വാഷിംഗ്ടൺ: പശ്ചിമേഷ്യൻ കടലിടുക്കിലേക്ക് യുദ്ധക്കപ്പലുകൾ അയച്ചതിന് പിന്നാലെ ഇറാന് അന്ത്യശാസനവുമായി അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് രംഗത്തെത്തി. ഒരു യുദ്ധത്തിനാണ് ഒരുങ്ങുന്നതെങ്കിൽ, അത് ഇറാന്റെ ഔദ്യോഗിക അന്ത്യമാകും. അമേരിക്കയെ ഭീഷണിപ്പെടുത്താൻ ഇറാൻ മുതിരരുതെന്നും ട്രംപ് ട്വിറ്ററിൽ കുറിച്ചു. എന്നാൽ ഇറാനിൽ നിന്നുണ്ടായ ഭീഷണി എന്താണെന്ന് വ്യക്തമാക്കാൻ ട്രംപ് തയ്യാറായിട്ടില്ല. ഇറാനുമായി നിലനിൽക്കുന്ന പ്രശ്‌നങ്ങൾ ചർച്ചയിലൂടെ പരിഹരിക്കാമെന്ന സൂചന നൽകിയതിന് പിന്നാലെയാണ് ട്രംപിന്റെ നിലപാട് മാറ്റം.
തങ്ങളുടെ സഖ്യകക്ഷികളുടെ മേലുള്ള ഏതൊരു ആക്രമണത്തെയും ചെറുക്കുമെന്ന സൂചന നൽകിയാണ് അമേരിക്ക ഗൾഫ് മേഖലയിലേക്ക് തങ്ങളുടെ പടക്കപ്പലായ യു.എസ്.എസ് എബ്രഹാം ലിങ്കനെ അയച്ചത്. ഇതിന് പിന്നാലെ ഇരുരാജ്യങ്ങളും തമ്മിലെ നയതന്ത്ര ബന്ധവും വഷളായി. ഇറാനുമായുള്ള ആണവ കരാറിൽ നിന്നും യു എസ് ഏകപക്ഷീയമായി പിന്മാറിയതും ഇവർ തമ്മിലുള്ള ബന്ധത്തെ കൂടുതൽ വഷളാക്കിയിരുന്നു. മധ്യപൂർവ ദേശത്ത് ഇറാന്റെ ആക്രമണം ഉണ്ടായാൽ ഏതു നിലക്കും പ്രതിരോധിക്കാൻ തങ്ങൾ ശ്രമിക്കുമെന്ന് അമേരിക്ക അറിയിച്ചു. സേനാ വിന്യാസത്തിന്റെ പദ്ധതികൾ തുടങ്ങിയിട്ടുണ്ടെന്നും ഇറാന്റെ നീക്കം എന്തെന്ന് മനസിലാക്കിയായിരിക്കും തുടർനടപടിയെന്നും ഒരു ഉന്നതതല യു.എസ് ഉദ്യോഗസ്ഥൻ വ്യക്തമാക്കി. ഇതിന് പിന്നാലെ യു.എ.ഇ തീരത്ത് വച്ച് സൗദി കപ്പലുകൾക്ക് നേരെയും സൗദിയുടെ വാതകപൈപ്പുകൾക്ക് നേരെയും ആക്രമമണമുണ്ടായി. ഇത് ഇറാന്റെ നേതൃത്വത്തിലാണെന്നാണ് അമേരിക്കയുടെ ആരോപണം.
അതേസമയം, ഇറാഖിലെ അമേരിക്കൻ എംബസിയിൽ നിന്ന് മടങ്ങാൻ തങ്ങളുടെ ഉദ്യോഗസ്ഥരോട് അമേരിക്ക നിർദ്ദേശിച്ചിട്ടുണ്ട്. ഇറാന് പിന്തുണ നൽകുന്ന ഇറാഖി തീവ്രവാദ ഗ്രൂപ്പുകൾ ആക്രമിക്കാനുള്ള സാധ്യത കണക്കിലെടുത്താണ് ഇവരോട് മടങ്ങാൻ അമേരിക്ക നിർദ്ദേശിച്ചത്. എന്നാൽ എന്തെങ്കിലും സൈനിക നീക്കമുണ്ടാകുമെന്ന കാര്യത്തിൽ ഉറപ്പ് പറയാൻ അമേരിക്ക തയ്യാറാകുന്നുമില്ല. അതേസമയം, ട്രംപിന്റെ ഭീഷണി അതീവ ഗുരുതരമാണെന്നാണ് പ്രതിരോധ രംഗത്തെ വിദഗ്‌ദ്ധർ പറയുന്നത്. ഒരു രാജ്യത്തിന്റെ ഭരണാധികാരി ഇത്തരത്തിൽ പെരുമാറിയത് തന്നെ തെറ്റാണ്. ഇറാന് മേൽ കടുത്ത നടപടികൾക്ക് അമേരിക്ക ഒരുങ്ങുകയാണെന്നതിന്റെ സൂചനയാണിത്. എന്നാൽ മറുവശത്ത് അമേരിക്കയിൽ നിന്നുള്ള ഭീഷണി തടയാനായി ഇറാനും ഒരുക്കങ്ങൾ നടത്തുന്നുണ്ടെന്നും പ്രതിരോധ രംഗത്തുള്ളവർ പറയുന്നു. എന്നാൽ തങ്ങൾ ഒരു യുദ്ധം ആഗ്രഹിക്കുന്നില്ലെന്നാണ് ഇറാന്റെ നിലപാട്.