കൊല്ലത്ത് അയത്തിൽ ഡീസന്റ് ജംക്‌ഷനിൽ കൂട്ട് കൃഷി നടത്തുകയാണ് ഒരു കൂട്ടം യുവാക്കൾ.അഭയസ്തവിദ്യരായ ഏഴ് ചെറുപ്പക്കാർ ചേർന്നാണ് ഈ സംരംഭം തുടങ്ങുന്നത്. മൃഗങ്ങളെയാണ് ഇവർ പ്രധാനമായും വളർത്തുന്നത്. നായകൾ, പോത്തുകൾ, ആടുകൾ, പ്രാവുകൾ, തത്തകൾ, താറാവുകൾ, ലവ് ബേർഡ്‌സ്, എന്നീ ജീവികളെയാണ് ഇവർ കൂട്ടത്തോടെ വളർത്തുന്നത്.
രഞ്ജിത്ത് എന്ന 'വല്യേട്ടനാ'ണ് ഇവരുടെ തലവൻ. ഇവരിൽ ഓരോ ആളും ഓരോ ജീവിയെയാണ് കൃഷി ചെയ്യുന്നത്. തമ്മിൽ ഭിന്നതകൾ രൂപപ്പെടാതെ ഇരിക്കാൻ വേണ്ടിയാണ് ഇങ്ങനെ ചെയ്യുന്നതെന്നും രഞ്ജിത്ത് കൗമുദി ടി.വിയോട് പറഞ്ഞു. 'ബാർട്ടർ കെന്നൽ ആൻഡ് ഫാം' എന്നാണു ഇവരുടെ കൂട്ടുകൃഷിയുടെ പേര്
വളർത്തുമൃഗങ്ങളായാണ് ഭൂരിഭാഗം ജീവികളെയും ഇവർ വിൽക്കുക. ഇവർ വളർത്തുന്ന മൃഗങ്ങളിൽ നായകൾക്കാണ് ഏറ്റവും കൂടുതൽ ആവശ്യക്കാരുള്ളത്. വിവിധ ഇനങ്ങളിലുള്ള നായകളെ ഇവർ വളർത്തുന്നുണ്ട്. ലാബ്രഡോർ, അൽസേഷ്യൻ എന്ന ജർമൻ ഷെപ്പേർഡ്, പൊമറേനിയൻ, റോട്ട്വൈലർ എന്നീ ഇനങ്ങളാണ് ഇവരിൽ നിന്നും ഏറ്റവും കൂടുതൽ വിറ്രുപോകുന്നത്.
തത്ത, പ്രാവ്, ആട് എന്നിവയേയും ഇവർ വളർത്തുമൃഗങ്ങൾ എന്ന രീതിയിലാണ് കൃഷി ചെയ്യുന്നത്. ആടുകൾ വെറും ആടുകളല്ല. ജമ്നാപ്യാരി വിഭാഗത്തിൽ പെടുന്ന വളർത്ത് ആടുകളാണ് ഇവ. പ്രത്യേക രീതിയിലുള്ള കൊമ്പുകളും നീണ്ട രോമങ്ങളുമുള്ള ഇവയ്ക്കും ആവശ്യക്കാർ ഏറെയാണ്. തത്തകളുടേയും, പ്രാവുകളുടെയും ലവ് ബെർഡ്സുകളുടെയും കാര്യവും ഇങ്ങനെ തന്നെ.
എന്നാൽ പോത്തുകളെ മാത്രം ഇവർ വളർത്തുമൃഗങ്ങളായല്ല പരിപാലിക്കുന്നത്. ഇറച്ചിക്കുവേണ്ടിയാണ് ഇവയെ വളർത്തുക. അതീവ ശ്രദ്ധയോടെ വേണം പോത്തുകളെ വളർത്താൻ എന്നാണ് ഈ ചെറുപ്പക്കാർ പറയുന്നത്. അല്ലെങ്കിൽ കുളമ്പ് രോഗങ്ങൾ പോലുള്ള രോഗങ്ങൾ വന്നു ചാവാൻ ഇടയുണ്ട്. മാത്രമല്ല വിൽക്കുന്ന സമയത്ത് ദേഹത്ത് എന്തെങ്കിലും പാടുകളോ മുറിവുകളോ ഉണ്ടെങ്കിലും ഇവയ്ക്ക് വില കുറയുകയും ചെയ്യും.