election-2019

തിരുനെല്ലായി നാരായണയ്യർ ശേഷൻ എന്ന പേര് രാഷ്ട്രീയ പാർട്ടികളും നേതാക്കളും മറക്കില്ല. രാജ്യത്ത് മുഖ്യ തിരഞ്ഞെടുപ്പു കമ്മിഷണർ എന്നൊരു പദവിയുണ്ടെന്നും, ആ പദവിക്ക് ആർക്കും ചോദ്യം ചെയ്യാനാവാത്ത അധികാരങ്ങളുണ്ടെന്നും നേതാക്കളും രാജ്യത്തെ വോട്ടർമാരും അറിഞ്ഞത് ടി.എൻ. ശേഷൻ മുഖ്യ തിരഞ്ഞെടുപ്പു കമ്മിഷണർ ആയിരിക്കെയാണ്. രാജ്യത്തെ പത്താമത് സി.ഇ.സി. കാലയളവ്: 1990 ഡിസംബർ മുതൽ 1996 ഡിസംബർ വരെ.

അഞ്ചു വർഷം ശേഷൻ മുഖ്യ തിരഞ്ഞെടുപ്പു കമ്മിഷണർ ആയിരുന്ന കാലയളവിൽ നടന്നത് രണ്ട് പൊതു തിരഞ്ഞെടുപ്പുകൾ. രാജ്യം ഭരിച്ചത് അഞ്ചു പ്രധാനമന്ത്രിമാർ. 1996-ലെ ലോക്‌സഭാ തിരഞ്ഞെടുപ്പിൽ പിറന്ന തൂക്കുസഭയ്‌ക്കും തുടർന്നുള്ള രാഷ്‌ട്രീയനാടകങ്ങൾക്കും ശേഷൻ സാക്ഷി. രാജ്യത്തെ തിരഞ്ഞെടുപ്പു രംഗത്ത് ശേഷൻ നടത്തിയത് അക്ഷരാർത്ഥത്തിൽ ശുദ്ധകലശമായിരുന്നു.

പണക്കൊഴുപ്പിന്റെ കൂത്തരങ്ങായിരുന്ന തിരഞ്ഞെടുപ്പുരംഗം ശേഷൻ അടിമുടി പരിഷ്‌കരിച്ചു. തിരഞ്ഞെടുപ്പു ചട്ടങ്ങൾ കടുകർശനമാക്കി. ഓരോ സ്ഥാനാർത്ഥിക്കും മണ്ഡലത്തിൽ ചെലവഴിക്കാവുന്ന പണത്തിന് പരിധിയുണ്ടെന്നും, സ്വീകരിക്കുന്ന സംഭാവനകൾക്ക് കണക്കു സൂക്ഷിക്കണമെന്നും രാഷ്‌ട്രീയകക്ഷികളും നേതാക്കളും അറിഞ്ഞത് ശേഷന്റെ കാലത്താണ്. രാഷ്ട്രീയക്കാരെ സംബന്ധിച്ച് ഏറ്റവും വെറുക്കപ്പെട്ട ഉദ്യോഗസ്ഥൻ കൂടിയായിരുന്നു, 1996- ൽ ഭരണമികവിന് മാഗ്സസെ പുരസ്‌കാരം നേടിയ ടി.എൻ. ശേഷൻ.

നേരത്തേ കേന്ദ്ര കാബിനറ്റ് സെക്രട്ടറിയും ആസൂത്രണ കമ്മിഷൻ അംഗവുമൊക്കെ ആയിരുന്നെങ്കിലും മുഖ്യ തിരഞ്ഞെടുപ്പു കമ്മിഷണറുടെ റോളിലാണ് ശേഷൻ വാർത്തകളിൽ നിറഞ്ഞത്. സർവീസിൽ നിന്ന് വിരമിച്ചതിനു ശേഷം, 1997-ലെ രാഷ്‌ട്രപതി തിരഞ്ഞെടുപ്പിൽ കെ.ആർ.നാരായണന് എതിരെ ശേഷൻ മത്സരിച്ചെങ്കിലും പരാജയപ്പെട്ടു. 2012-ൽ ചെന്നൈ പച്ചൈയപ്പൻ ട്രസ്റ്റിന്റെ ഇടക്കാല അഡ്മിനിസ്ട്രേറ്റർ ആയി മദ്രാസ് ഹൈക്കോടതി ശേഷനെ നിയമിച്ചു. അതിനു ശേഷം വാർത്തകളിൽ നിന്ന് അകന്ന ശേഷന്റെ ആരോഗ്യനില വൈകാതെ ക്ഷയിക്കുകയും മക്കളില്ലാത്ത ആ ദമ്പതികൾ ചെന്നൈയിലെ ഗുരുകുലമെന്ന വൃദ്ധസദനത്തിൽ അന്തേവാസികളായി മാറുകയുമായിരുന്നു.

കഴിഞ്ഞ വർഷം മാർച്ച് 31-ന് ഗുരുകുലത്തിൽ വച്ച് ഭാര്യ ജയലക്ഷ്‌മി മരിച്ചതോടെ ശേഷൻ മൗനിയായി. ഇപ്പോൾ,​ രാജ്യം പതിനേഴാം ലോക്‌സഭാ തിരഞ്ഞെടുപ്പു ഫലത്തിന് കാത്തിരിക്കുമ്പോൾ ഒരിക്കൽ നേതാക്കളുടെ പേടിസ്വപ്‌നമായിരുന്ന ടി.എൻ. ശേഷൻ എൺപത്തിയേഴാം വയസ്സിന്റെ അവശതകളുമായി ഗുരുകുലത്തിലുണ്ട്.

1932 ഡിസംബർ പതിനഞ്ചിന് പാലക്കാട് ജില്ലയിലെ തിരുനെല്ലായിയിലാണ് ശേഷന്റെ ജനനം. പാലക്കാട് ബി.ഇ.എം ഹയർ സെക്കൻഡറി സ്‌കൂളിലും ഗവ. വിക്‌ടോറിയ കോളേജിലുമായി പ്രാരംഭ വിദ്യാഭ്യാസം. ഇന്ത്യയുടെ മെട്രോ മാൻ ഇ. ശ്രീധരനും ശേഷനും ബി.ഇ.എം സ്‌കൂളിൽ സഹപാഠികളായിരുന്നു. ഊർജ്ജതന്ത്രത്തിൽ ശേഷൻ ബിരുദമെടുത്തത് മദ്രാസ് പ്രസിഡൻസി കോളേജിൽ നിന്ന്. കാക്കിനഡയിലെ ജവഹർലാൽ നെഹ്‌റു ടെക്‌നിക്കൽ യൂണിവേഴ്സിറ്റിയിൽ എൻജിനിയറിംഗ് പഠനത്തിന് ശേഷനും ഇ. ശ്രീധരനും പ്രവേശനം കിട്ടിയെങ്കിലും,​ ശേഷൻ ഫിസിക്‌സ് പഠിക്കാൻ മദ്രാസിലേക്ക് പോവുകയായിരുന്നു. ശ്രീധരൻ കാക്കിനഡയ്‌ക്കു പോയി.

പഠിച്ച കോളേജിൽത്തന്നെ മൂന്നു വർഷം ഡെമോൺസ്ട്രറ്റർ ആയി ജോലി ചെയ്‌തു കഴിഞ്ഞപ്പോഴാണ് ടി.എൻ. ശേഷൻ ഐ.എ.എസ് പാസായത്. ഐ.എ.എസ് ആദ്യ ബാച്ചിലെ ഏറ്റവും ഉയർന്ന റാങ്കുകാരിൽ ഒരാളായിരുന്നു ശേഷന്റെ സഹോദരൻ ടി.എൻ. ലക്ഷ്‌മി നാരായണൻ. ആദ്യ തവണ ഐ.എ.എസ് പരീക്ഷയ്‌ക്കുള്ള ശേഷന്റെ അപേക്ഷ തള്ളിയത്,​ അദ്ദേഹത്തിന് പ്രായമായില്ലെന്ന കാരണംകൊണ്ട്. ശേഷൻ നിരാശനായില്ല. ഐ.പി.എസ് എഴുതാൻ അന്ന് ഇരുപത് വയസ്സു മതി. പൊലീസ് സർവീസ് പരീക്ഷയെഴുതിയ ശേഷൻ 1954 ബാച്ചിലെ ഒന്നാം റാങ്കുകാരനായി. അടുത്ത വർഷം ഐ.എ.എസ് എഴുതി,​ ഉയർന്ന റാങ്കോടെ തിരഞ്ഞെടുക്കപ്പെടുകയും ചെയ്‌തു. തമിഴ്‌നാട് കേഡറിൽ നിയമനം. അതിനിടെ ഹാർവാർഡ് സർവകലാശാലയിൽ നിന്ന് പബ്ളിക് അഡ്മിനിസ്ട്രഷനിലും ബിരുദം നേടി. ഡിണ്ടിഗൽ സബ് കളക്‌ടർ ആയിരിക്കെയായിരുന്നു വിവാഹം- 1959 ൽ.

2018 ഏപ്രിൽ രണ്ടിന് മാദ്ധ്യമങ്ങളിൽ വിചിത്രമായൊരു വാർത്ത വന്നു: ടി.എൻ. ശേഷൻ ജീവിച്ചിരിപ്പുണ്ട്! തലേന്നത്തെ ചില ദിനപത്രങ്ങളിൽ അദ്ദേഹം മരിച്ചതായി വന്ന വാർത്തയുടെ തിരുത്തലായിരുന്നു അത്. ഭാര്യ ജയലക്ഷ്‌മി മരണമടഞ്ഞതിനു പിറ്റേദിവസം ശേഷനും അന്തരിച്ചുവെന്നായിരുന്നു,​ വാർത്ത! അങ്ങനെ,​ സ്വന്തം മരണവാർത്ത വായിക്കാനും ശേഷന് അവസരമുണ്ടായി.

ശേഷന്റെ പ്രധാന പരിഷ്‌കാരങ്ങൾ

1. രാജ്യത്ത് ആദ്യമായി വോട്ടർ പട്ടികയിൽ പേരുള്ള എല്ലാവർക്കും തിരിച്ചറിയാൽ കാർഡ്

2. തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം കർശനമായി പാലിക്കുന്നതിനുള്ള നടപടികൾ

3. സ്ഥാനാർത്ഥികൾക്ക് പ്രചാരണത്തിന് ചെലവഴിക്കാവുന്ന തുകയ്‌ക്ക് പരിധി

4. തിരഞ്ഞെടുപ്പു സമയത്ത് വോട്ടർമാരെ സ്വാധീനിക്കാൻ പണം നൽകുന്നതിന് നിരോധനം

5. ഔദ്യോഗിക പദവികൾ പ്രചാരണത്തിന് ഉപയോഗിക്കുന്നതിന് നിയന്ത്രണം

6. തിരഞ്ഞെടുപ്പു കമ്മിഷന് സ്വതന്ത്ര പദവി

9. പ്രചാരണത്തിന് ഉച്ചഭാഷിണികളുടെ ഉപയോഗം നിരോധിച്ചു

10. ജാതിയും മതവും പറഞ്ഞ് വോട്ടു ചോദിക്കുന്നതിന് കർശന നിയന്ത്രണം

11. ആരാധനാ സ്ഥാലങ്ങളിൽ തിരഞ്ഞെടുപ്പ് പ്രചാരണം പാടില്ലെന്ന് ചട്ടം ഏർപ്പെടുത്തി

സുനിൽ അറോറ

ഇരുപത്തിമൂന്നാമത് ചീഫ് ഇലക്ഷൻ കമ്മിഷണർ (നിലവിൽ)

പഞ്ചാബ് സ്വദേശി

1980 ബാച്ച് ഐ.എ.എസ് ഉദ്യോഗസ്ഥൻ

2018 ഡിസംബർ രണ്ടിന് ചുമതലയേറ്റു

2017 സെപ്‌തംബർ മുതൽ ഇലക്‌ഷൻ കമ്മിഷണർ ആയിരുന്നു

ഐ.എ.എസിനു മുമ്പ് കോളേജ് പ്രൊഫസർ

പാക് ഭീകരർ ഇന്ത്യൻ എയർലൈൻസ് വിമാനം കാണ്ടഹാറിലേക്ക് തട്ടിക്കൊണ്ടുപോയ സമയത്ത് ഇന്ത്യൻ എയർലൈൻസിന്റെ സി.എം.ഡി ആയിരുന്നു അറോറ.

നിലവിൽ ഇലക്ഷൻ കമ്മിഷനിലെ മറ്റ് അംഗങ്ങൾ: അശോക് ലവാസ, സുശീൽ ചന്ദ്ര

വോട്ടർ കാർഡ്

വന്ന വഴി

ക്രമക്കേടുകളിൽ മുങ്ങിക്കുളിച്ചുകിടന്ന ഇന്ത്യൻ തിര‌ഞ്ഞെടുപ്പു രംഗത്ത് ടി.എൻ. ശേഷന്റെ ശുദ്ധികലശം വോട്ടർമാർക്ക് തിരിച്ചറിയൽ കാർഡ് എന്ന ആശയം അവതരിപ്പിച്ചുകൊണ്ടായിരുന്നു. ക്രമക്കേടുകൾക്ക് തടസ്സമാകും എന്നതുകൊണ്ടുതന്നെ രാഷ്‌ട്രീയ കക്ഷികൾ എതിർത്തു. വോട്ടേഴ്സ് ഐ.ഡി കാർഡ‌് അനാവശ്യവും ചെലവേറിയതുമാണ് എന്നായിരുന്നു വാദം.

കേന്ദ്ര സർക്കാരിന് നിർദ്ദേശം നൽകി പതിനെട്ടു മാസം പിന്നിട്ടിട്ടും അനുകൂല മറുപടി ലഭിക്കാതിരുന്നപ്പോൾ ടി.എൻ. ശേഷൻ പ്രഖ്യാപനം നടത്തി: വോട്ടേഴ്സ് ഐ.ഡി കാർഡ് ഇല്ലാതെ 1995 ജനുവരി ഒന്നിനു ശേഷം രാജ്യത്ത് ഒരു തിരഞ്ഞെടുപ്പും നടക്കില്ല! പല ഉപതിരഞ്ഞെടുപ്പുകളും മാറ്റിവയ്‌ക്കപ്പെട്ടു.

ഒടുവിൽ സുപ്രീം കോടതി ഇടപെട്ടു. വോട്ടവകാശം പൗരാവകാശമാണെന്നും, തിരിച്ചറിയൽ കാർഡ് ഇല്ലെന്ന കാരണത്താൽ തിരഞ്ഞെടുപ്പുകൾ സമയ പരിധിയില്ലാതെ നീട്ടിവയ്‌ക്കാനാവില്ലെന്നും സുപ്രീം കോടതി ഉത്തരവിട്ടു.ഗത്യന്തരമില്ലാതെ സർക്കാരിന് വഴങ്ങേണ്ടിവന്നു. 1996-ഓടെ, മുഖ്യ തിരഞ്ഞെടുപ്പു കമ്മിഷണർ പദവിയിൽ ശേഷന്റെ അവസാന വർഷം വോട്ടേഴ്സ് ഐ.ഡി കാർഡ് പ്രാബല്യത്തിലായി. ആദ്യഘട്ടമായി ആ വർഷം 20 ലക്ഷം പേർക്ക് തിരിച്ചറിയൽ കാർഡ് ലഭിച്ചു.