kamalnat

ന്യൂഡൽഹി: കേവല ഭൂരിപക്ഷത്തോടെ ബി.ജെ.പി കേന്ദ്ര ഭരണം നിലനിറുത്തുമെന്ന് എക്സിറ്റ് പോൾ പ്രവചനം വന്നതിന് തൊട്ടു പിന്നാലെ മദ്ധ്യപ്രദേശിൽ കോൺഗ്രസ് സർക്കാരിനെ വലിച്ചിട്ട് ഭരണം പിടിക്കാനുള്ള ശ്രമം പാർട്ടി തുടങ്ങി. കമൽനാഥ് സർക്കാരിന് ഭൂരിപക്ഷമില്ലെന്നും പ്രത്യേക നിയമസഭാ സമ്മേളനം വിളിച്ച് വിശ്വാസ വോട്ട് തേടാൻ ആവശ്യപ്പെടണമെന്നും കാണിച്ച് പ്രതിപക്ഷ നേതാവ് ഗോപാൽ ഭാർഗവ ഗവർണർ ആനന്ദിബെൻ പട്ടേലിന് ഇന്നലെ കത്തെഴുതി.

എസ്.പി, ബി.എസ്.പി പിന്തുണയോടെയാണ് കോൺഗ്രസ് സംസ്ഥാനം ഭരിക്കുന്നത്. കോൺഗ്രസ് എം.എൽ.എമാരെ അട‌ർത്തിയെടുക്കാനുള്ള നീക്കം ബി.ജെ.പി നടത്തിയേക്കുമെന്നാണ് സൂചന. കോൺഗ്രസ് എം.എൽ.എമാർ അസ്വസ്ഥരാണെന്നും അവർ പാർട്ടി വിടാൻ തയ്യാറായി നിൽക്കുകയാണെന്നും ഭാർഗവ ഇന്നലെ പ്രതികരിച്ചതിൽ നിന്ന് ഇക്കാര്യം വായിച്ചെടുക്കാം. അതേസമയം, കുതിരക്കച്ചവടത്തിന് ബി.ജെ.പിയില്ലെന്ന് ഭാർഗവ പറഞ്ഞുവയ്ക്കുകയും ചെയ്തു.

കഴിഞ്ഞ നവംബറിൽ നടന്ന അസംബ്ളി തിരഞ്ഞെടുപ്പിൽ, മുഖ്യമന്ത്രി പദത്തിൽ തുടർച്ചയായ നാലാം ടേം പ്രതീക്ഷിച്ച ശിവരാജ് സിംഗ് ചൗഹാനെ അട്ടിമറിച്ചാണ് കോൺഗ്രസ് ഭരണം പിടിച്ചത്. ആകെയുള്ള 230 സീറ്റിൽ 114 നേടി കോൺഗ്രസ് വലിയ കക്ഷിയായപ്പോൾ ബി.ജെ.പിക്ക് 109 സീറ്റേ കിട്ടിയുള്ളൂ. രണ്ട് ബി.എസ്.പി അംഗങ്ങളുടെയും ഒരു എസ്.പി അംഗത്തിന്റെയും പിന്തുണയോടെ 116 എന്ന നമ്പർ തികച്ച് കോൺഗ്രസ് അധികാരം പിടിക്കുകയായിരുന്നു.

സംസ്ഥാനത്ത് ഭരണ സ്തംഭനമാണെന്ന് ഗവർണർക്കുള്ള കത്തിൽ ആരോപിച്ച ഭാർഗവ ജനങ്ങളുടെ പ്രശ്നങ്ങൾ സഭയിൽ ചർച്ച ചെയ്യാതെ ചൗഹാന്റെ തലയിൽ പഴിചാരുകയാണെന്നും പറയുന്നു. ബി.ജെ.പി സർക്കാർ 21 ലക്ഷം കർഷകരുടെ കടം എഴുതിത്തള്ളിയെന്നും കത്തിൽ അവകാശപ്പെട്ടു.

മദ്ധ്യപ്രദേശിലെ 29 ലോക്സഭാ സീറ്റിൽ 24 വരെ ബി.ജെ.പി നേടുമെന്നാണ് ഞായറാഴ്ച പുറത്തുവന്ന എക്സിറ്റ് പോൾ ഫലങ്ങൾ പറയുന്നത്.

മദ്ധ്യപ്രദേശ് നിയമസഭ

കക്ഷിനില

ആകെ സീറ്റ് : 230

കോൺഗ്രസ് : 114

ബി.ജെ.പി : 109

ബി.എസ്.പി : 2

എസ്.പി : 1

സ്വതന്ത്രർ : 4