ചെന്നൈ: നടനും മക്കൾ നീതി മയ്യം അദ്ധ്യക്ഷനുമായ കമലഹാസന് മുൻകൂർ ജാമ്യം. മദ്രാസ് ഹൈക്കോടതിയുടെ മധുര ബെഞ്ചാണ് മുൻകൂർ ജാമ്യം അനുവദിച്ചത്. അറവകുറിച്ചി നിയമസഭ ഉപതിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ സ്വതന്ത്ര ഇന്ത്യയിലെ ആദ്യ തീവ്രവാദി ഹിന്ദുവാണെന്നും അത് ഗാന്ധിജിയെ കൊന്ന നാഥുറാം ഗോഡ്സെയാണെന്നും കമലഹാസൻ പറഞ്ഞിരുന്നു. ഇതിനെതിരെ ഹിന്ദു മുന്നണി കക്ഷിയാണ് പരാതി നൽകിയത്. ഇതിന് പിന്നാലെ തനിക്ക് സുരക്ഷയൊരുക്കണമെന്ന് കമൽ ആവശ്യപ്പെട്ടിരുന്നു. സംഘപരിവാർ പ്രവർത്തകർ നൽകിയ പരാതികളുടെ അടിസ്ഥാനത്തിൽ തമിഴ്നാട്ടിൽമാത്രം 76 പൊലീസ് സ്റ്റേഷനുകളിലാണ് കമലഹാസനെതിരെ കേസ് രജിസ്റ്റർ ചെയ്തത്. മതവിദ്വേഷം പരത്തുന്നതിന്റെ പേരിൽ അറവകുറിച്ചി പൊലീസ് കമലഹാസന്റെ പേരിൽ ജാമ്യമില്ലാ വകുപ്പുകൾ പ്രകാരം കേസ് രജിസ്റ്റർ ചെയ്തിരുന്നു. ഇതേ തുടർന്നാണ് കമലഹാസൻ മുൻകൂർ ജാമ്യാപേക്ഷ സമർപ്പിച്ചത്.