p-jayarajan

കോഴിക്കോട്: വെട്ടേറ്റ് ചികിത്സയിൽ കഴിയുന്ന വടകരയിലെ സ്വതന്ത്രസ്ഥാനാർത്ഥി സി.ഒ.ടി നസീറിനെ എൽ.ഡി.എഫ് സ്ഥാനാർത്ഥി പി.ജയരാജൻ സന്ദർശിച്ചു. നസീർ കഴിയുന്ന മുറിയിൽ അരമണിക്കൂറോളം പി.ജയരാജൻ ചിലവഴിച്ചു. ആശുപത്രിയിൽ മാദ്ധ്യമങ്ങളെ ഒഴിവാക്കിയാണ് ജയരാജൻ നസീറിനെ സന്ദർശിച്ചത്. നസീറിന് നേരെ നടന്ന ആക്രമണത്തിൽ തനിക്കും പാർട്ടിക്കും പങ്കില്ലെന്ന് ജയരാജൻ വ്യക്തമാക്കി.

നേരത്തെ സി.ഒ.ടി നസീർ വധശ്രമ ഗൂഢാലോചനയിൽ പി.ജയരാജൻ നേരെ കോൺഗ്രസിന്റെയും ആർ.എം.പിയുടെയും ആരോപണം ഉയർന്നിരുന്നു. സംഭവത്തിൽ പങ്കില്ലെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ പ്രതികരിച്ചിരുന്നു. അതേസമയം,​ സി.പി.എമ്മിൽ നിന്ന് പുറത്തേക്ക് വന്നതും പി.ജയരാജനെതിരെ വടകരയിൽ മത്സരിച്ചതുമാണ് തന്നോടുള്ള സി.പി.എം വിരോധത്തിന് കാരണമെന്നാണ് നസീറിന്റെ മൊഴി.

തലശേരി എ.എസ്‌.പിയുടെ നേതൃത്വത്തിലുള്ള പ്രത്യേക സംഘമാണ് കേസ് അന്വേഷിക്കുന്നത്. സംഭവത്തിൽ മൂന്ന് സി.പി.എം പ്രവർത്തക്കെതിരെ തലശേരി പൊലീസ് വധശ്രമത്തിന് കേസെടുത്തിട്ടുണ്ട്. ശനിയാഴ്ച രാത്രി ഏഴരയോടെ കായ്യത്ത് റോഡ് കനക് റെസിഡൻസി കെട്ടിടപരിസരത്താണ് നസീർ ആക്രമിക്കപ്പെട്ടത്. പരിേക്കറ്റ നസീർ കോഴിേക്കാട് ബേബി മെമ്മോറിയൽ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. കൈക്കും കാൽമുട്ടിനും ഞായറാഴ്ച അടിയന്തര ശസ്ത്രക്രിയ നടത്തിയ നസീറിനെ വെന്റിലേറ്ററിലേക്ക്​ മാറ്റിയിരുന്നു.

തലശ്ശേരി മുൻ നഗരസഭാംഗവും സി.പി.എം തലശ്ശേരി ലോക്കൽ കമ്മിറ്റി അംഗവുമായിരുന്ന നസീർ കുറച്ചുകാലമായി പാർട്ടിയുമായി അകന്നുനിൽക്കുകയായിരുന്നു. ലോക്‌സഭാ തിരഞ്ഞെടുപ്പ് പര്യടനത്തിനിടെ നസീർ രണ്ടു തവണ ആക്രമിക്കപ്പെട്ടിരുന്നു.