trump-warns-iran-

വാഷിംഗ്ടൺ: നയതന്ത്ര ബന്ധം വഷളാക്കി ഇറാന് അമേരിക്കയുടെ ഭീഷണി. ഇനിയും തങ്ങൾക്കു നേരെ ഏറ്റുമുട്ടാനാണ് ഇറാൻ ആഗ്രഹിക്കുന്നതെങ്കിൽ, അത് ഇറാന്റെ ഔദ്യോഗിക അവസാനമായിരിക്കുമെന്ന് അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് കടുത്ത മുന്നറിയിപ്പ് നൽകി. കഴിഞ്ഞദിവസം രാത്രിയിൽ ബാഗ്ദാദിലെ അമേരിക്കൻ എംബസിക്ക് സമീപം റോക്കറ്റ് പതിച്ചതാണ് ഏറ്റവുമൊടുവിൽ അമേരിക്കയെ ചൊടിപ്പിച്ചത്. ട്വിറ്ററിലൂടെയാണ് ഇറാന് ഭീഷണിയുമായി ട്രംപെത്തിയത്.

ഏറെനാളുകളായി ഇരുരാജ്യങ്ങളും തമ്മിൽ സംഘർഷസാദ്ധ്യത നിലനിൽക്കുകയാണ്. സഖ്യരാജ്യങ്ങൾക്ക് ഭീഷണിയുയർത്തുന്നതായി ചൂണ്ടിക്കാണിച്ച് ഗൾഫ് മേഖലയിൽ അമേരിക്ക വിമാനവാഹിനിക്കപ്പലും ബോംബർ വിമാനങ്ങളും വിന്യസിച്ചിരുന്നു. തുടർന്ന് ദുബായ് തീരത്തിനു സമീപം സൗദിയുടെ ഉൾപ്പെടെയുള്ള എണ്ണക്കപ്പലുകൾക്കു നേരെ ആക്രമണം നടന്നതിന് പിന്നിൽ ഇറാനാണെന്ന് അമേരിക്ക ആരോപിച്ചിരുന്നു. 2015ലെ ആണവകരാറിൽ നിന്ന് പിന്മാറിയതിന് ശേഷം ശക്തമായ സാമ്പത്തിക ഉപരോധ നടപടികളാണ് അമേരിക്ക ഇറാനെതിരെ സ്വീകരിച്ചുപോന്നത്. ഇറാനിൽനിന്ന് എണ്ണ വാങ്ങുന്ന ഇന്ത്യ, ചൈന ഉൾപ്പെടെയുള്ള രാജ്യങ്ങളെയും അമേരിക്ക പിന്തിരിപ്പിക്കാൻ ശ്രമിച്ചിരുന്നു.

അതേസമയം, മേഖലയിൽ യുദ്ധസാഹചര്യം ഇല്ലെന്നും ഇറാനെ ആക്രമിക്കാൻ ആരെങ്കിലും തുനിയുമെന്നു കരുതുന്നില്ലെന്നും അമേരിക്കയുടെ മുന്നറിയിപ്പിനോട് ഇറാൻ വിദേശകാര്യമന്ത്രി പ്രതികരിച്ചു.

 ബാലിസ്റ്റിക് മിസൈലുകൾ സൗദി വ്യോമസേന തകർത്തു

മക്കയെയും ജിദ്ദയെയും ലക്ഷ്യം വച്ചുള്ള രണ്ട് ബാലിസ്റ്റിക് മിസൈലുകൾ സൗദി അറേബ്യ വ്യോമസേന വെടിവച്ചിട്ടു. ഹൂതികളാണ് ആക്രമണത്തിന് പിന്നിലെന്ന് സൗദി അറേബ്യ ആരോപിച്ചു.

മക്കയെ ലക്ഷ്യം വച്ചുള്ള ഹൂതികളുടെ മിസൈലാക്രമണം ഇതാദ്യമായിട്ടല്ല. 2017 ജൂലായിൽ നടന്ന ശക്തമായ ആക്രമണം സൗദി സൈന്യം തകർത്തിരുന്നു. ഇറാനാണ് ഹൂതികൾക്ക് പിന്നിൽ പ്രവർത്തിക്കുന്നതെന്നാണ് സൗദിയുടെ ആരോപണം.

 പ്രശ്നപരിഹാരത്തിന് സൗദി

പ്രദേശത്ത് ഉടലെടുത്തിരിക്കുന്ന സംഘർഷാവസ്ഥ പരിഹരിക്കാൻ അടിയന്തരമായി പ്രാദേശിക ചർച്ചകൾ നടത്തണമെന്ന് സൗദി ആവശ്യപ്പെട്ടു. ഈ മാസം 30ന് മക്കയിൽ നടക്കാനിരിക്കുന്ന രണ്ട് അടിയന്തര യോഗങ്ങളിലേക്കു ഗൾഫ് നേതാക്കളെയും അറബ് ലീഗ് അംഗങ്ങളെയും സൗദി ഭരണാധികാരി സൽമാൻ രാജാവ് ക്ഷണിച്ചിട്ടുണ്ട്.

 ഇന്ത്യ കുഴങ്ങും

ആണവായുധത്തിന്റെ പേരിൽ അമേരിക്കയ്ക്ക് ഇറാനോടുള്ള ശത്രുത ഇന്ത്യയുടെ എണ്ണ ഇറക്കുമതിയെ സാരമായി ബാധിക്കും. എണ്ണ ഇറക്കുമതിയിൽ ഇന്ത്യയ്ക്ക് നൽകിയിരുന്ന ഇളവ് അമേരിക്ക പിൻവലിച്ചു. ഇറാനിൽനിന്ന് എണ്ണ ഇറക്കുമതി ചെയ്താൽ അമേരിക്കയുടെ ഉപരോധം ഇന്ത്യയ്ക്ക് നേരെയും ഉണ്ടാകും. അതിനാൽ ഇറാനിൽനിന്ന് എണ്ണയുടെ ഇറക്കുമതി ഇന്ത്യ കുറച്ചേക്കും. അമേരിക്കയുടെ സാമ്പത്തിക ഉപരോധങ്ങൾ ശക്തമായ സമ്മർദ്ദമാണ് ഇറാന് നൽകുന്നത്.

 2002- ഇറാൻ ആണവായുധനിർമാണത്തിന് ഒരുങ്ങുന്നുവെന്ന വാർത്തവരുന്നു

 ഇറാനുമായുള്ള 2015 ലെ ആണവകരാറിൽനിന്ന് അമേരിക്ക പിന്മാറി

 ഇറാനിൽ നിന്ന് ഏറ്റവും കൂടുതൽ എണ്ണവാങ്ങുന്ന ഒന്നാമത്തെ രാജ്യം ചൈന. ഇന്ത്യയ്ക്ക് രണ്ടാം സ്ഥാനം

 ജപ്പാനും തെക്കൻ കൊറിയയുമാണ് മറ്റ് പ്രധാന ഉപഭോക്താക്കൾ