gold

കൊച്ചി: കേന്ദ്രസർക്കാരിന് ആശങ്ക നൽകി കഴിഞ്ഞമാസം ഇന്ത്യയിലേക്കുള്ള സ്വർണം ഇറക്കുമതി 54 ശതമാനം ഉയർന്നു. 397 കോടി ഡോളറിന്റെ സ്വർണമാണ് കഴിഞ്ഞമാസം ഇന്ത്യ വാങ്ങിയത്. സ്വർണം ഇറക്കുമതിക്കായി വൻതോതിൽ വിദേശനാണ്യം ചെലവഴിക്കേണ്ടി വരുന്നത് ഇന്ത്യയുടെ വ്യാപാരക്കമ്മിയും കറന്റ് അക്കൗണ്ട് കമ്മിയും കൂടാൻ ഇടവരുത്തുന്നുണ്ട്.

കയറ്റുമതി വരുമാനവും ഇറക്കുമതി ചെലവും തമ്മിലെ അന്തരമാണ് വ്യാപാരക്കമ്മി. ഇന്ത്യയിലേക്കുള്ള വിദേശ നാണയത്തിന്റെ വരവും കൊഴിഞ്ഞുപോക്കും തമ്മിലെ വ്യത്യാസമാണ് കറന്റ് അക്കൗണ്ട് കമ്മി. സ്വർണം ഇറക്കുമതി മതി കുത്തനെ കൂടിയതിന്റെ പശ്‌ചാത്തലത്തിൽ ഏപ്രിൽ വ്യാപാരക്കമ്മി റെക്കാഡ് ഉയരമായ 1,533 കോടി ഡോളറിൽ എത്തിയിട്ടുണ്ട്. 2018 ഏപ്രിലിൽ സ്വർണം ഇറക്കുമതി 258 കോടി ഡോളറിന്റേതായിരുന്നു.

കഴിഞ്ഞ സാമ്പത്തിക വർഷത്തെ മൂന്നാംപാദ കണക്കുപ്രകാരം ജി.ഡി.പിയുടെ 2.5 ശതമാനത്തിലേക്ക് കറന്റ് അക്കൗണ്ട് കമ്മി ഉയർന്നിരുന്നു. 2017-18ൽ ഇത് 2.1 ശതമാനമായിരുന്നു. ഇക്കഴിഞ്ഞ മാർച്ചിലും സ്വർണം ഇറക്കുമതി 31 ശതമാനം വർദ്ധിച്ചു. ലോകത്ത് ഏറ്റവുമധികം സ്വർണം ഇറക്കുമതി ചെയ്യുന്ന രാജ്യമാണ് ഇന്ത്യ. പ്രതിവർഷം 800-900 ടൺ ആണ് ഇന്ത്യ വാങ്ങുന്നത്. നിലവിൽ സ്വർണം ഇറക്കുമതിക്ക് പത്തു ശതമാനം ഇറക്കുമതി ചുങ്കമുണ്ട്. വ്യാപാരക്കമ്മിയും കറന്റ് അക്കൗണ്ട് കമ്മിയും നിയന്ത്രിക്കുന്നതിന്റെ ഭാഗമായി, ചുങ്കം കൂട്ടാൻ കേന്ദ്രത്തിൽ അധികാരത്തിലേറുന്ന പുതിയ സർക്കാർ മുതിർന്നേക്കും.