ന്യൂഡൽഹി : ബി.ജെ.പി വിരുദ്ധ സഖ്യ ചർച്ചകളുമായി ആന്ധ്രാപ്രദേശ് മുഖ്യമന്ത്രിയും ടി.ഡി.പി നേതാവുമായ ചന്ദ്രബാബു നായിഡു ബംഗാൾ മുഖ്യമന്ത്രി മമതാ ബാനർജിയുമായി കൂടിക്കാഴ്‌ച നടത്തി. ഇന്നലെ വൈകിട്ട് കൽക്കത്തയിലെത്തിയാണ് നായിഡു മമതയെ കണ്ടത്. 'ഞങ്ങൾ രാഷ്ട്രീയം സംസാരിച്ചു. തിരഞ്ഞെടുപ്പ് കമ്മിഷനുമായി ചർച്ചകൾ നടത്തുന്നതിനായി ഡൽഹിക്ക് വരാൻ മമതയോട് അഭ്യർത്ഥിച്ചിട്ടുണ്ട്". കൂടിക്കാഴ്ചയ്‌ക്ക് ശേഷം നായിഡു പറഞ്ഞു. ഇലക്ട്രോണിക് വോട്ടിംഗ് മെഷീനുമായി ബന്ധപ്പെട്ടുള്ള ക്രമക്കേടുകൾ ചൂണ്ടിക്കാട്ടി തിരഞ്ഞെടുപ്പ് കമ്മിഷൻ ഓഫീസ് മുന്നിൽ പ്രതിപക്ഷം പ്രതിഷേധ പ്രകടനങ്ങൾ സംഘടിപ്പിക്കുമെന്നും നായിഡു വ്യക്തമാക്കി.
ലോക്‌സഭാ തിരഞ്ഞെടുപ്പ് ഫലം വരാൻ രണ്ട് ദിവസംമാത്രം ബാക്കിനിൽക്കെ ബി.ജെ.പി ഇതര മുന്നണിക്കായി നായിഡുവിന്റെ നേതൃത്വത്തിൽ സജീവ ചർച്ചകൾ പ്രതിപക്ഷത്ത് നടക്കുന്നത്. രാഹുൽഗാന്ധി, മായാവതി, അഖിലേഷ് യാദവ്, ശരത് യാദവ്, ശരത് പവാർ, അരവിന്ദ് കേജ്‌രിവാൾ, സീതാറാം യെച്ചൂരി തുടങ്ങിയവ പ്രതിപക്ഷ നേതാക്കളെയും നായിഡു കഴിഞ്ഞ ദിവസങ്ങളിൽ കണ്ടിരുന്നു.