kids

കൊച്ചു കുട്ടികളുൾപ്പെടെ സ്മാർട് ഫോണിന്റെ അടിമകളായി മാറുന്ന ലോകത്താണ് നമ്മൾ ജീവിക്കുന്നത്. രക്ഷിതാക്കൾ അവരുടെ സ്വന്തം അവയവത്തെപ്പോലെ കൊണ്ട് നടക്കുന്ന മൊബൈൽ ഫോൺ കണ്ടുകൊണ്ടാണ് ഓരോ കുഞ്ഞും വളരുന്നത്. അതിനാൽ തന്നെ മൊബൈൽ ഫോണിനായി കൈനീട്ടുന്ന കുഞ്ഞുങ്ങളെ നമുക്ക് ചുറ്റിലും കാണാനാവും. കുറച്ച് കൂടി കുട്ടികൾ വളരുന്നതോടെ മൊബൈലിലെ ഗെയിമുകളിലാവും അവരുടെ കണ്ണ്. ബഹളം കൂട്ടാതെ കുറച്ച് നേരം കുട്ടികൾ അടങ്ങിയൊതുങ്ങി ഇരിക്കുമല്ലോ എന്ന് കരുതി കുട്ടികൾക്ക് മൊബൈൽ ഫോൺ നൽകുന്ന രക്ഷിതാക്കളുമുണ്ട്. തങ്ങൾക്ക് അറിയാത്ത ഫോണിലെ ഫംഗ്ഷനുകൾ പോലും കുട്ടികൾക്ക് അറിയാമെന്ന 'തള്ളിവിടുന്ന' രക്ഷിതാക്കളെ എത്രയോ നമ്മൾ കണ്ടിരിക്കുന്നു.

കുട്ടികൾ ചെറുപ്രായത്തിൽ തന്നെ മൊബൈൽ ഫോണുകൾക്ക് അടിമപ്പെടുന്നത് പല പ്രശ്നങ്ങൾക്കും ഇടയാക്കും. പ്രത്യേകിച്ച് കുട്ടികളുടെ നേത്രരോഗങ്ങൾക്ക് ഇത് ഇടയാക്കിയേക്കാം. ഇത് കൂടാതെ എപ്പോഴും വാശിപിടിച്ചാൽ ഫോൺ ലഭിക്കും എന്ന പ്രവണത കുഞ്ഞും നാളിലേ വളർത്തിക്കൊണ്ട് വരുന്നതും തെറ്റാണ്. കുട്ടികളിലെ മൊബൈൽ ഫോൺ ദുരുപയോഗം തടയുന്നതിന് ഏറ്റവും നല്ല മാർഗമാണ് ചെറു പ്രായത്തിലെ വായനയുടെയും പുസ്തകങ്ങളുടെയും ലോകത്തിലേക്ക് അവരെ കൂട്ടിക്കൊണ്ട് പോവുക എന്നത്.

കുരുന്ന് കൈകളിൽ പുസ്തകമോ ?
കളിപ്പാട്ടങ്ങളുമായി കളിക്കുന്ന പ്രായത്തിൽ കുട്ടികൾക്ക് പുസ്തകം നൽകണമോ എന്ന് സംശയിക്കുന്നവരുണ്ടാവാം. എന്നാൽ ഈ ധാരണ തെറ്റാണ് കുഞ്ഞ് പ്രായത്തിലേ പുസ്തകങ്ങളുമായി കൂട്ട് കൂടാൻ പഠിപ്പിക്കുന്നത് നല്ല കാര്യമാണ്. പക്ഷേ കുട്ടികൾക്ക് ഇണങ്ങുന്ന തരത്തിലുള്ള പുസ്തകങ്ങൾ നൽകുവാൻ രക്ഷിതാക്കൾ ശ്രദ്ധിക്കണമെന്ന് മാത്രം.

ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാണ് :

1. ചെറിയ പ്രായത്തിലുള്ള കുട്ടികൾക്ക് വർണ ചിത്രങ്ങളടങ്ങിയ പുസ്തകങ്ങളാണ് നൽകേണ്ടത്.
2. ചിത്രങ്ങളോട് കൂടിയ ചെറിയ കഥാ പുസ്തങ്ങൾ കുട്ടികളുടെ കൈയ്യിൽ വച്ചുകൊടുത്ത് കഥ പറയുവാൻ മുതിർന്നവർ ശ്രദ്ധിക്കണം. ഇത് കൂടുതൽ കാര്യങ്ങൾ മനസിലാക്കുവാൻ കുട്ടികൾക്കാവും.
3.ചിത്രകഥകൾ കുട്ടികൾക്കായി വായിച്ചു നൽകുമ്പോൾ മുതിർന്നവർ ചിത്രങ്ങളുടെ മുകളിലൂടെ വിരലോടിച്ച് കാര്യങ്ങൾ പറഞ്ഞുകൊടുക്കുവാൻ ശ്രദ്ധിക്കണം.
4. കുഞ്ഞുങ്ങൾ പുസ്തകങ്ങൾ വലിച്ചു കീറുന്ന സ്വഭാവം കാണിക്കാറുണ്ട്. എന്നാൽ ഇതിൽ നിന്നും അവരെ തടയുകയും ശ്രദ്ധയോടെ മുതിർന്നവർ പുസ്തകങ്ങൾ കൈകാര്യം ചെയ്യുന്നത് കാണിച്ചുകൊടുക്കുകയും ചെയ്യുക.
5. വായന കഴിഞ്ഞ ശേഷം പുസ്തകം അടുക്കി സൂക്ഷിച്ച് വയ്ക്കുന്നതും കുഞ്ഞ് കാണുന്ന രീതിയിൽ ചെയ്യണം.

kids

വീട്ടിലൊരു ലൈബ്രറി

പത്ത് വയസിന് മുകളിൽ പ്രായമുള്ള കുട്ടികളുള്ള വീട്ടിൽ ഒരു ലൈബ്രറി വീട്ടിലുണ്ടാവുന്നത് നല്ലതാണ്. വിവിധ തരം ഡിക്ഷ്ണറികൾ, പൊതു വിജ്ഞാനം പ്രദാനം ചെയ്യുന്ന പുസ്തകങ്ങൾ തുടങ്ങിയവ എല്ലാ വീടുകളിലും ഉണ്ടാവുന്നത് നല്ലതാണ്. പഠന സമയം കഴിഞ്ഞാൽ കുട്ടികൾക്ക് വായിക്കുവാനുള്ള പുസ്തകങ്ങൾ വീട്ടിൽ വാങ്ങി സൂക്ഷിക്കാം. പുസ്തക മേളകളിലും മറ്റും വിലകുറച്ച് പുസ്തകങ്ങൾ ലഭിക്കുമ്പോൾ ഒന്നിച്ച് പുസ്തകങ്ങൾ വാങ്ങാവുന്നതാണ്. കുട്ടികൾക്ക് വേണ്ടിയുള്ള ചരിത്രകഥകളും, നിരവധി വോള്യങ്ങളിലുള്ള പുസ്തകവുമെല്ലാം ഇൻസ്റ്റാൾമെന്റായും വിൽക്കുന്ന ഏജൻസികളിൽ നിന്നും വീട്ടിലെ ലൈബ്രറിയിലേക്ക് വാങ്ങാവുന്നതാണ്.

കുട്ടികളെ ലൈബ്രറിയിൽ കൊണ്ട് പോകാം
വീട്ടിൽ സ്വന്തമായി പുസ്തകങ്ങൾ വാങ്ങി സൂക്ഷിക്കാൻ കഴിയാത്തവർ കുട്ടികളെ നാട്ടിലെ ലൈബ്രറിയിൽ കൊണ്ട് പോകണം. എന്നാൽ ലൈബ്രറിയിൽ നിന്നും പുസ്തകങ്ങൾ തിരഞ്ഞെടുക്കുന്നതിൽ ശ്രദ്ധ അത്യാവശ്യമാണ്. വായന കൊണ്ട് നല്ല സ്വഭാവ ഗുണം പ്രദാനം ചെയ്യുമെന്ന് ഉറപ്പുള്ള പുസ്തകങ്ങളാണ് കുട്ടികൾക്ക് നൽകേണ്ടത്. നമ്മുടെ നാടിന്റെ ചരിത്ര മൂല്യങ്ങളും, മികച്ച സാഹിത്യ ഗ്രന്ഥങ്ങളുമെല്ലാം നമ്മുടെ കുട്ടികൾ അറിയണമെങ്കിൽ വായനയിലൂടെ മാത്രമേ കഴിയുകയുള്ളു.