ന്യൂഡൽഹി: ലോക്‌സഭാ തിരഞ്ഞെടുപ്പിന് ശേഷം കോൺഗ്രസിനെ കാത്തിരിക്കുന്നത് സർവനാശമാണെന്ന് സ്വരാജ് ഇന്ത്യാ തലവനും മുൻ ആം ആദ്മി നേതാവുമായ യോഗേന്ദ്ര യാദവ് പറഞ്ഞു. കോൺഗ്രസ് ഇല്ലാതാകേണ്ടത് അത്യാവശ്യമാണ്. ഇന്ത്യ എന്ന ആശയത്തെ നിലനിറുത്താനായി ബി.ജെ.പിയെ തോൽപ്പിച്ച് അധികാരത്തിലെത്താൻ കോൺഗ്രസിന് കഴിയുമെന്ന് തോന്നുന്നില്ല. അങ്ങനെയാണെങ്കിൽ ഇന്ത്യയുടെ ചരിത്രത്തിൽ കോൺഗ്രസിന് ഒരു സ്ഥാനവുമുണ്ടാകില്ല. ബി.ജെ.പിക്കെതിരെ ഒരു ബദൽ കൊണ്ടുവരുന്നതിനുള്ള നീക്കത്തിൽ ഏറ്റവും വലിയ തടസം കോൺഗ്രസാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി. കഴിഞ്ഞ ദിവസം എക്സിറ്റ് പോളുകൾക്ക് മുമ്പ് തന്നെ ബി.ജെ.പിയുടെ വിജയം പ്രവചിച്ചയാളാണ് യേഗേന്ദ്ര യാദവ്.
ആം ആദ്മി പാർട്ടിയുടെ സ്ഥാപക നേതാവായ യോഗേന്ദ്ര യാദവ് 2015ൽ പാർട്ടിയിൽ നിന്ന് പുറത്താക്കപ്പെട്ടതിനെ തുടർന്നാണ് സ്വരാജ് ഇന്ത്യ രൂപീകരിക്കുന്നത്. ബി.ജെ.പിക്കെതിരെ കോൺഗ്രസ് ഉൾപ്പെടെയുള്ള പാർട്ടികളെ ചേർത്ത് കൊണ്ടുള്ള പ്രതിപക്ഷ സഖ്യത്തിനെ ആദ്യം മുതൽ തന്നെ എതിർത്തയാളാണ് യോഗേന്ദ്ര. രാജ്യത്ത് കോൺഗ്രസ് അല്ലാത്ത ശക്തമായ പ്രതിപക്ഷ പാർട്ടി വേണമെന്നാണ് അദ്ദേഹത്തിന്റെ ആവശ്യം. ഇതിന് തടസം നിൽക്കുന്നത് കോൺഗ്രസ് മാത്രമാണെന്നും അദ്ദേഹം പറയുന്നു. അതേസമയം, എക്‌സിറ്റ് പോളുകളിൽ വിശ്വസിക്കുന്നില്ലെന്നും യേഗേന്ദ്ര യാദവിനെപ്പോലുള്ളവരുടെ വാദങ്ങളെ അർഹിക്കുന്ന അവഗണനയോടെ തള്ളുന്നതായും കോൺഗ്രസ് നേതൃത്വം പ്രതികരിച്ചു.
അതിനിടെ ബി.ജെ.പിക്ക് മതിയായ ഭൂരിപക്ഷം ലഭിക്കാത്ത സാഹചര്യമുണ്ടായാൽ സർക്കാർ രൂപീകരിക്കാനുള്ള സാഹചര്യങ്ങൾ പരിശോധിക്കാനായി ആന്ധ്രാപ്രദേശ് മുഖ്യമന്ത്രി ചന്ദ്രബാബു നായിഡുവും പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമതാ ബാനർജിയും ഉടൻ തന്നെ കൂടിക്കാഴ്‌ച നടത്തുമെന്നാണ് വിവരം. എന്നാൽ എക്‌സിറ്റ് പോളുകൾ പുറത്തുവന്നതിന്റെ സാഹചര്യത്തിൽ കോൺഗ്രസ് അദ്ധ്യക്ഷനുമായി നടത്താനിരുന്ന കൂടിക്കാഴ്‌ച ബി.എസ്.പി നേതാവ് മായാവതി റദ്ദാക്കി. ഇനി ഫലം വന്നതിന് ശേഷം ചർച്ചകൾ മതിയെന്നാണ് ഇവരുടെ നിലപാട്. എന്നാൽ കഴിഞ്ഞ ദിവസം പുറത്ത് വന്ന എക്‌സിറ്റ് പോളുകളോട് പ്രതികരിക്കാൻ മുതിർന്ന ബി.ജെ.പി നേതാക്കളാരും തന്നെ ഔദ്യോഗികമായി തയ്യാറായിട്ടില്ല.