്റെ ഫേസ്ബുക്ക് പോസ്റ്റ് ചുവടെ
പാർവതിയുടെ അഭിമുഖമാണ് ചുവടെയുള്ള കമെന്റിൽ. കാര്യഗൗരവമുള്ള പലകാര്യങ്ങളും പറഞ്ഞിരിക്കുന്നതിനിടയിൽ ഒരു ചോദ്യത്തിനുത്തരമായി അവർ എന്നെക്കുറിച്ചും സംസാരിക്കുന്നു. IFFI യിൽ മികച്ച നടിക്കുള്ള അവാർഡു വാങ്ങുമ്പോൾ സെക്സി ദുർഗയെപറ്റി മിണ്ടാത്തതിനെ കുറിച്ചും മറ്റും ഞാനെഴുതിയ കുറിപ്പിനെക്കുറിച്ചുള്ള ചോദ്യത്തിന് ഉത്തരമായിട്ടാണ് പറഞ്ഞിട്ടുള്ളത്. ക്യാമറയ്ക്ക് മുന്നിൽ അവർ എന്നെക്കുറിച്ച് ഒരിക്കലും സംസാരിക്കില്ല എന്നും എന്നെക്കുറിച്ച് എന്തെങ്കിലും പറയാനുണ്ടെങ്കിൽ നേരിട്ട് സംസാരിക്കും എന്നും പക്ഷെ എനിക്ക് ഫെയ്‌സ് ബുക്കിലൂടെ ആണ് പറയണമെന്ന് തോന്നുന്നതെങ്കിൽ അതിനെ മാനിക്കുന്നു എന്നുമാണ് അവർ പറഞ്ഞത്. ഇത് കേട്ടാൽ തോന്നുക പാർവതിയും ഞാനും അഭിപ്രായങ്ങളും അഭിപ്രായവ്യത്യാസങ്ങളും നേരിട്ട് സംസാരിക്കുന്നത്ര അടുപ്പമുള്ള ആൾക്കാരാണ് എന്നാണ്. പാർവതിക്ക് എന്നോട് എന്തെങ്കിലും പറയാനുണ്ടെങ്കിൽ അത് പബ്ലിക് ആയി വിളിച്ചുപറയാതെ എന്നെ നേരിട്ട് വിളിച്ച് പറയുകയാണ് ചെയ്യുക, എന്നിട്ടും ഞാൻ അത് പബ്ലിക്ക് ആയി വിളിച്ചു പറഞ്ഞു എന്നൊരു ധ്വനി അതിലുണ്ട്.
പാർവതി നല്ല ബുദ്ധിയുള്ള സ്ത്രീയാണ്. ചോദ്യങ്ങൾക്ക് ബുദ്ധിപൂർവം ഉത്തരം പറയുന്നത് നല്ല കാര്യവുമാണ്. പക്ഷെ അത് മറ്റൊരാളുടെ ഇന്റഗ്രിറ്റിയെ ചോദ്യം ചെയ്യുന്ന രീതിയിൽ ആവാൻ പാടില്ല. ഒരുപക്ഷെ അവർ അങ്ങനെ അറിഞ്ഞുകൊണ്ട് ചെയ്തതാവില്ല. പക്ഷെ ഫലത്തിൽ അങ്ങനെയാണ് ഉണ്ടായത്. യഥാർത്ഥത്തിൽ പാർവതിയും ഞാനും തമ്മിൽ ഒരുതവണ പോലും സംസാരിച്ചിട്ടില്ല. ഞാൻ അയച്ച മെസേജിന് മറുപടി ലഭിക്കുന്നത് അതേക്കുറിച്ച് ഞാൻ ഫെയ്‌സ്ബുക്കിലിട്ട കുറിപ്പിനും എത്രയോ ശേഷമാണ്. ആ മെസേജിന് ഞാൻ മറുപടി അയച്ചിട്ടുണ്ട് എന്നല്ലാതെ ഒരാവശ്യം വരാത്തത്കൊണ്ട് വിളിച്ചില്ല.
ഈ അഭിമുഖം നേരത്തെ എന്റെ ഒരു സുഹൃത്ത് അയച്ചു തന്ന് കണ്ടിരുന്നു എങ്കിലും അതേക്കുറിച്ച് ഒന്നും പറയേണ്ടതില്ലെന്ന് കരുതിയതാണ്. പക്ഷേ ഇന്നലെ ഹാബിറ്റാറ്റ് ഫിലിം ഫെസ്റ്റിവലിനു കണ്ട രണ്ടു സുഹൃത്തുക്കൾ ഈ വിഷയം സംസാരിച്ചത് കേട്ടപ്പോൾ നിർദ്ദോഷമെന്ന് തോന്നാവുന്ന ആ പരാമർശം എന്നെക്കുറിച്ച് വളരെയധികം തെറ്റിദ്ധാരണ ഉണ്ടാക്കിയിട്ടുണ്ട് എന്ന് മനസിലാക്കിയത് കൊണ്ട് ഇത്രയും എഴുതുന്നു. ഇത് പബ്ലിക്ക് ആയി എഴുതുന്നത് അവരെ അപമാനിക്കാനോ അവഹേളിക്കാനോ അല്ല. ആ അഭിമുഖം കൊണ്ട് അറിഞ്ഞോ അറിയാതെയോ എന്നെക്കുറിച്ചുണ്ടായ തെറ്റിദ്ധാരണ മാറ്റാൻ മാത്രം.