കൊച്ചി: എക്‌സിറ്റ് പോളുകൾ തുടർഭരണം പ്രവചിച്ചതോടെ, ഇന്നലെ മാത്രം സെൻസെക്‌സിലെ നിക്ഷേപകർ സ്വന്തമാക്കിയ നേട്ടം 5.24 ലക്ഷം കോടി രൂപയാണ്. 146.58 ലക്ഷം കോടി രൂപയിൽ നിന്ന് 151.82 ലക്ഷം കോടി രൂപയായാണ് സെൻസെക്‌സിന്റ മൂല്യം ഉയർന്നത്. എസ്.ബി.ഐ, യെസ് ബാങ്ക്, ഇന്ത്യ ബുൾസ് ഹൗസിംഗ് ഫിനാൻസ്, ഐ.സി.ഐ.സി.ഐ ബാങ്ക്, മാരുതി സുസുക്കി, എച്ച്.ഡി.എഫ്.സി, സിപ്ള, ഭാരതി എയർടെൽ, ഹീറോ മോട്ടോകോർപ്പ്, ഒ.എൻ.ജി.എസി എന്നിവ ഇന്നലെ ആറു മുതൽ 12 ശതമാനം വരെ നേട്ടമുണ്ടാക്കി. ഇൻഫോസിസ്, ഡോ. റെഡ്ഡീസ് ലാബ്, ബജാജ് ഓട്ടോ എന്നിവയ്ക്ക് നേട്ടത്തിന്റെ വണ്ടി പിടിക്കാനായില്ല.
മോദിയും ഓഹരികളും
നരേന്ദ്ര മോദി പ്രധാനമന്ത്രി പദത്തിലേറിയ 2014-15 സാമ്പത്തിക വർഷത്തിൽ സെൻസെക്‌സിന്റെ തുടക്കം 24,716 പോയിന്റിൽ, നിഫ്‌റ്റി തുടങ്ങിയത് 8,341ൽ.
ഇന്നലെ സെൻസെക്‌സുള്ളത് 39,352ൽ. നിഫ്‌റ്രി 11,828.
മോദിക്കാലത്തെ മുന്നേറ്രം സെൻസെക്‌സ്: 14,636 പോയിന്റ്; നിഫ്‌റ്രി: 3,487 പോയിന്റ്.
40,000
2019 ഏപ്രിൽ ഒന്നിനാണ് സെൻസെക്‌സ് ആദ്യമായി 39,000 കടന്നത്. ഏപ്രിൽ 18ന് കുറിച്ച 39,487 ആണ് റെക്കാഡ്.നിഫ്‌റ്രി അന്നെത്തിയത് 11,856ൽ. മോദി പ്രഭാവം തുടർന്നാൽ സെൻസെക്‌സ് 40,000വും നിഫ്‌റ്റി 12,000വും ഈയാഴ്‌ച തന്നെ കടക്കും.
പ്രവചനം പാളിയാൽ?
എക്‌സിറ്ര് പോളുകൾക്ക് വിരുദ്ധമാണ് മേയ് 23ന് പുറത്തുവരുന്ന യഥാർത്ഥ ഫലമെങ്കിൽ ഓഹരികൾ കൂപ്പുകുത്തും. എന്നാൽ, ഇക്കുറി എക്‌സിറ്ര് പോളുകൾ ചതിക്കില്ലെന്ന വിശ്വാസത്തിലാണ് നിക്ഷേപകർ.