സാൻ ഫ്രാൻസിസ്‌ക്കോ: ചൈനീസ് സ്മാർട്ട്ഫോൺ കമ്പനിയായ വാവെയുമായുള്ള ബിസിനസുകൾ അവസാനിപ്പിക്കാനൊരുങ്ങി അമേരിക്കൻ സോഫ്റ്റ്‌വെയർ ഭീമൻ ഗൂഗിൾ. അമേരിക്കൻ പ്രതിരോധ വിവരങ്ങൾ ചൈനീസ് സ്മാർട്ട്ഫോൺ കമ്പനികൾ ചോർത്തുന്നുവെന്ന ആരോപണം ഉയർന്നിരുന്നു. ഇതിനെ തുടർന്ന് അമേരിക്കൻ സർക്കാർ വാവെയ് ഫോണുകളെ ബ്‌ളാക്ക്‌ലിസ്റ്റിൽ പെടുത്താനും ആലോചിച്ചിരുന്നു. ഇതിന്റെ തുടക്കമെന്നോണമാണ് ഗൂഗിൾ വാവെയുമായുള്ള ഭൂരിഭാഗം ബിസിനസുകളും നിർത്താൻ ആലോചിക്കുന്നത്.
എന്നാൽ നിലവിൽ വാവെയുടെ ഫോണുകൾ ഉപയോഗിക്കുന്നവർക്ക് തുടർന്നും ഗൂഗിളിന്റെ സേവനങ്ങൾ ലഭ്യമാകും. വാവെയ് ഫോണുകളിൽ ഗൂഗിളിന്റെ ആപ്പുകൾ ഡൗൺലോഡ് ചെയ്യാനും അപ്ഡേറ്റ് ചെയ്യാനും സാധിക്കുന്നതാണ്. തങ്ങൾക്ക് ലഭിച്ച നിർദ്ദേശങ്ങൾ തങ്ങൾ നടപ്പികൾ വരുത്തുക മാത്രമാണ് ചെയ്യുന്നതെന്നാണ് ഗൂഗിൾ വക്താക്കൾ പറയുന്നത്. ഗൂഗിളിന്റെ ആപ്പ് ഡൗൺലോഡിങ്ങ് പ്ലാറ്റ്ഫോമായ പ്ലേയും സുരക്ഷാ ആപ്പായ ഗൂഗിൾ പ്ലേ പ്രൊട്ടക്റ്റും തുടർന്നും യൂസേഴ്സിന് ഉപയോഗിക്കാമെന്നും ഗൂഗിൾ പറയുന്നുണ്ട്.
എന്നാൽ ഗൂഗിളിന്റെ ഓപ്പറേറ്റിംഗ് സിസ്റ്റമായ ആൻഡ്രോയിഡിന്റെ അപ്ഡേഷനുകൾ ഇന്ത്യക്ക് പുറത്ത് ലഭ്യമാകില്ലെന്നാണ് വിവരങ്ങൾ. ഇത് വാവെയുടെ ചൈനക്ക് പുറത്തുള്ള സ്മാർട്ട്ഫോൺ വ്യാപാരത്തെയും ബാധിക്കാൻ ഇടയുണ്ട്. വാവെയുടെ സ്മാർട്ട്ഫോണുകളുടെ പുതിയ പതിപ്പുകൾ വിപണിയിൽ ഇറങ്ങുമ്പോൾ അവയിലും ഗൂഗിൾ പ്ലേയും മറ്റ് സേവനങ്ങളും ലഭിക്കാതിരിക്കാനും ഇടയുണ്ട്. ഇക്കൂട്ടത്തിൽ യൂട്യൂബ്, ജി മെയിൽ തുടങ്ങിയ ആപ്പുകളും പെടും. പൊതുവിൽ ലഭ്യമായ ഗൂഗിളിന്റെ ആൻഡ്രോയിഡ് പ്ലാറ്റുഫോമുകൾ മാത്രമാണ് വാവെയ് ഫോണുകളിൽ തുടർന്നും ഉപയോഗിക്കാൻ സാധിക്കുകയെന്നും ഗൂഗിളിന് ഉടമസ്ഥതയുള്ള പ്ലാറ്റ്‌ഫോമുകളും സേവനങ്ങളും വാവെയ് ഫോണുകളിൽ ലഭ്യമാകില്ലെന്നും ഗൂഗിൾ വ്യക്തമാക്കിയിട്ടുണ്ട്. എന്നാൽ കൂടുതൽ വിവരങ്ങൾ പുറത്തുവിടാൻ ഗൂഗിൾ വക്താക്കൾ തയാറായില്ല.
വ്യാഴാഴ്ചയാണ് വാവെയെ ബ്ളാക്ക്ലിസ്റ്റിൽ പെടുത്താനുള്ള ട്രംപ് ഭരണകൂടത്തിന്റെ തീരുമാനം വരുന്നത്. ഇത് ഉടൻ തന്നെ നടപ്പിൽ വരുത്തുമെന്നും അമേരിക്കൻ സർക്കാർ പറഞ്ഞിരുന്നു. നിരോധനം വരുന്നതോടെ വാവെയുടെ അമേരിക്കൻ ബിസിനസിനെ മാത്രമല്ല ആഗോള വിപണിയെയും ഇത് ബാധിക്കാൻ സാധ്യതയുണ്ട്.അമേരിക്കൻ സർക്കാരിന്റെ കൊമേഴ്‌സ് വിഭാഗമാണ് ഈ തീരുമാനം എടുക്കുന്നത്.
തങ്ങളുടെ നെറ്റ്‌വർക്ക് ഓപറേഷനുകളിലും ഉപകാരണങ്ങളിലുമുള്ള കടന്നുകയറ്റം ഒഴിവാക്കാനാണ് ഈ തീരുമാനത്തിലേക്ക് എത്തിയതെന്നും ഇവർ പറയുന്നുണ്ട്. ഇതുമൂലം മൊബൈൽ സോഫ്റ്റ് വെയറുകൾ ഉപയോഗിക്കാനുള്ള വാവെയുടെ സ്വാതന്ത്ര്യം തടസ്സപ്പെടുമോ എന്നുള്ള കാര്യത്തിൽ വ്യക്തതയില്ല. ഈ നിരോധനം തങ്ങൾക്ക് എത്രത്തോളം ദോഷം വരുത്തിവയ്ക്കുമെന്ന് വാവെയുടെ അഭിഭാഷകർ കണക്കാക്കി കൊണ്ടിരിക്കുകയാണ്. എന്നാൽ ഇക്കാര്യത്തിൽ കൂടുതൽ പ്രതികരിക്കാൻ അവർ തയാറായില്ല.
അതേസമയം, ഹാർഡ് വെയർ, ചിപ്പ് നിർമ്മാതാക്കളായ ഇന്റൽ, ക്വാൽകോം, ക്‌സിലിങ്സ്, ബ്രോഡ്കോം, എന്നിവർ ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നതുവരെ വാവെയ്ക്ക് തങ്ങൾ സോഫ്റ്റ് വെയറുകളും മറ്റ് ഉപകരണങ്ങളും നൽകില്ലെന്നും അറിയിച്ചിട്ടുണ്ട്.