ലക്നൗ: ഉത്തർപ്രദേശിലെ പിന്നാക്ക വികസനക്ഷേമ വകുപ്പ് മന്ത്രി ഒ.പി. രാജ്ഭറിനെ മുഖ്യമന്ത്രി യോഗി ആദിത്യനാഥ് മന്ത്രിസഭയിൽനിന്ന് പുറത്താക്കി. യു.പിയിൽ എസ്.പി - ബി.എസ്.പി സഖ്യം മികച്ച വിജയം നേടുമെന്ന് പ്രഖ്യാപിച്ചതിന് പിന്നാലെയായിരുന്നു പുറത്താക്കൽ. സുഹൽദേവ് ഭാരതീയ സമാജ് പാർട്ടി (എസ്.ബി.എസ്.പി) അദ്ധ്യക്ഷനാണ് രാജ്ഭർ. സഖ്യകക്ഷി മന്ത്രിയായ രാജ്ഭറിനെ മന്ത്രിസഭയിൽനിന്ന് പുറത്താക്കാൻ ഗവർണറോട് ആവശ്യപ്പെട്ടതായി ആദിത്യനാഥിന്റെ ഓഫീസ് ട്വിറ്ററിലൂടെ അറിയിച്ചു. സീറ്റ് ധാരണയുടെ പേരിൽ ബി.ജെ.പിയുമായി അകൽച്ചയിലായിരുന്ന രാജ്ഭർ നേരത്തേ രാജി നൽകിയിരുന്നെങ്കിലും മുഖ്യമന്ത്രി സ്വീകരിച്ചിരുന്നില്ല. എന്നാൽ ലോക്‌സഭ തിരഞ്ഞെടുപ്പിൽ എസ്.ബി.എസ്.പി സ്ഥാനാർത്ഥികളെ നിറുത്തിയതും സംസ്ഥാനത്തെ പ്രതിപക്ഷ മഹാസഖ്യത്തിന് പിന്തുണ പ്രഖ്യാപിച്ചതുമാണ് പുറത്താകലിന് വഴിയൊരുക്കിയത്. ചില സീറ്റുകളിൽ കോൺഗ്രസിനെയും എസ്.ബി.എസ്.പി പിന്തുണച്ചിരുന്നു. അതേസമയം, മുഖ്യമന്ത്രിയുടെ നടപടിയെ സ്വാഗതം ചെയ്യുന്നതായി ഒ.പി. രാജ്ഭർ പ്രതികരിച്ചു. നരേന്ദ്രമോദി വീണ്ടും അധികാരത്തിൽ വരില്ലെന്നും ദളിതരുടെ മകളാവും ഇന്ത്യയിലെ അടുത്ത പ്രധാനമന്ത്രിയെന്നും രാജ്ഭർ അഭിപ്രായപ്പെട്ടിരുന്നു.