കൊച്ചി: മോദി സർക്കാർ തുടരുമെന്ന എക്‌സിറ്റ് പോൾ പ്രവചനങ്ങളുടെ കരുത്തിൽ ഇന്ത്യൻ ഓഹരികൾ ഇന്നലെ കുതിച്ചുയർന്നു. ബോംബെ ഓഹരി സൂചിക (സെൻസെക്‌സ്) 1,421 പോയിന്റ് മുന്നേറി 39,352ലും ദേശീയ ഓഹരി സൂചിക (നിഫ്‌റ്റി) 421 പോയിന്റുയർന്ന് 11,828ലുമാണ് വ്യാപാരം പൂർത്തിയാക്കിയത്. തടസമില്ലാത്ത സാമ്പത്തിക പരിഷ്‌കാരങ്ങൾക്കും രാജ്യത്തിന്റെ സാമ്പത്തിക മുന്നേറ്റത്തിനും സ്ഥിരതയുള്ള സർക്കാരാണ് വേണ്ടതെന്ന നിലപാടാണ് നിക്ഷേപകർക്കുള്ളത്. ഇതാണ് വിപണി കുതിച്ചുയരാൻ കാരണം. സെൻസെക്‌സും നിഫ്‌റ്റിയും ഒരുദിനം ഇത്രയും കുതിക്കുന്നത് 2009നുശേഷം ആദ്യമാണ്.
60 സെക്കൻഡിനുള്ളിൽ ₹3.2 ലക്ഷം കോടി
ഇന്നലെ വ്യാപാരത്തുടക്കം മുതൽ ഓഹരികളിൽ മോദി പ്രഭാവം വീശിയടിച്ചു. ആദ്യ 60 സെക്കൻഡിനകം നിക്ഷേപക മൂല്യത്തിലുണ്ടായ വർദ്ധന 3.2 ലക്ഷം കോടി രൂപയാണ്.
₹7.45 ലക്ഷം കോടി
സെൻസെക്‌സിലെ നിക്ഷേപക മൂല്യം ഇന്നലെ വർദ്ധിച്ചത് 5.24 ലക്ഷം കോടി രൂപ. മൂന്നു ദിവസത്തിനിടെ നേട്ടം 7.45 ലക്ഷം കോടി രൂപ.
കരുത്തു കാട്ടി രൂപയും
മോദി തരംഗം ഇന്നലെ രൂപയ്‌ക്കും നേട്ടമായി. വ്യാപാരത്തിനിടെ ഒരുവേള ഡോളറിനെതിരെ 86 പൈസ വരെ രൂപ മുന്നേറി. വ്യാപാരാന്ത്യം 48 പൈസയുടെ നേട്ടവുമായി 69.73ലാണ് രൂപ. കഴിഞ്ഞവാരം മൂല്യം 70.24 ആയിരുന്നു.